കാപ്പിപ്പൂവിന്‍റെ ഗന്ധത്തില്‍ നനഞ്ഞ് കൂര്‍ഗിലേക്ക്

Webdunia
ചൊവ്വ, 9 നവം‌ബര്‍ 2010 (12:44 IST)
PRO
കാവേരി നദിയുടെ ജന്‍‌മസ്ഥലം. ഒപ്പം ഇന്ത്യന്‍ സ്വതന്ത്ര്യ സമരചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതിചേര്‍ക്കേണ്ട പോരാളികള്‍ക്ക് ജന്‍‌മം നല്‍കിയ നാട്. ഇന്ത്യയുടെ സ്കോട്‌ലന്‍ഡ്, കാപ്പിയുടെ തലസ്ഥാനം. ഓറഞ്ചിന്‍റെ മണമുള്ള മഞ്ഞിന്‍ മേലാപ്പുമിട്ട് സുന്ദരിയായി നില്‍ക്കുന്ന കൂര്‍ഗിനെ ഒറ്റവാക്കില്‍ എങ്ങിനെ വിശേഷിപ്പാനാവും. നിരവധി വിശേഷണങ്ങള്‍ ഈ സുന്ദര താഴ്വരയ്ക്ക് സ്വന്തം.

1600 മുതലുള്ള കൂര്‍ഗിന്‍റെ ചരിത്രമേ നമ്മുടെ ചരിത്രകാരന്‍‌മാര്‍ രേഖപ്പെടുത്തിയിട്ടുള്ളു. ലിംഗായത്ത് രാജാക്കന്‍‌മാര്‍ ഭരിച്ചിരുന്ന കൂര്‍ഗിന്‍റെ തലസ്ഥാനം മടിക്കേരി ആയിരുന്നു. ഇവിടെ ലിംഗായത്തുകള്‍ ഒരു മണ്‍‌കോട്ട നിര്‍മിച്ചു. ഇതിനെ അവര്‍ കോഡവാസ് എന്നു വിളിച്ചു പോന്നു. എന്നാല്‍ കൂര്‍ഗില്‍ നോട്ടമുള്ള മൈസൂര്‍ രാജാവ് ഹൈദരാലി കൂര്‍ഗിനെ ഇടക്കിടെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 1785ല്‍ ടിപ്പു കൂര്‍ഗ് കീഴടക്കുകയും ചെയ്തു.

എന്നാല്‍ നാലു വര്‍ഷത്തിനുശേഷം ബ്രിട്ടീഷുകാരുടെ സഹായത്തോടെ കൂര്‍ഗ് ജനത സ്വാതന്ത്ര്യം തിരിച്ചു പിടിച്ചു. രാജ വീരരാജേന്ദ്രയുടെ നേതൃത്വത്തില്‍ കൂര്‍ഗിന്‍റെ പുനര്‍ നിര്‍മാണം തുടങ്ങി. 1834ല്‍ ബ്രീട്ടീഷുകാര്‍ കൂര്‍ഗിന്‍റെ അധികാരമേറ്റെടുത്തു. രാജാവായിരുന്ന ചിക്കവീരയെ നാടുകടത്തിയായിരുന്നു സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലേക്ക് ബ്രിട്ടീഷുകാര്‍ കൂര്‍ഗിനെ കൂടെ കൂട്ടിയത്.

മഞ്ഞില്‍ മൂടി നില്‍ക്കുന്ന മലനിരകളും ഇടതൂര്‍ന്ന വനങ്ങളും തണുത്ത അന്തരീക്ഷവും കൂര്‍ഗിനെ ബ്രിട്ടന്‍റെ ഒരു കൊച്ചുപതിപ്പാക്കി. ബ്രീട്ടിഷുകാരുടെ തിരുശേഷിപ്പുകള്‍ ബ്രീട്ടിഷ് പേരുള്ള എസ്റ്റേറ്റ് ബംഗ്ലാവുകളുടെയും റോഡുകളുടെയുമെല്ലാം രൂപത്തില്‍ ഇപ്പോഴും കൂര്‍ഗില്‍ കാ‍ണാം. രാജ്യത്തെ ഏറ്റവും വലിയ കാപ്പി ഉല്‍‌പ്പാദകരായ കര്‍ണാടകയുടെ കാപ്പി ഉല്‍പ്പാദനത്തിന്‍റെ പകുതിയലധികവും കൂര്‍ഗില്‍ നിന്നാണ്.

മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ കൂര്‍ഗിന് കാപ്പിപ്പൂവിന്‍റെ ഗന്ധമാണ്. വെള്ളപ്പൂക്കള്‍ നിറഞ്ഞ്, സുഗന്ധം പരത്തി നില്‍ക്കുന്ന കാപ്പിത്തോട്ടങ്ങള്‍ കൂര്‍ഗിലെ മറക്കാനാവാത്ത കാഴ്ചാനുഭവമാണ്. കാപ്പിയുടെ ഇടവിളയായി ഓറഞ്ച് കൃഷി ചെയ്യുന്നു. കുരുമുളകും ഏലവുമാണ് കൂര്‍ഗിലെ മറ്റ് പ്രധാന കൃഷിയിനങ്ങള്‍. അറബി നാടുകളായിരുന്നു കൂര്‍ഗിലെ കാര്‍ഷിക വിഭവങ്ങളുടെ പ്രധാന വിപണി. അതു കൊണ്ട് തന്നെ കൂര്‍ഗ് നിവാസികളുടെ വസ്ത്രധാരണ രീതിയില്‍ ഒരു അറബി സ്പര്‍ശം ഇപ്പോഴും കാണാനാകും. അറബികളുടെ കുഫിയ പോലെ നീണ്ട കോട്ട് അല്ലെങ്കില്‍ കുപ്പായമാണ് കൂര്‍ഗ് നിവാസികളുടെ പ്രധാന വസ്ത്രം.

നിരവധി ഗ്രാമങ്ങളും ചേരികളുമായി ചിതറിക്കിടക്കുന്നതാണ് കൂര്‍ഗിന്‍റെ ഭൂപ്രകൃതി. മാന്തളിര്‍ നിറമുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന കുറ്റിച്ചെടികളും ചുവന്ന ഓട് പാകിയ ഒരേ അച്ചില്‍ വാര്‍ത്ത ചെറുവീടുകളുമാണ് കൂര്‍ഗിലെ ഗ്രാമക്കാഴ്ചകളില്‍ ആദ്യം കണ്ണിലെത്തുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 5000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കൂര്‍ഗിന്‍റെ തലസ്ഥാനമായ മടിക്കേരിയില്‍ നിന്ന് മനോഹരമായ അബ്ബേ വെള്ളച്ചാട്ടമടക്കമുള്ള പ്രദേശങ്ങളിലെത്താം.

ഇനി ട്രക്കിംഗിന് താല്‍‌പ്പര്യമുള്ളവര്‍ക്ക് പ്രദേശത്തെ ഏറ്റവും വലിയ മലയായ ടഡേയെന്‍ഡാമോള്‍ കാത്തിരിക്കുന്നു. ടഡേയെന്‍ഡാമോളിന് മുകളില്‍ നിന്ന് അറബിക്കടലിന്‍റെ വിദൂര സൌന്ദര്യം ആസ്വദിക്കാം. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലമണ് ട്രക്കിംഗിന് അനുയോജ്യമായ സമയം. ഇരുപ്പ വെള്ളച്ചാട്ടത്തിന് സമീപത്തുള്ള ബ്രഹ്മഗിരി, പുഷ്പഗിരി എന്നിവയും ട്രക്കിംഗിന് പേരുകേട്ട സ്ഥലങ്ങളാണ്. വിരാജ്‌പേട്ടിലെ 9 ഹോള്‍ ഗോള്‍ഫ് കോഴ്സ് സഞ്ചാരികളുടെ മറ്റൊരു പ്രിയ ഇടമാണ്.

രാജ്യത്തെ മീന്‍പ്പിടിത്തപ്രേമികളുടെ ഇഷ്ട ഇടമാണ് വാലനൂറിലെ കായല്‍. വന്യമൃഗങ്ങളെ തേടിയാണ് യാത്രയെങ്കില്‍ നാഗ്രാഹോളിലെ ദേശീയ പാര്‍ക്ക് സഞ്ചാരികളെ പേടിപ്പിക്കാനായി കാ‍ത്തിരിക്കുന്നുണ്ട്. ദേവാലയങ്ങള്‍ കൊണ്ട് സമൃദ്ധമാണ് കുടക്. കാവേരി-സുജ്യോതി നദിക്കരയില്‍ കേരളത്തിലെ ക്ഷേത്രമാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ബഗമണ്ഡല ക്ഷേത്രമാണ് കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. ഇസ്ലാം-ഗോഥിക് ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള 200 വര്‍ഷം പഴക്കമുള്ള ഓംകാരേശ്വര ശിവക്ഷേത്രവും സന്ദര്‍ശകരെ വിസ്മയിപ്പിക്കും.

കര്‍ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരില്‍ നിന്ന് 525 കിലോമീറ്റര്‍ അകലെയാണ് കൂര്‍ഗ്. കാശുമുടക്കാന്‍ തയ്യാറുളളവര്‍ക്ക് കൂര്‍ഗിലെ ഓറഞ്ച് കണ്‍‌ട്രി റിസോര്‍ട്ടില്‍ താമസിച്ച് കൂര്‍ഗിന്‍റെ സൌന്ദര്യം ആസ്വദിക്കാം. 6000 മുതല്‍ 10000 രൂപയാണ് ഇവിടുത്തെ താമസ നിരക്ക്. 1250-1750 നിരക്കിലുള്ള റെയിന്‍ ഫോറസ്റ്റ് റിട്രീറ്റ് സാധാരണക്കാരന്‍റെ പോക്കറ്റിലൊതുങ്ങുന്ന താമസ സ്ഥലമാണ്. എന്താ, ഇന്നുതന്നെ പോവുകയല്ലേ?