രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍

രേണുക വേണു

ബുധന്‍, 26 മാര്‍ച്ച് 2025 (10:15 IST)
Rajeev Chandrasekhar

രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നത് ജാതി കൂടി പരിഗണിച്ച്. രാജീവ് ചന്ദ്രശേഖറിന്റെ മേല്‍ജാതി പശ്ചാത്തലം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് നിയന്ത്രിക്കുന്നതും രാജീവ് ചന്ദ്രശേഖറിനു സംസ്ഥാന നേതൃത്വത്തിന്റെ തലപ്പത്തേക്കുള്ള യാത്ര എളുപ്പമാക്കി. 
 
പുതിയ ബിജെപി അധ്യക്ഷനു അടുപ്പമുള്ള യുവ നേതാക്കളെ സംസ്ഥാന നേതൃനിരയിലേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടിയില്‍ നീക്കം നടക്കുന്നത്. പുതിയ ഭാരവാഹികളെ രാജീവ് ചന്ദ്രശേഖര്‍ തന്നെ കണ്ടെത്തും. രാജീവിന്റെ വരവ് നായര്‍ സമുദായത്തിന്റെ പിന്തുണ വര്‍ധിപ്പിക്കുമെന്നും ബിജെപി സംസ്ഥാന നേതാക്കള്‍ പ്രതീക്ഷിക്കുന്നു. 
 
ഒരു ഇടവേളയ്ക്കു ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നായര്‍ സമുദായത്തില്‍ നിന്ന് ഒരു നേതാവിനെ ലഭിക്കുന്നത്. ചാനല്‍ ഉടമ എന്നതിനൊപ്പം ജാതി കൂടി പരിഗണനാ വിഷയമായി. എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ എല്ലാ വിഭാഗങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ കെല്‍പ്പുള്ള നേതാവാണെന്നും ബിജെപി സംസ്ഥാന  നേതാക്കള്‍ കരുതുന്നു. എന്‍എസ്എസുമായി കൂടുതല്‍ അടുപ്പം ഉണ്ടാക്കാനും തിരഞ്ഞെടുപ്പില്‍ അവരുടെ പൂര്‍ണ പിന്തുണ ഉറപ്പിക്കാനും രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കും. 

അതേസമയം കെ.സുരേന്ദ്രനെ ബിജെപി അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയതില്‍ ഒരു വിഭാഗത്തിനു ഇപ്പോഴും അതൃപ്തിയുണ്ട്. അധ്യക്ഷനെന്ന നിലയില്‍ സംസ്ഥാനത്ത് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടും സുരേന്ദ്രനെ നീക്കാനുള്ള കാരണം ജാതി തന്നെയാണെന്ന് ബിജെപിയിലെ ചില നേതാക്കള്‍ കരുതുന്നു. ജാതി വേര്‍തിരിവ് പാര്‍ട്ടിയില്‍ രൂക്ഷമാണെന്നും ഇവര്‍ക്ക് വിമര്‍ശനമുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍