അന്യഗ്രഹ ജീവികള്‍ വര്‍ഷങ്ങളായി ഭുമിയില്‍

Webdunia
തിങ്കള്‍, 3 മെയ് 2010 (12:56 IST)
PRO
അന്യഗ്രഹജീവികള്‍ ദശാബ്ദങ്ങളായി ഭൂമി സന്ദര്‍ശിക്കുന്നുണ്ടെന്ന് കനേഡിയന്‍ പ്രതിരോധ മന്ത്രി പോള്‍ ഹെല്യര്‍. അന്യഗ്രഹജീവികളെ തേടി ഭൌതിക ശാസ്ത്രജ്ഞര്‍ അയക്കുന്ന സന്ദേശങ്ങളും ഉപഗ്രഹങ്ങളും ചിലപ്പോള്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്സിന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യരാശിയെ ശല്യപ്പെടുത്താതെ ദശാബ്ദങ്ങളായി അന്യഗ്രഹജീവികള്‍ ഭൂമി സന്ദര്‍ശിച്ച് മടങ്ങുന്നുണ്ട്. ഇത്തരത്തില്‍ അന്യഗ്രഹജീവികള്‍ വന്ന് മടങ്ങിയ ആകാശയാനത്തില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് മനുഷ്യന്‍ ഇന്ന് കാണുന്ന മൈക്രൊ ചിപ്പും ഐടി വിപ്ലവവുമൊക്കെ ഉണ്ടായതെന്നും പോള്‍ ഹെല്യര്‍ പറഞ്ഞു.

ദശാബ്ദങ്ങളല്ല ചിലപ്പോള്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളായി അന്യഗ്രഹജീവികള്‍ ഭൂമിയിലെത്തുന്നുണ്ടാവാം. ഇത് മനുഷ്യന്‍ തിരിച്ചറിയുന്നില്ല എന്നേയുള്ളു. നമ്മുടെ കമ്പ്യൂട്ടര്‍ സ്ക്രീനുകള്‍ അന്യഗ്രഹജീവികളുടെ ആകാശയാനത്തിന്‍റെ സംഭാവനയാണ്. ഫൈബര്‍ ഒപ്റ്റിക്സും, മൈക്രോ ചിപ്പുകളുമെല്ലാം അന്യഗ്രജീവികളെത്തിയ തകര്‍ന്ന വാഹനങ്ങളില്‍ നിന്ന് ലഭിച്ചവയാണ്.

ഹോക്കിംഗ്സ് നടത്തിയ പ്രസ്താവന ജനങ്ങളെ ഭയപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇത്രയും സുപ്രധാനമായൊരു വിഷയത്തെക്കുറിച്ച് അദ്ദേഹത്തെപ്പോലൊരു ശാസ്ത്രജ്ഞന്‍ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നുവെന്നും ഹെല്യര്‍ വ്യക്തമാക്കി. ഭൂമിയ്ക്ക്‌ പുറത്ത്‌ ജീവനുണ്‌ടെന്നും എന്നാല്‍ അവയോട്‌ ബന്ധം പുലര്‍ത്താതിരിയ്ക്കാന്‍ ശ്രമിയ്ക്കുന്നതാവും മനുഷ്യന്‌ നല്ലതെന്നും ഹോക്കിംഗ്‌സ് പറഞ്ഞിരുന്നു.