സൗഹൃദം: റോണോ, കാക ടീമില്‍

ഇംഗ്ലണ്ടിനെതിരെയുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോളിന്‌ കാകയും റൊണാള്‍ഡീഞ്ഞോയും ബ്രസീല്‍ ടീമില്‍ കളിക്കും. ന്യൂ വെംബ്ലി സ്റ്റേഡിയത്തില്‍ ജൂണ്‍ ഒന്നിനാണ്‌ സൗഹൃദ മല്‍സരം.

ബാഴ്‌സിലോണയ്ക്കും രാജ്യത്തിനുമായി ഒട്ടേറെ മല്‍സരങ്ങള്‍ കളിക്കേണ്ടി വന്നിരുന്നതിനാല്‍ റൊണാള്‍ഡീഞ്ഞോ കോപ അമേരിക്ക കാപ്പില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന്‌ അഭ്യര്‍ത്ഥിച്ചിരുന്നു. അതിനും ഒരാഴ്ച മുമ്പേ സമാന സാഹചര്യത്തില്‍ കാകയും ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആഗ്രഹം അറിയിച്ചിരുന്നു.

പുതിയ പരിശീലകന്‍ ഡുംഗ ഇംഗ്ലണ്ടിനെതിരെ ഒന്നാം നിര ടീമിനെ തന്നെയാണ്‌ പരീക്ഷിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്‌.ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നവരില്‍ ആഴ്‌സണല്‍ ക്ലബ്ബിന്‍റെ മിഡ്‌ ഫീല്‍ഡര്‍ ഗില്‍ബര്‍ട്ടോ സില്വ മാത്രമാണ്‌ ടീമില്‍ എത്തിയിരിക്കുന്ന ഒരേയൊരാള്‍.

ജൂണ്‍ 26 നു തുടങ്ങുന്ന കോപ അമേരിക്ക മല്‍സരങ്ങള്‍ക്കായി ടീമിനെ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ്‌ സൗഹൃദ മല്‍സരം. അതേ സമയം പഴയ പടക്കുതിരകളായ റൊണാള്‍ഡോ, രയല്‍ താരം റോബര്‍ട്ടോ കാര്‍ലോസ്‌ എന്നിവര്‍ ടീമില്‍ ഇല്ല.

വെബ്ദുനിയ വായിക്കുക