ഇന്ത്യന്‍ സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന് വീണ്ടും ഓസ്കര്‍ നോമിനേഷന്‍. രണ്ട് നോമിനേഷനുകളാണ് റഹ്‌മാന് ലഭിച്ചത്. ഡാനി ബോയ്‌ല്‍ സംവിധാനം ചെയ്ത ‘127 അവേഴ്സ്’ എന്ന സിനിമയുടെ ഗാനത്തിനും പശ്ചാത്തല സംഗീതത്തിനുമാണ് നോമിനേഷന്‍ ലഭിച്ചത്.
ഡാനി ബോയ്‌ല്‍ സംവിധാനം ചെയ്ത ‘സ്ലംഡോഗ് മില്യണയര്‍’ എന്ന സിനിമയ്ക്ക് 2009ല്‍ റഹ്‌മാന്‍ ഇരട്ട ഓസ്കര്‍ നേട്ടം കൈവരിച്ചിരുന്നു. വീണ്ടും ഓസ്കര്‍ നേട്ടം ആവര്‍ത്തിക്കാന്‍ റഹ്‌മാന് കഴിയുമോ എന്ന് കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം.
ഇന്ത്യക്കാരനായ താരിഖ് അന്‍വറിനും ഇത്തവണ ഓസ്കര്‍ നോമിനേഷനുണ്ട്. 127 അവേഴ്സിന്‍റെ എഡിറ്റിംഗ് നിര്‍വഹിച്ചതിനാണ് താരിഖിന് നോമിനേഷന്‍ ലഭിച്ചത്.
ബ്ലാക്ക് സ്വാന്‍, ദി ഫൈറ്റര്‍, ഇന്‍സെപ്ഷന്‍, ദി കിഡ്സ് ആര്‍ ഓള്‍ റൈറ്റ്, ദി കിംഗ്സ് സ്പീച്ച്, 127 അവേഴ്സ്, ദി സോഷ്യല്‍ നെറ്റുവര്‍ക്ക്, ടോയ് സ്റ്റോറി 3, ട്രൂ ഗ്രിറ്റ്, വിന്‍റേഴ്സ് ബോണ്‍ എന്നീ സിനിമകള്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷനുകള്‍ നേടി.
ഡാരന്‍ അരണോഫ്സ്കി, ഡേവിഡ് റസല്‍, ടോം ഹൂപ്പര്‍, ഡേവിഡ് ഫിഞ്ചര്‍, കോണ്‍ ബ്രദേഴ്സ് എന്നിവര്‍ക്കാണ് മികച്ച സംവിധായകനുള്ള നോമിനേഷനുകള്‍ ലഭിച്ചിരിക്കുന്നത്.
ജാവിയര്‍ ബാര്‍ഡം, ജെഫ് ബ്രിഡ്ജസ്, ജെസി ഈസന്‍ബെര്‍ഗ്, കോളിന്‍ ഫിര്‍ത്, ജയിംസ് ഫ്രാങ്കോ എന്നിവര്‍ മികച്ച നടനുള്ള നോമിനേഷനുകള്‍ നേടി.
ആനി ബെനിംഗ്, നിക്കോള്‍ കിഡ്മാന്‍, ജെന്നിഫര്‍ ലോറന്‍സ്, നതാലി പോര്‍ട്മാന്‍, മിഷേല്‍ വില്യംസ് എന്നിവരാണ് മികച്ച നടിയാകാനുള്ള നോമിനേഷനുകള്‍ സ്വന്തമാക്കിയത്.