ഇതുവരെ പുറത്തു വന്നിട്ടുള്ള ഏറ്റവും മികച്ച ഗ്യാംഗ്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നാണ് മാര്‍ട്ടിന്‍ സ്കോര്‍സെസി സംവിധാനം ചെയ്ത ഗുഡ്ഫെല്ലാസ്. ചിത്രം 1990ലാണ് റിലീസായത്. വൈസ് ഗൈ എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് സിനിമ. ലച്ചെസ് എന്ന മാഫിയ കുടുംബത്തിന്റെയും അവരുടെ സഹവര്‍ത്തിയായിരുന്ന ഹെന്‍റി ഹില്‍ എന്ന ചെറുപ്പക്കാരന്റെയും കഥയാണ് ചിത്രം പറയുന്നത്. കുറ്റകൃത്യങ്ങളെ വളരയധികം സ്റ്റൈലൈസ് ചെയ്താണ് ചിത്രം അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ചിത്രത്തില്‍ അതിക്രൂരമായി പെരുമാറുന്ന നായകകഥാപാത്രമായ ഹെന്‍റിയും സുഹൃത്തുക്കളും പ്രേക്ഷകമനസ്സില്‍ ആരാധനാപാത്രങ്ങളാകുന്നു.
ഹെന്‍റി ഹില്ലിന്റെയും ഭാര്യ കരേന്റെയും നരേഷനിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചിത്രത്തില്‍ ലച്ചെസ് മാഫിയ കുടുംബത്തെ ആരാധിച്ച് അവരോടൊപ്പം പ്രവര്‍ത്തിച്ച് വളര്‍ന്നുവരുന്ന ഹെന്‍റി ഹില്ലിനെയാണ് കാണിച്ച് തരുന്നത്. ഹെന്‍റിയും ജിമ്മിയോയും ടോമിയും ലച്ചെസ് മാഫിയയുടെ ഭാഗമാണ്. തുടര്‍ന്ന് മാഫിയ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് മയക്കുമരുന്ന് ബിസിനസില്‍ ഏര്‍പ്പെടുന്ന ഹെന്‍റിയും കൂട്ടുകാരും എഫ് ബി ഐ നിരീക്ഷണത്തിലാകുന്നു. സുഹൃത്തായ ജിമ്മി തന്നെ കൊലപ്പെടുത്തുമെന്ന് മനസിലാക്കുന്ന ഹെന്‍റി മാഫിയയ്ക്കെതിരെയുള്ള എഫ് ബി ഐയുടെ സാക്ഷിയാകുന്നു.
സംവിധായകന്‍ ജീവിച്ചിരുന്ന ന്യൂയോര്‍ക്കിലെ ലിറ്റില്‍ ഇറ്റലിയിലെ ജീവിതമാണ് ചിത്രത്തിലെ കഥാപാത്രങ്ങളെയും കഥയെയും രൂപപ്പെടുത്താന്‍ സഹായിച്ചെതെന്ന് സ്കോര്‍സെസി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. മറ്റു സ്കോര്‍സെസി ചിത്രങ്ങളിലുള്ളതു പോലെ തന്നെ ഗില്‍റ്റ്, മൊറാലിറ്റി എന്നീ തീമുകള്‍ ഗുഡ്ഫെല്ലാസിലുമുണ്ട്. ഇതു കൂടാതെ മറ്റു ചിത്രങ്ങളിലെന്ന പോലെ തന്നെ റോക്കും ജനപ്രിയ നമ്പരുകളും ചിത്രത്തിന്‍റെ പശ്ചാത്തലസംഗീതമായി ഉപയോഗിച്ചിരിക്കുന്നു.
വൈസ് ഗൈ എന്നുതന്നെയാണ് ആദ്യം സിനിമയ്ക്കും സ്കോര്‍സെസി പേരുനല്‍കിയത്. പിന്നീട് പുസ്തകത്തിന്‍റെ രചയിതാവായ നിക്കോളാസ് പൈലെഗ്ഗി ചിത്രത്തിന് ഗുഡ്‌ഫെല്ലാസ് എന്ന് പേര് നിര്‍ദ്ദേശിക്കുകയായിരുന്നു.
പൈലെഗ്ഗി ഒരു ക്രൈം റിപ്പോര്‍ട്ടറായിരുന്നു. മാഫിയയെക്കുറിച്ചും അധോലോകപ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള യഥാതഥമായ ചിത്രീകരണം വൈസ് ഗൈയില്‍ പൈലെഗ്ഗി നല്‍കിയിരുന്നു. കളര്‍ ഓഫ് മണി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ യാദൃശ്ചികമായാണ് ഈ പുസ്തകത്തെക്കുറിച്ചുള്ള ഒരു റിവ്യു സ്കോര്‍സെസി വായിക്കാനിടയാത്. പിന്നീട് പുസ്തകം കണ്ടെത്തി വായിച്ചു. മുമ്പും അധോലോക സിനിമകള്‍ പലത് ചെയ്തിട്ടുണ്ട് സ്കോര്‍സെസി. എന്നാല്‍ താന്‍ അതിനുമുമ്പ് അറിഞ്ഞിട്ടില്ലാത്ത ഒരു പുതിയ മുഖമാണ് അധോലോകത്തിനുള്ളതെന്ന് ഈ പുസ്തകത്തിലൂടെ സംവിധായകന്‍ തിരിച്ചറിയുകയായിരുന്നു. വായിച്ച ശേഷം "ഞാന്‍ ഈ ജീവിതം മുഴുവന്‍ ഈ പുസ്തകത്തിനായി കാത്തിരിക്കുകയായിരുന്നു" എന്ന് പൈലെഗ്ഗിയെ വിളിച്ച് അറിയിച്ചു. പൈലെഗ്ഗിയുടെ മറുപടി ഇങ്ങനെയായിരുന്നു - ഈ ഫോണ്‍ കോളിനായി ഞാന്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു".
12 തവണ മാറ്റിയെഴുതിയാണ് സ്കോര്‍സെസിയും പൈലെഗ്ഗിയും ഗുഡ്ഫെല്ലാസിന്‍റെ തിരക്കഥയ്ക്ക് അന്തിമരൂപം നല്‍കിയത്. പതിവ് അവതരണ രീതി തകര്‍ക്കുന്ന രീതിയില്‍ സിനിമയെ അവതരിപ്പിക്കണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. റോബര്‍ട്ട് ഡി നീറോ, റേ ലിയോട്ട, ജോ പെസ്കി, ലൊറെയ്ന്‍ ബ്രാക്കോ, പോള്‍ സൊര്‍വിനോ തുടങ്ങിയ അനുഗ്രഹീത താരങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.
ചിത്രം 25 മില്യണ്‍ ഡോളറിന്റെ ബജറ്റിലാണ് നിര്‍മ്മിച്ചത്. അക്കാലത്ത് ഇത് സ്കോര്‍സെസിയുടെ ഏറ്റവും ചെലവ് കൂടിയ സിനിമയായിരുന്നു. എന്നാല്‍ ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ഇതൊരു ലോ ബജറ്റ് സിനിമ തന്നെയാണ്. 46.8 മില്യണ്‍ ഡോളറാണ് ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ആറ് അക്കാദമി അവാര്‍ഡുകള്‍ക്ക് നോമിനേഷനുകള്‍ ചിത്രത്തിന് ലഭിച്ചു. മികച്ച ചിത്രം, മികച്ച സംവിധായകന്‍ ഉള്‍പ്പടെ അഞ്ച് ബാഫ്റ്റ അവാര്‍ഡുകള്‍ നേടി. മീന്‍ സ്ട്രീറ്റ്‌സ്, ടാക്സി ഡ്രൈവര്‍, റാഗിംഗ് ബുള്‍, ദ ഡിപ്പാര്‍ട്ടഡ്, കാസിനോ, ദി ഏജ് ഓഫ് ഇന്നസെന്‍സ്, ഗാംഗ്സ് ഓഫ് ന്യൂയോര്‍ക്ക്, ദി ഏവിയേറ്റര്‍, ഷട്ടര്‍ ഐലന്‍ഡ്, ഹ്യൂഗോ തുടങ്ങിയ ഹോളിവുഡ് ചരിത്രത്തിലെ നാഴികക്കല്ലുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ സംവിധായകനാണ് മാര്‍ട്ടിന്‍ സ്കോര്‍സെസി.