പ്രസരിപ്പിന്‍റെ കാറ്റായ് അനന്തഗിരി

Webdunia
PRO
അസ്വസ്ഥതകളും ആശങ്കകളും വേട്ടയാടുമ്പോള്‍ മനുഷ്യന്‍ പ്രകൃതിയിലേക്ക് തിരിയുന്നത് സ്വാഭാവികമാണ്. കിളികളുടെ നാദവും ഇളം തെന്നലിന്‍റെ ശീതളിമയും പ്രകൃതി വിരിക്കുന്ന പച്ചപ്പരവതാനിയുടെ സൌന്ദര്യവും തെല്ലൊന്നുമല്ല ആശ്വാസം നല്‍കുക.

ഈ മനഃശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തിലാണ് അനന്തഗിരി പ്രശസ്തമാവുന്നത്. കേവലം വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ മാത്രമല്ല സഞ്ചാരികള്‍ ഇവിടേക്കെത്തിച്ചേരുന്നത്. അതിനപ്പുറം ഈ പ്രദേശത്തിന്‍റെ വാത്സല്യപൂര്‍ണ്ണമായ തലോടല്‍ അനുഭവിക്കാന്‍....ഷേക്സ്പിയര്‍ കവിതകളിലേതുപോലെ...പ്രകൃതി സുഹൃത്തും കാമുകിയും ദൈവവുമായി മാറുന്ന അവസ്ഥ നേരിട്ടറിയാന്‍.

ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയില്‍ എലിസിയന്‍ മലകളിലാണ് അനന്തഗിരി കുന്നുകള്‍ സ്ഥിതി ചെയ്യുന്നത്. അരാകുവാലിയില്‍ നിന്ന് ഏതാണ്ട് 17 കിലോമീറ്റര്‍ അകലെയാണിത്. പൂര്‍വ്വഘട്ടത്തിനു സമാനമായാണ് അനന്തഗിരി കുന്നുകള്‍ നില്‍ക്കുന്നത്. സംസ്ഥാനത്തെ മൂന്ന് പ്രധാന ഹില്‍ സ്റ്റേഷനുകളിലൊന്നാണിത്. കുന്നിന്‍ മുകളില്‍ അനന്തപദ്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഈ കുന്നുകള്‍ക്ക് അനന്തഗിരി എന്ന പേരു വരുന്നത്.

ഊര്‍ജ്ജത്തിന്‍റെ ദിവ്യ സ്രോതസ്സായാണ് ഈ കുന്നുകള്‍ അറിയപ്പെടുന്നത്. സൂര്യോദയവും സൂര്യാസ്തമനവും ഒരു പോലെ ദൃശ്യമാവുമെന്നതാണ് ഈ കുന്നുകളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഏറെ ഉപയോഗപ്രദമായ ഔഷധഗുണങ്ങളുള്ള നിരവധി ചെടികളുടെ കലവറയാണ് അനന്തഗിരി കുന്നുകള്‍. ഈ ചെടികളെയും സസ്യങ്ങളെയും തഴുകിയെത്തുന്ന കാറ്റ് എത്ര ക്ഷീണിതനായ വ്യക്തിയേയും ഊര്‍ജ്ജസ്വലമാക്കുമെന്ന് സഞ്ചാരികള്‍ സാക്‍ഷ്യപ്പെടുത്തുന്നു.

അനന്തഗിരിയില്‍ നിന്ന് താഴേക്കൊഴുകുന്ന മ്യൂസി നദി വല്ലാത്തൊരു അനുഭൂതിയാ‍ണ് കാഴ്ചക്കാര്‍ക്ക് നല്‍കുന്നത്. സ്ഥലത്തെ കാപ്പി പ്ലാന്‍റേഷനും ഇവിടത്തെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. നാഗരികതയും വാണിജ്യ വല്‍ക്കരണവുമൊന്നും ഈ പ്രദേശത്തെ തൊട്ടുതീണ്ടിയിട്ടില്ല. നോക്കെത്താ ദൂരത്തോളം നിരനിരയായി നില്‍ക്കുന്ന കുന്നിന്‍ നിരകളാണ് അനന്തഗിരിയുടെ വശ്യതയ്ക്ക് മാറ്റേകുന്നത്.

ചെറുതും വലുതുമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ പ്രദേശത്തെ മറ്റൊരു ആകര്‍ഷണമാണ്. ഉയരങ്ങളില്‍ നിന്ന് അഗാധതയിലേക്ക് പതിക്കുന്ന വെള്ളത്തിന്‍റെ ശബ്ദവും ഇരുട്ടുമൂടിയ നിരവധി ഗുഹകളും നിബിഢമായ വനാന്തരീക്ഷവും സഞ്ചാരികള്‍ക്ക് ഒരു തരം സൌന്ദര്യമാണ് കാഴ്ചവയ്ക്കുന്നത്.

അനന്തഗിരി കുന്നുകള്‍ക്കിടയിലൂടെയുള്ള ഭാവനാശി തടാകവും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു. ബദ്രിനാഥ് എന്നും ഈ തടാകം അറിയപ്പെടുന്നുണ്ട്. തണുപ്പ് നിറഞ്ഞ കാലാവസ്ഥയായതിനാല്‍ വേനല്‍ക്കാലത്താണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. അനന്തപുരി കുന്നുകളിലുള്ള വന്‍ ചുണ്ണാമ്പ് നിക്ഷേപവും ഈ പ്രദേശത്തെ വ്യത്യസ്തമാക്കുന്നു. ഇവിടെ നിന്ന് കുറച്ചകലെയായാണ് ബോറ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്.

ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തിലുള്ള ബ്രോഡ്ഗേജ് ട്രാക്കുകളിലൊന്നാണ് പൂര്‍വഘട്ടത്തിലൂടെയുള്ളത്. ദൃശ്യവിസ്മയം തീര്‍ക്കുന്ന ഒരു ട്രെയിന്‍ യാത്ര സഞ്ചാരികളുടെ മനസ്സില്‍ എന്നെന്നും തങ്ങി നില്‍ക്കും.