കാഴ്ച വിരുന്നൊരുക്കി മഹാബലേശ്വര്‍

Webdunia
തിങ്കള്‍, 15 ജൂണ്‍ 2009 (14:10 IST)
മഹാരാഷ്ട്രയുടെ വിനോദ സഞ്ചാര ഭൂപടത്തില്‍ പ്രകൃതിരമണീയതയുടെ മറ്റൊരു പര്യായമായി ശീതള ഛായ പടര്‍ത്തി നില്‍ക്കുന്ന മഹാബലേശ്വര്‍ എന്നും ഒരാശ്ചര്യമാണ്. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് മഹാബലേശ്വര്‍.

അധികം ചൂടും അധികം തണുപ്പും ഇല്ലാത്ത കാലാവസ്ഥയാണ് മഹാബലേശ്വറിനെ വ്യത്യസ്തമാക്കുന്നത്. നിരവധി ഔഷധഗുണമുള്ള ചെടികള്‍ ഇവിടത്തെ വനങ്ങളിലെ പ്രത്യേകതയാണ്. കുറുക്കന്‍മാര്‍, കാട്ടു പന്നികള്‍, മാനുകള്‍, മലമ്പോത്ത് എന്നിവ ഇവിടെ ധാരാളമായി കാണുന്നു. അപൂര്‍വമായാണെങ്കിലും പുള്ളിപ്പുലികളും ഇവിടെ കാണാറുണ്ട്. ഉറുദു കവിതകളില്‍ ഏറെ പ്രതിപാദിക്കപ്പെടുന്ന ബുള്‍ബുള്‍ പക്ഷികളുടെ സങ്കേതമാണ് ഇവിടത്തെ വനങ്ങള്‍. ഇവിടത്തെ വായുവിന് തന്നെ ഔഷധഗുണമുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

1834 മുതല്‍ 1864 വരെ ചൈനീസ് കുറ്റവാളികളെ പാര്‍പ്പിച്ചിരുന്ന തടവറയായിരുന്നു മഹാബലേശ്വര്‍. തടവറയില്‍ കഴിഞ്ഞിരുന്നവരെ ഉപയോഗിച്ച് സര്‍ക്കാര്‍ ഇവിടെ തക്കാളി, കരിമ്പ്, സ്ട്രോബെറി, മുള എന്നിവ കൃഷി ചെയ്തിരുന്നു. തടവറയില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിട്ടും പലരും ഇവിടെ താമസം തുടര്‍ന്നതായി ചരിത്രം സാക്‍ഷ്യപ്പെടുത്തുന്നു.

സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരിടമാണ് വില്‍സണ്‍ പോയിന്‍റ്. സമുദ്ര നിരപ്പില്‍ നിന്ന് 4710 അടി ഉയരത്തിലുള്ള ഈ സ്ഥലം സണ്‍റൈസ് പോയന്‍റ് എന്നും അറിയപ്പെടുന്നു. സൂര്യോദയം കാണുന്നതിനായി ഇവിടെ മൂന്ന് പ്ലാറ്റ്ഫോമുകള്‍ സ്ഥാപിച്ചിരിക്കുന്നു. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നാണ് ദൃശ്യം ഏറ്റവും മനോഹരമായി അനുഭവപ്പെടുക. സൂര്യാസ്തമനവും ഇവിടെനിന്ന് ദൃശ്യമാണ്.

ഇവിടത്തെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് കോണൌട്ട് പീക്ക്. പച്ചപ്പ് നിറഞ്ഞ വലിയ സമതല പ്രദേശങ്ങളുടെ കാഴ്ച ഇവിടത്തെ പ്രത്യേകതയാണ്. ഇവിടെ നിന്നും സൂര്യോദയവും സൂര്യാസ്തമനവും കാണാം. എല്‍ഫിസ്റ്റോണ്‍ പോയന്‍റില്‍ നിന്ന് നോക്കിയാല്‍ ഇടത് വശത്ത് കോയ്ന താഴ്വരയുടെയും വലത് വശത്ത് സാവിത്രി താഴ്വരയുടെയും മനോഹര ദൃശ്യം കാണാം.

സഞ്ചാരികളില്‍ ഏറെ ആശ്ചര്യമുണ്ടാക്കുന്ന മറ്റൊരിടമാണ് ആര്‍തേഴ്സ് സീറ്റ്. നിരവധി കൂറ്റന്‍ പാറക്കെട്ടുകളാണ് ഇവിടത്തെ പ്രത്യേകത. പലരും ഈ പാറക്കെട്ടുകളെ അമേരിക്കയിലെ പ്രശസ്തമായ ഗ്രാന്‍റ് കാനിയോണുമായി താരതമ്യപ്പെടുത്താറുണ്ട്. ഇടത് വശത്ത് സാവിത്രി താഴ്വരയുടെയും വലത് വശത്ത് ഷാലോ ഗ്രീന്‍ താഴ്വരയുടെയും മനോഹര ദൃശ്യം ഈ പാറക്കെട്ടുകളില്‍ നിന്ന് ആസ്വദിക്കാനാവും. മഹാബലേശ്വരത്തെ രണ്ട് ഭൂപ്രദേശങ്ങളായ കോക്കാന്‍, ദേഷ് എന്നിവ തമ്മിലുള്ള അന്തരം വളരെ വ്യക്തമായി ഇവിടെ നിന്ന് കണ്ട് മനസ്സിലാക്കാനാകും.

ഒരു ഭാഗത്ത് കോയ്ന ഡാമും മറുഭാഗത്ത് സോത്ഷി നദിയും ചേര്‍ന്നൊരുക്കുന്ന ഒരു ദൃശ്യവിരുന്നാണ് ബാഗ്ദാദ് പോയിന്‍റിലുള്ളത്. ബാബിംഗ്ടണ്‍ പോയിന്‍റ്, നോര്‍ത്ത് കോട്ട് പോയിന്‍റ്, ഫാക്ലാന്‍ഡ് പോയിന്‍റ് കര്‍ണാക് പോയന്‍റ്, ഫിറ്റ്സ്ജെറാള്‍ഡ് പോയിന്‍റ്, ബോംബെ പോയിന്‍റ്, ഗവോലനി പോയന്‍റ്, ലോഡ് വിക്ക് പോയിന്‍റ്, ലാമിഗ്ടണ്‍ പ്ലാട്യു, പഞ്ചാഗ്നി പോയിന്‍റ്, ഹെലെന്‍സ് പോയിന്‍റ് എന്നിവയാണ് മഹാബലേശ്വരത്ത് പ്രകൃതിയുടെ വശ്യത വിളിച്ചോതി നില്‍ക്കുന്ന മറ്റ് പ്രധാന സ്ഥലങ്ങള്‍. ചിനമാന്‍സ്, ലിംഗ്മല എന്നീ വെള്ളച്ചാട്ടങ്ങളും ഏറെ നയനാനന്ദകരമാണ്.

ഛത്രപതി ശിവജിയുടെ പ്രതിമയുള്ള പ്രതാപ് ഗാധ്, ടേബിള്‍ ലാന്‍ഡ്, പാഞ്ചഗംഗ മന്ദിര്‍, ശ്രീ ശങ്കര്‍ മന്ദിര്‍, ശ്രീകൃഷ്ണ ഭായ് മന്ദിര്‍ എന്നിവയും മഹാബലേശ്വരത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളാണ്.