സൂററ്റ് എന്ന മായാനഗരം

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (14:29 IST)
PRO
ഗുജറാത്ത് ഒരു സ്വപ്നഭൂമിയാണ്. ഏതുഭാഗത്തേക്ക് കണ്ണുതുറന്നാലും മനോഹാരിത മാത്രം ദൃശ്യമാകുന്ന സുന്ദരഭൂമി. ഭൂകമ്പമോ കലാപങ്ങളോ ഗുജറാത്തിനെ ചുവപ്പിച്ചിട്ടുണ്ടാകാം. എങ്കിലും ഇവിടത്തെ സ്ഥായിയായ നിറം പച്ചയാണ്. പ്രത്യേകിച്ചും സൂററ്റ് എന്ന മായാനഗരത്തിന്.

നഗരത്തിന്‍റെ അനുപേക്ഷണീയമായ തിരക്കുകള്‍ സൂററ്റിന്‍റെ സൌന്ദര്യത്തെ ഒരിക്കലും ബാധിച്ചിട്ടില്ല. വ്യവസായവും വിനോദ സഞ്ചാരവും അനുപൂരകങ്ങളായി മാറുന്ന അസുലഭ അനുഭവമാണ് തെക്കന്‍ ഗുജറാത്തിലെ ഈ മനോഹര നഗരത്തെ വ്യത്യസ്തമാക്കുന്നത്.

അഹമ്മദാബാദില്‍ നിന്ന് 234 കിലോമീറ്ററും വഡോദരയില്‍ നിന്ന് 131 കിലോമീറ്ററും മുംബൈയില്‍ നിന്ന് 297 കിലോമീറ്ററും അകലെയുള്ള ഈ പട്ടണം വജ്രത്തിന്‍റെയും പട്ടിന്‍റെയും കലവറയാണ്. ഡയമണ്ട് സിറ്റിയെന്നും സില്‍ക്ക് സിറ്റിയെന്നും പേരെടുത്ത സൂററ്റിനെ ക്ഷേത്രങ്ങളും പള്ളികളും കോട്ടകളും സ്മാരകങ്ങളും പകര്‍ന്ന് നല്‍കുന്ന കാല്‍‌പനികതയാണ് സഞ്ചാരികളുടെ മുഖ്യ ലക്‍ഷ്യസ്ഥാനമാക്കുന്നത്.

പട്ടണത്തിലെ പ്രധാന അഗ്‌നിക്ഷേത്രമാണ് പാര്‍സി അഗിയാരി. പാര്‍സി അഗ്നി ക്ഷേത്രങ്ങളുടെ ഉള്ളിലേക്ക് സാധാരണ പാര്‍സി ഇതര മതസ്ഥരെ പ്രവേശിപ്പിക്കാറിലെങ്കിലും ഇതിന്‍റെ ബാഹ്യ സൌന്ദര്യം ആസ്വദിക്കാന്‍ തന്നെ നിരവധി സഞ്ചാരികളാണ് എത്തുന്നത്. മര്‍ജന്‍ ഷാമി റോസയാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. സൂററ്റ് ഗവര്‍ണറായിരുന്ന ഖാജ സഫര്‍ സുലെമാനിമിന്‍റെ ശവകുടീരമാണിത്. അദ്ദേഹത്തിന്‍റെ മകനാണ് 1540ല്‍ ഈ മനോഹര സൌധം പണികഴിപ്പിച്ചത്. പേര്‍ഷ്യന്‍ ശില്‍‌പചാരുതയുടെ സൌന്ദര്യം മതിവരുവോളം ആസ്വദിക്കാന്‍ ഇവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും സാധിക്കും.

പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ ഔറംഗസീബ് ആണ് ചിന്താമണി ജൈന ക്ഷേത്രം പണികഴിപ്പിച്ചത്. പുറമേയ്ക്ക് വളരെ ലളിതമായ രീതിയില്‍ പണികഴിപ്പിച്ച ഈ മന്ദിരത്തിന്‍റെ ഉള്‍വശം കൊത്തുപണികളാല്‍ അലങ്കൃതമാണ്. മരം കൊണ്ടുണ്ടാക്കിയ തൂണുകളിലെ ചിത്രപ്പണികള്‍ ആരുടെയും മനം കുളിര്‍ക്കും.

മക്കയിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനായി പതിനേഴാം നൂറ്റാണ്ടില്‍ ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച അതിമനോഹരമായ വഴിയമ്പലമാണ് മുഗള്‍ സരായ്. 1857ല്‍ ഇത് ജയിലായി ഉപയോഗിച്ചിരുന്നു. കമാനാകൃതിയിലുള്ള നിരവധി വാതിലുകള്‍ ദൃശ്യ ഭംഗി നല്‍കുന്ന ഈ കെട്ടിടത്തിലാണ് ഇപ്പോള്‍ സൂററ്റ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

1866 ല്‍ പണികഴിപ്പിച്ച വീര്‍ നര്‍മാദ് സരസ്വതി മന്ദിരത്തിലാണ് കവി വീര്‍ നര്‍മാദ് ജീവിച്ചിരുന്നത്. ജയ് ജയ് ഗര്‍വി ഗുജറാത്ത് എന്ന വരികള്‍ ഇപ്പോഴും ഇവിടത്തെ ചുമരുകളില്‍ പ്രതിധ്വനിക്കുന്നതായി തോന്നും. സ്വാതന്ത്ര്യ സമര സേനാനികളും കലാകാരന്മാരും നിരന്തരം ഒത്തുകൂടിയിരുന്ന സ്ഥലമായിരുന്നു ഇത്. ഏറെ പ്രശസ്തമായ നര്‍മാദ് ലൈബ്രറി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PRO
ഗോപി തലാവ് തടാകവും അതിന് ചുറ്റുമുള്ള നാല് പ്രധാന പള്ളികളും നവ സായിദ് മസ്ജിദ്, ഖുദവന്ദ് മസ്ജിദ്, സയിദ് ഇദ്രിസ് മോസ്ക്, ഖാജ ദിവാന്‍ സാഹിബ് മോസ്ക് എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. സൂററ്റിന്‍റെ തെക്കന്‍ പ്രദേശമാണ് റാന്ദെര്‍. മനോഹരമായി പണിത നാല് നിലകളുള്ള ജുമാ മസ്ജിദ് നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

പൂര്‍ണ നദിക്കരയിലെ നയനാനന്ദകരമായ പ്രദേശമാണ് നവസാരി. പാര്‍സികള്‍ ആദ്യമായി കുടിയേറിപ്പാര്‍ത്തത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. സാനിറ്റോറിയം, അതാസ് ബെഹ്‌റാം അഗ്നി ക്ഷേത്രം, പാര്‍ശ്വനാഥ് ജൈന ക്ഷേത്രം, സയ്ദ് സാദത്ത് ദര്‍ഗ എന്നിവ ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച നിരവധി ശവകുടീരങ്ങള്‍ പട്ടണത്തിന്‍റെ പ്രാന്തപ്രദേശങ്ങളില്‍ കാണാം. പലതും നാശത്തിന്‍റെ വക്കിലെത്തിയിട്ടുണ്ടെങ്കിലും അപ്രമാദിത്വം വിളിച്ചോതുന്ന നിരവധി സ്മാരകങ്ങള്‍ ഇവിടെ കാണാം.

സൂററ്റ് കാസ്റ്റില്‍ 1540ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഇല്‍ ആണ് പണികഴിപ്പിച്ചത്. പോര്‍ച്ചുഗീസ് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന തരത്തിലുള്ള ക്രമീകരണങ്ങള്‍ ഈ കോട്ടയ്ക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇവിടെ നിരവധി സര്‍ക്കാര്‍ ഓഫീസുകളാണെങ്കിലും ഈ കോട്ടയുടെ മുകളില്‍ കയറിയാല്‍ നഗരത്തിന്‍റെ ഒരു അതിമനോഹര ദൃശ്യം സാധ്യമാകും. നഗരത്തിലെ സര്‍ദാര്‍ സംഗ്രാലയമെന്ന മ്യൂസിയവും പ്ലാനറ്റോറിയവും ഏറെ ശ്രദ്ധേയമാണ്.

സൂററ്റിനടുത്ത ബര്‍ദോളി ഏറെ പ്രശസ്തമാണ്. ഇവിടെയാണ് നികുതി നിരാകരണ വിപ്ലവം അരങ്ങേറിയത്. സ്വരാജ് ആശ്രമം, പൂന്തോട്ടം, മ്യൂസിയം, ഖാദി പണിപ്പുരകള്‍ എന്നിവ ഇവിടെ ദര്‍ശിക്കാനാകും. ഇവിടത്തെ വലിയൊരു മാവിന്‍ ചുവട്ടിലാണ് ഗാന്ധിജി ഹോം‌റൂള്‍ പ്രഖ്യാപനം നടത്തിയത്.

നാര്‍ഗോല്‍, ദണ്ഡി, ദുമാസ്, സുവാലി, തിതാല്‍ എന്നിവ സൂററ്റിന്‍റെ പ്രധാന തീരപ്രദേശങ്ങളാണ്. കിലാദ് നാച്വര്‍ എഡുക്കേഷന്‍ കാം‌പ്സൈറ്റ്, വാഗായ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ധരം‌പൂര്‍ മ്യൂസിയം തുടങ്ങിയവയും സൂററ്റിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്. വാന്‍‌സഡ നാഷണല്‍ പാര്‍ക്കില്‍ 60 ഇനം പൂമ്പാറ്റകളേയും 121 ഇനം എട്ടുകാലികളേയും 115 ഇനം പക്ഷികളേയും കാണാം. നിരവധി തരത്തിലുള്ള സസ്യങ്ങളും പൂക്കളുകളും ആസ്വാദകര്‍ക്ക് വിരുന്നൊരുക്കുന്നു.

പദം‌ദുംഗരി എക്കോ കാം‌പ്സൈറ്റ് ആരെയും ആകര്‍ഷിക്കുന്ന ഒന്നാണ്. നിബിഢമായ, പാറക്കെട്ടുകള്‍ നിറഞ്ഞ, തട്ടുതട്ടായുള്ള ഈ വനപ്രദേശം സഹ്യാദ്രി മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ചാന്ദ് സൂര്യ, ഖുസ്മായ് ക്ഷേത്രം തുടങ്ങിയ തീര്‍ത്ഥാടന സ്ഥലങ്ങള്‍ ഇതിനടുത്താണ്. പൂര്‍ണ വന്യജിവി സംരക്ഷണ കേന്ദ്രം സൂററ്റിലെത്തുന്ന യാത്രക്കാര്‍ക്ക് മറ്റൊരു ആകര്‍ഷണ കേന്ദ്രമായി നിലകൊള്ളുന്നു. 168.8 ചതുരശ്ര അടിയില്‍ സ്ഥിതി ചെയ്യുന്ന ഈ വനപ്രദേശം 1990 ജൂലൈയിലാണ് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചത്.