എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ

രേണുക വേണു

ബുധന്‍, 26 മാര്‍ച്ച് 2025 (08:55 IST)
വിദ്യാര്‍ഥികള്‍ക്കിടയില്‍ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാന്‍ ഇന്ന് സ്‌കൂളുകളില്‍ കര്‍ശന പൊലീസ് നിരീക്ഷണം. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കുന്നതിനാലാണ് സ്‌കൂളുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. 
 
പരീക്ഷ തീരുന്ന ദിവസമോ സ്‌കൂള്‍ പൂട്ടുന്ന ദിവസമോ സ്‌കൂളുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികളും പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ആഘോഷങ്ങള്‍ അതിരുകടക്കാനുള്ള സാധ്യതയും വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്നും മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു നിയന്ത്രണം. 
 
പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ കൂട്ടം കൂടുകയോ ആഘോഷം നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ സ്‌കൂള്‍ ബാഗുകള്‍ അധ്യാപകര്‍ക്കു പരിശോധിക്കാം. സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ പരിസരവും പൊലീസിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കും. 
 
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നിനു ആരംഭിക്കും. മേയ് മൂന്നാമത്തെ ആഴ്ചയില്‍ ഫലപ്രഖ്യാപനം ഉണ്ടാകും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍