പുകവലി വീണ്ടും ഷാരൂഖിന് പുലിവാലായി

ശനി, 25 ഏപ്രില്‍ 2009 (18:36 IST)
IFMIFM
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പുകവലി വിരോധികളുടെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. കിംഗ് ഖാന്‍റെ സിഗരറ്റ് വലി ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ഐപി‌എല്‍ മത്സരത്തിനിടെ ഷാരൂഖ് സിഗരറ്റ് വലിക്കുന്ന ദൃശ്യം ചാനല്‍ സം‌പ്രേഷണം ചെയ്തതാണ് പുതിയ വിവാദത്തിനിടയാക്കിയത്.

ചൊവ്വാഴ്ച പഞ്ചാബ് കിംഗ്സ് ഇലവനും സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ടെന്‍ഷന്‍ സഹിക്കാനാകാതെ സിനിമാസ്റ്റൈലില്‍ കിംഗ് ഖാന്‍ ഒരു സിഗരറ്റിന് തീ കൊളുത്തിയത്. സിഗരറ്റിന് തീ പിടിച്ചതും കാ‍ത്തുനിന്ന ക്യാമറകള്‍ ദൃശ്യം ഒട്ടും ഭംഗി ചോരാതെ ഒപ്പിയെടുത്തു. കളിക്കിടെ അല്‍‌പം മസാലയും ചേര്‍ത്ത് വില്‍ക്കാമല്ലോ എന്ന് മാത്രമായിരുന്നു ക്യാമറാമാന്‍‌മാരുടെ ഉദ്ദേശ്യം.

പക്ഷേ സംഗതി പുലിവാലായി. ടെന്‍ഷന്‍ നിറഞ്ഞ മുഖത്തോടെ സിഗരറ്റ് ആഞ്ഞുവലിക്കുന്ന ഷാരുഖിന്‍റെ ചിത്രം സം‌പ്രേഷണം ചെയ്യേണ്ട താമസം... ദാ ഉണര്‍ന്നു പുകവലി വിരോധികളായ സമൂഹ്യ സ്നേഹികള്‍.... ഐപി‌എല്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തില്‍ പുകവലി നിരോധിക്കണമെന്ന് ഇവര്‍ ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.

നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടുബാകോ ഇറാഡിക്കേഷന്‍(നോട്ട്) എന്ന സംഘടനയാണ് ഷാരൂഖിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പുകവലി വിരുദ്ധ കൌണ്‍സിലുമായി ബന്ധപ്പെട്ട് ഇതിനെതിരെ പ്രതികരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. ഇനി മേലില്‍ ഇത്തരം ദൃശ്യങ്ങള്‍ സം‌പ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ഐപി‌എല്‍ സം‌പ്രേഷണം ചെയ്യുന്ന സൂപ്പര്‍ സ്പോര്‍ട്സിനും അവര്‍ കത്തെഴുതിയിട്ടുണ്ട്.

ക്രിക്കറ്റ് സ്റ്റേഡിയത്തിലും മറ്റും പുകവലി നിരോധിച്ചുകൊണ്ടുള്ള നിയമം ദക്ഷിണാഫ്രിക്കയില്‍ നിലവിലില്ലാത്തതിനാല്‍ കിംഗ് ഖാന്‍ തല്‍‌ക്കാലം രക്ഷപെട്ടു. ഈ ശ്രമം പാളിയതോടെ ഖാന്‍റെ ദീര്‍ഘായുസിനായി പുകവലി ഉപേക്ഷിക്കാന്‍ നേരിട്ട് അഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് നോട്ട്.

ഏതായാലും ഐപി‌എല്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയതിന് കിംഗ് ഖാന്‍റെ ആരാധകര്‍ ഇപ്പോള്‍ ദൈവത്തിനും കേന്ദ്രസര്‍ക്കാരിനും നന്ദി പറയുന്നുണ്ടാവും. കാരണം ഇന്ത്യയിലെങ്ങാനുമായിരുന്നു ഖാന്‍സാബ് സിഗരറ്റ് ഊതിക്കളിച്ചിരുന്നതെങ്കില്‍ പിന്നെ ഇഷ്ടതാരത്തിന്‍റെ കാര്യം കട്ടപ്പുക ആയേനേ!

വെബ്ദുനിയ വായിക്കുക