മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട പാക് ഭീകരന്‍ അജ്മല്‍ കസബ് താന്‍ പഠിപ്പിച്ച കസബാണെന്ന് കരുതുന്നില്ലെന്ന് അധ്യാപിക. മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ കേള്‍ക്കുന്ന ഇസ്ലാമാബാദിലെ തീവ്രവാദ-വിരുദ്ധ കോടതിയിലാണ് കസബിന്റെ അധ്യാപിക മൊഴി നല്‍കിയത്. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയാണ് കസബ് പഠിച്ച ഫരീദ്കോട്ട് പ്രൈമറി സ്കൂളിലെ അധ്യാപിക. 'അജ്മലിനെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അത് മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ടയാളല്ല. ഞാന്‍ പഠിപ്പിച്ച അജ്മല്‍ ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.'- അധ്യാപിക കോടതിയില്‍ പറഞ്ഞു.
തൂക്കിലേറ്റപ്പെട്ട അജ്മല്‍ തന്റെ സ്കൂളില്‍ പഠിച്ചിട്ടില്ലെന്നു പറഞ്ഞ അധ്യാപിക സ്കൂള്‍ രേഖകളും ഹാജരാക്കി. കസബിന്റെ മൊഴി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ, കേസിലെ മറ്റോരു സാക്ഷി കൂടിയായ, പഞ്ചാബ് നമല്‍ യൂണിവേഴ്സിറ്റിയിലെ അധ്യാപികയും കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍, പ്രതിഭാഗം അഭിഭാഷകന്‍ എതിര്‍ത്തതിനാല്‍ മൊഴിയുടെ വിവര്‍ത്തനം ഹാജരാക്കാന്‍ അധ്യാപികയ്ക്കായില്ല. കസബിന്റെ മൊഴി കേസില്‍ ഇനിയും ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം എതിര്‍ത്തത്. കേസില്‍ മേയ് 14ന് ശേഷം വിചാരണ തുടരും.
ഇരുപത്തിയഞ്ചുകാരനായ പാക് പൗരന്‍ അജ്മല്‍ കസബ് മാത്രമായിരുന്നു മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ ഏക ഭീകരന്‍. ആര്‍തര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന കസബിന്റെ വധശിക്ഷ 2012 നവംബര്‍ 21നാണ് നടപ്പാക്കിയത്. 166 പേരാണ് 2008 നവംബറില്‍ നടന്ന മുംബയ് ഭീകരാക്രമണ പരമ്പരയില്‍ കൊല്ലപ്പെട്ടത്.