ഡാര്‍ജിലിംഗ് രണ്ടാം വരവിനൊരുങ്ങുന്നു!

Webdunia
വെള്ളി, 17 ജൂണ്‍ 2011 (12:36 IST)
PRO
PRO
ഡാര്‍ജിലിംഗിലെ സൂര്യോദയങ്ങള്‍ ഇനി ബോളിവുഡിനുള്ളതാണ്. ഒരു നീണ്ട ആലസ്യത്തില്‍ മയങ്ങുകയായിരുന്ന ഡാര്‍ജിലിംഗ് ചായത്തോട്ടങ്ങള്‍ കഥ പറയുന്ന ക്യാമറക്കണ്ണുകളെ കണികണ്ട് ഉന്മേഷത്തിലേക്ക് ഉണരുകയായി. അതെ, എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് ബംഗാളിലെ ഈ സുന്ദരഭൂമിയിലേക്ക് വണ്ടി കയറുകയാണ്.

കഥ ഇങ്ങനെ, ഗൂര്‍ഖാലാന്‍ഡ് എന്നൊരു പുതിയ സംസ്ഥാനം രൂപീകരിക്കണം എന്ന വാദവുമായി ഗൂര്‍ഖ ജന മുക്തിമോര്‍ച്ച ബംഗാള്‍ സര്‍ക്കാരുമായി പോരിനിറങ്ങിയത് നാമെല്ലാം അറിഞ്ഞ വാര്‍ത്തയാണ്. പോരു മുറുകിയപ്പോള്‍ ഹിമവാന്റെ താഴ്വാരത്തെ ഈ കൊച്ചു സ്വര്‍ഗത്തിലെ സിനിമാ ചിത്രീകരണം നിലച്ചുപോവുകയായിരുന്നു.

എന്നാല്‍ അധികാരത്തിലേറി ഒരു മാസം തികയും മുമ്പെ തന്നെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഥയെ ക്ലൈമാക്സില്‍ എത്തിക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. കാര്യങ്ങള്‍ ഒത്തുതീര്‍പ്പിന്റെ വഴിയിലേക്ക് നീങ്ങിത്തുടങ്ങിയതോടെ ഡാര്‍ജിലിംഗ് വീണ്ടും സജീവമാവുകയായി.

അനുരാഗ് ബസു ഒരുക്കുന്ന ‘ബര്‍ഫീ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് ഇവിടെ തുടക്കമായിരിക്കുന്നത്. രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാര്‍. പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ഈ ചിത്രത്തിന്റെ പല സുപ്രധാന സീനുകളും ഇവിടെ വച്ചാണ് ചിത്രീകരിക്കുക. ജൂണില്‍ ഒന്നാം ഘട്ട ചിത്രീകരണം പൂര്‍ത്തിയാവും. രണ്ടാം ഘട്ടം ഓഗസ്റ്റില്‍ ആരംഭിക്കും.

ഷാരൂഖ് ഖാന്‍ നായകനായ ‘മേ ഹൂ ന‘ എന്ന ചിത്രത്തിലൂടെയാണ് ഡാര്‍ജിലിംഗിനെ നാം അവസാനമായി വെള്ളിത്തിരയില്‍ കണ്ടത്. 2003-ല്‍ ആയിരുന്നു ഇത്. ഡാര്‍ജിലിംഗ് ചായ നല്‍കുന്ന ഉന്മേഷം ദൃശ്യചാരുതയിലൂടെ പകര്‍ന്ന് തരാന്‍ നിരവധി ഹിന്ദി, ബംഗാളില്‍ ചിത്രങ്ങള്‍ക്കായിട്ടുണ്ട്.

മലമുകളിലെ ഈ സ്വര്‍ഗലോകം സഞ്ചാരികള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ്. മാര്‍ച്ച്-മെയ്, സെപ്തംബര്‍-നവംബര്‍ എന്നിങ്ങനെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. തിരക്കുകള്‍ മാറ്റിവച്ച് ടൈഗര്‍ ഹില്‍‌സിലെ ഉദയാസ്തമയങ്ങളെ സാക്ഷി നിര്‍ത്തി ഒരു മഞ്ഞുകാലത്തില്‍ അലിഞ്ഞുചേരാം.