ഗണപതി ഹോമം എന്തിന് ? ജന്മനക്ഷത്ര ദിനത്തില്‍ ഗണപതി ഹോമം നടത്താമോ ?

Webdunia
വെള്ളി, 18 ഓഗസ്റ്റ് 2017 (15:06 IST)
ഹിന്ദുക്കൾ ഏത് പുണ്യകർമ്മം തുടങ്ങുമ്പോഴും ഗണപതിയെയാണ് ആദ്യം വന്ദിക്കുക. പുര വാസ്തുബലി പോലുള്ള വലിയ കാര്യങ്ങൾ ചെയ്യുന്ന സമയത്തും ഗണപതി ഹോമം പ്രധാനമാണ്. വിഘ്‌നങ്ങളും ദുരിതങ്ങളും മാറ്റി ക്ഷേമൈശ്വര്യങ്ങൾ വർദ്ധിക്കാനായി നടത്തുന്ന പ്രധാന ഹോമമാണ് ഗണപതി ഹോമം. ഏറ്റവും വേഗത്തിൽ ഫലം തരുന്ന കർമ്മമാണ് ഗണപതി ഹോമം എന്നാണ് വിശ്വാസം.
 
ജന്മനക്ഷത്രത്തിന് മാസം തോറും ഗണപതി ഹോമം നടത്തുന്നത് ജീവിതത്തിൽ ശ്രേയസ്സ് ഉണ്ടാവുന്നതിനും സകല ദോഷങ്ങളും പരിഹരിക്കുന്നതിനും നല്ലതാണെന്നാണ് പറയുന്നത്. ഒരു നാളികേരം കൊണ്ട് ഏറ്റവും ചെറിയ രീതിയിൽ ഗണപതി ഹോമം നടത്താം. നിത്യ ഹോമത്തിന് ഒറ്റനാളികേരമാണ് ഉപയോഗിക്കുക. എട്ട് നാളികേരം ഉപയോഗിച്ച് അഷ്ടദ്രവ്യം ചേർത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. 
 
കൊട്ടത്തേങ്ങ അല്ലെങ്കിൽ ഉണങ്ങിയ നാളീകേരമാണ് ഹോമത്തിനായി ഉപയോഗിക്കുക. പഴം, കരിമ്പ്, തേൻ, ശർക്കര, അപ്പം, മലർ എന്നിവയാണ് അഷ്ടദ്രവ്യങ്ങൾ. നാളികേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും നടത്താവുന്നതാണ്. ഗണപതി ഹോമത്തിന്റെ അവസാനം 24 എള്ളുണ്ടയും 24 മോദകവും ചേർത്ത് ഹോമിച്ചാൽ ഫലസിദ്ധി പരിപൂർണ്ണമായിരിക്കും എന്ന വിശ്വാസവും നിലവിലുണ്ട്.
 
ഗണപതി ഹോമം നടത്തുന്ന ആൾക്ക് നാലു വെറ്റിലയിൽ അടയ്ക്കയും സംഖ്യയും വച്ചാണ് ദക്ഷിണ നൽകേണ്ടത്. അമ്മ, അച്ഛൻ, ഗുരു, ഈശ്വരൻ എന്നീ നാലു പേരെയാണ് ഈ വെറ്റിലകൾ സൂചിപ്പിക്കുന്നത്. ഭഗവാന് നേദിച്ച ഒരു സാധനവും തിരിച്ചുവാങ്ങരുത്. പ്രസാദം പോലും തിരിച്ച് വാങ്ങാൻ പാടില്ല. എല്ലാം ഭഗവാന് സമർപ്പിച്ച് ദക്ഷിണ കൊടുത്ത് പിൻവാങ്ങുകയാണ് വേണ്ടത്. പലർക്കും ദക്ഷിണ കൊടുക്കാൻ ഒരേ വെറ്റില കൊടുക്കുന്നതും ശരിയല്ല.
Next Article