ചരിത്രകഥ പറയുന്ന ഹുസൈന്‍സാഗര്‍

Webdunia
ചൊവ്വ, 16 ഫെബ്രുവരി 2010 (18:04 IST)
PRO
കാലം കീഴടക്കുന്ന മനുഷ്യ സൃഷ്ടികളുടെ ഇടം എന്നും ചരിത്രത്തിലാണ്. പല ചരിത്രങ്ങളും സുന്ദരമായ വര്‍ത്തമാനങ്ങള്‍ ആകാറുമുണ്ട്. പ്രണയസൌധമായും, പൂന്തോട്ടമായും, കൊട്ടാരമായുമെല്ലാം. എന്നാല്‍ ആന്ധ്രയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത് മനുഷ്യ സൃഷ്ടിയായ ഒരു തടാകമാണ്. ചരിത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന ഒരുപിടി കഥകളും ഈ തടാകത്തിന് പറയാനുണ്ട്.

ആന്ധ്രാപ്രദേശിലെത്തുന്നവരുടെ മുമ്പില്‍ എന്നും ആശ്ചര്യമായി നിലനില്‍ക്കുന്ന അപൂര്‍വ മനുഷ്യ സൃഷ്ടിയാണ് ഹുസൈന്‍ സാഗര്‍ തടാകം. ഇരട്ട നഗരങ്ങളായ ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ തടാകത്തിന് 24 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്.

രണ്ട് നഗരങ്ങളെ മാത്രമല്ല, ചരിത്രത്തെയും വര്‍ത്തമാനത്തെയും ഈ തടാകം ബന്ധിപ്പിക്കുന്നു. 1562-ല്‍ ഇബ്രാഹിം ഖുലി ഖുത്ബ് ഷായുടെ ഭരണകാലത്ത് ഹസ്‌റത്ത് ഹുസൈന്‍ ഷാ വാലിയാണ് ഈ തടാകം പണി കഴിപ്പിച്ചത്. നഗരത്തിലെ ജലസേചന ആവശ്യങ്ങള്‍ നിറവേറ്റാനായിരുന്നു തടാക നിര്‍മാണം.

മൂസി നദിക്ക് കുറുകെയുള്ള ഈ തടാകത്തിന് ചുറ്റും മനോഹരമായ പാര്‍ക്കുകളും നയന മനോഹരമായ സ്ഥലങ്ങളുമാണുള്ളത്. തടാകത്തിന്‍റെ തടയണയില്‍ സംസ്ഥാനത്തെ 33 മഹാന്‍‌മാരുടെ മനോഹരമായ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നു. പാര്‍ക്ക് കോം‌പ്ലെക്സുകള്‍, ക്ഷേത്രങ്ങള്‍, സ്തൂപങ്ങള്‍, വിനോദത്തിനുള്ള സ്ഥലങ്ങള്‍, ഭരണ സിരാകേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം ഈ തടാകത്തിന്‍റെ തീരപ്രദേശങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്.

മനോഹരമായി പണിത സെക്രട്ടേറിയറ്റ് മന്ദിരം, എന്‍‌ടി‌ആര്‍ മെമ്മോറിയല്‍, ലുംബിനി അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഹൈദരാബാദ് ബോട്ട് ക്ലബ് തുടങ്ങിയവ ടാങ്ക് ബണ്ടിന്‍റെ തെക്കുഭാഗത്തെ വശ്യ മനോഹരമാക്കുന്നു. അതേസമയം സെക്കന്തരാബാദ് സെയിലിംഗ് ക്ലബ്, സന്‍‌ജീവിയ പാര്‍ക്ക്, ഹസ്രത്ത് സെയ്ദാനി സാഹെബ ശവകുടീരം തുടങ്ങിയവ വടക്കന്‍ ഭാഗത്തെ പ്രധാന ആകര്‍ഷണങ്ങളാണ്. ഇളങ്കാറ്റിന്‍റെ കുളിര്‍മയില്‍ വിസ്തൃതമായ ജലപ്പരപ്പും തീരങ്ങളുടെ വശ്യ സൌന്ദര്യവും കാല്‍‌പനികതയുടെ വല്ലാത്ത ഒരു അനുഭൂതിയാണ് സഞ്ചാരികളില്‍ ഉണര്‍ത്തുന്നത്.


PRO
തടാകത്തിന്‍റെ മദ്ധ്യത്തിലുള്ള ഗിബ്രാല്‍‌ത്തര്‍ റോക്കില്‍ സ്ഥാപിച്ചിരിക്കുന്ന ഭഗവാന്‍ ബുദ്ധന്‍റെ ഒറ്റക്കല്‍ പ്രതിമ ഏറെ കൌതുകമുണര്‍ത്തുന്നതാണ്. 200 ശില്‍‌പികള്‍ രണ്ടുവര്‍ഷത്തോളം പണിയെടുത്താണ് വെള്ള ഗ്രാനൈറ്റില്‍ ഈ പ്രതിമ സ്ഥാപിച്ചത്. ലുംബിനി പാര്‍ക്കില്‍ നിന്ന് ബുദ്ധ പ്രതിമയുടെ അടുത്തേക്ക് ബോട്ട് സര്‍വീസ് ലഭ്യമാണ്.

ലുംബിനി പാര്‍ക്കിനടുത്തായാണ് ബിര്‍ള മന്ദിര്‍ സ്ഥിതി ചെയ്യുന്നത്. രാത്രി ടാങ്ക് ബണ്ടില്‍ നില്‍ക്കുന്ന ഒരാള്‍ക്ക് തടാകത്തിന് ചുറ്റുമുള്ള ലൈറ്റുകളുടെ നിര ഒരു ഡയമണ്ട് നെക്‍ലേസ് പോലെ തോന്നിപ്പിക്കും. ടാങ്ക് ബണ്ട് റോഡ് തുടങ്ങുന്നിടത്ത് ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന ഒരു വലിയ കമാനം യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. ഇതിന് ഇരു വശങ്ങളിലുമുള്ള രണ്ട് സിംഹ പ്രതിമകള്‍ ഏറെ ആകര്‍ഷണമാണ്.

ടാങ്ക് ബണ്ട് റോഡ് ആദ്യം വളരെ ഇടുങ്ങിയ ഒന്നായിരുന്നു. 1946ലും 1987ലും ഇത് വീതികൂട്ടുകയായിരുന്നു. വാഹന തിരക്ക് കുറയ്ക്കാനായി ടാങ്ക് ബണ്ട് റോഡിന് സമാനമായി ഒരു സമാന്തര പാതയും അടുത്തകാലത്ത് പണികഴിപ്പിച്ചിട്ടുണ്ട്. ബോട്ട് യാത്രയ്ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ് ഈ തടാകം. വിവിധ നാവിക അഭ്യാസ പ്രകടനങ്ങളും ഇവിടെ നടക്കാറുണ്ട്.

അതേസമയം പരിസ്ഥിതിമലിനീകരണത്തിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്ന് ഹുസൈന്‍ സാഗര്‍ തടാകവും മുക്തമല്ല. തടാകത്തിലെ വെള്ളത്തിലും തീരങ്ങളിലും ദിവസേന മാലിന്യങ്ങള്‍ പെരുകുന്നത് ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ തടാക ശുചീകരണത്തിനായി വിവിധ നടപടികള്‍ കൈക്കൊണ്ട് വരികയാണ്.