രാമായണ പാരായണം- പതിനേഴാം ദിവസം

Webdunia
“ശൃണു സുമുഖി! സുരസുഖപരേ! സുരസേ! ശുഭേ!
ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ
ശരണമിഹ ചരണസരസിജയുഗളമേവ തേ
ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ!”
പ്ലവഗപരിവൃഢവചന നിശമനദശാന്തരേ
പേര്‍ത്തും ചിരിച്ചു പറഞ്ഞു സുരസയും:
“വരികതവജയമതി സുഖേനപോയ്ചെന്നു നീ
വല്ലഭാവൃത്താന്തമുള്ളവണ്ണം മുദാ
രഘുപതിയൊടഖിലമറിയിക്ക തല്‍ കോപേന
രക്ഷോഗണത്തെയുമൊക്കെയൊടുക്കണം
അറിവതിനുതവ ബലവിവേകവേഗാദിക-
ളാദിതേയന്മാരയച്ചുവന്നേനഹം”
നിജചരിതമഖിലമവളവനൊടറിയിച്ചു പോയ്
നിര്‍ജ്ജരലോകം ഗമിച്ചാള്‍ സുരസയും.
പവനസുതനഥഗഗനപഥി ഗരുഡതുല്യനായ്
പാഞ്ഞുപാരാവാരമീതേ ഗമിക്കുമ്പോള്‍
ജലനിധിയുമചലവരനോടു ചൊല്ലീടിനാന്‍:


' ചെന്നു നീ സല്‍ക്കരിക്കേണം കപീന്ദ്രനെ
സഗരനരപതിതനയരെന്നെ വളര്‍ക്കയാല്‍
സാഗരമെന്നുചൊല്ലുന്നിതെല്ലാവരും
തദഭിജനഭവനറിക രാമന്‍ തിരുവടി
തസ്യകാര്യാര്‍ത്ഥമായ് പോകുന്നതുമിവന്‍
ഇടയിലൊരു പതനമവനില്ല തല്‍ക്കാരണാ-
ലിച്ഛയാപൊങ്ങിത്തളര്‍ച്ച തീര്‍ത്തീടണം
മണികനകമയനമലനായ മൈനാകവും
മാനുഷവേഷം ധരിച്ചു ചൊല്ലീടിനാന്‍
ഹിമശിഖരിതനയനഹമറിക കപിവീര! നീ-
യെന്മേലിരുന്നു തളര്‍ച്ചയും തീര്‍ക്കെടോ!
സലിലനിധി സരഭസമയയ്ക്കയാല്‍ വന്നുഞാന്‍
സാദവും ദാഹവും തീര്‍ത്തുപൊയ്ക്കൊള്‍കെടോ!
അമൃതസമജലവുമതിമധുരമധുപൂരവു-
മാര്‍ദ്രപക്വങ്ങളും ഭക്ഷിച്ചുകൊള്‍ക നീ”
അലമലമിതരുതരുതു രാമകാര്യാര്‍ത്ഥമാ-
യാശു പോകും വിധൌ പാര്‍ക്കരുതെങ്ങുമേ
പെരുവഴിയിലശനശയനങ്ങള്‍ ചെയ്കെന്നതും
പേര്‍ത്തുമറ്റൊന്നു ഭാവിക്കയെന്നുള്ളതും
അനുചിതമറിക രഘുകുലതിലക കാര്യങ്ങ-
ളന്‍പോടു സാധിച്ചൊഴിഞ്ഞരുതൊന്നുമേ
വിഗതഭയമിനിവിരവൊടിന്നു ഞാന്‍ പോകുന്നു
ബന്ധുസല്‍ക്കാരം പരിഗ്രഹിച്ചേനഹം
പവനസുതനിവയുമുരചെയ്തു തന്‍ കൈകളാല്‍
പര്‍വ്വതാധീശ്വരനെത്തലോടീടിനാന്‍
പുനരവനുമനിലസമമുഴറി നടകൊണ്ടിതു
പുണ്യജനേന്ദ്രപുരം പ്രതി സംഭ്രമാല്‍
തദനു ജലനിധിയിലതിഗംഭീരദേശാലയേ
സന്തതം വാണെഴും ഛായഗ്രഹണിയും
സരിദധിപനുപരിപരിചൊടു പോകുന്നവന്‍
തന്‍‌നിഴലാശു പിടിച്ചു നിര്‍ത്തീടിനാള്‍
അതുപൊഴുതു മമഗതിമുടക്കിയതാരെന്ന-
തന്തരാപാര്‍ത്തുകീഴ്പോട്ടു നോക്കീടിനാന്‍
അതിവിപുലതരഭയകരാഗിയെ ക്കണ്ടള-
വംഘ്രിപാതേന കൊന്നീടിനാന്‍ തല്‍ക്ഷണേ
നിഴലതുപിടിച്ചു നിര്‍ത്തിക്കൊന്നു തിന്നുന്ന
നീചയാം സിംഹികയെക്കൊന്നനന്തരം
ദശവദനപുരിയില്‍ വിരവോടുപോയീടുവാന്‍



ദക്ഷിണദിക്കുനോക്കിക്കുതിച്ചീടിനാന്‍
ചരമഗിരി ശിരസി രവിയും പ്രവേശിച്ചിതു
ചാരുലങ്കാ ഗോപുരാഗ്രേ കപീന്ദ്രനും
ദശവദന നഗരമതി വിമല വിപുല സ്ഥലം
ദക്ഷിണ വാരിധി മദ്ധ്യേ മനോഹരം
ബഹുലഫല കുസുമ ദലയുതവിടപിസങ്കുലം
വല്ലീകുലാവൃതം പക്ഷിമൃഗാന്വിതം
മണി കനക മയമമരപുര സദൃശമംബുധി
മദ്ധ്യേ ത്രികൂടാചലോപരി മാരുതി
കമലമകള്‍ ചരിതമറിവതിന്നു ചെ-
ന്നന്‍പോടു കണ്ടിതു ലങ്കാനഗരം നിരുപമം
കനകവിരചിതമതില്‍ കിടങ്ങും പലതരം
കണ്ടുകടപ്പാന്‍ പണിയെന്നു മാനസേ
പരവശതയൊടു ഝടിതി പലവഴി നിരൂപിച്ചു
പത്മനാഭന്‍ തന്നെ ധ്യാനിച്ചു മേവിനാന്‍
നിശിതമസി നിശിചരപുരേ കൃശരൂപനായ്
നിര്‍ജ്ജനദേശേ കടപ്പനെന്നോര്‍ത്തവന്‍
നിജമനസി നിശിചരകുലാരിയെ ധ്യാനിച്ചു
നിര്‍ജ്ജരവൈരിപുരം ഗമിച്ചീടിനാന്‍

ലങ്കാലക്ഷ്മീമോക്ഷ ം

പ്രകൃതിചപലനുമധിക ചപലമചലം മഹല്‍
പ്രാകാരവും മുറിച്ചാകാരവും മറ-
ച്ചവനിമകളടിമലരുമകതളിരിലോര്‍ത്തു കൊ‌
ണ്ടഞ്ജനാനന്ദനനഞ്ജസാ നിര്‍ഭയം.


ഉടല്‍ കടുകിനൊടു സമമിടത്തു കാല്‍ മുമ്പില്‍ വ-
ച്ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ
കഥിനതരമലറിയൊരു രജനിചരി വേഷമായ്-
കാണായിതാശു ലങ്കാ ശ്രീയെയും തദാ
“ഇവിടെ വരുവതിനു പറകെന്തുമൂലം ഭവാ-
നേകനായ് ചോരനോ ചൊല്ലു നിന്‍ വാഞ്ഛിതം 170
അസുരസുര നര പശുമൃഗാദി ജന്തുക്കള്‍ മ-
റ്റാര്‍ക്കുമേ വന്നുകൂടാ ഞാനറിയാതെ
ഇതിപരുഷവചനമൊടണഞ്ഞു താഡിച്ചിതൊ-
ന്നേറെ രോഷേണ താഡിച്ചു കപീന്ദ്രനും
രഘുകുലജ വരസചിവ വാമമുഷ്ടി പ്രഹാ-
രേണ പതിച്ചു വമിച്ചിതു ചോരയും
കപിവരനൊടവളുമെഴുനേറ്റു ചൊല്ലീടിനാള്‍:
“കണ്ടേനെടോ തവ ബാഹുബലം സഖേ!
വിധിവിഹിതമിതു മമ പുരൈവ ധാതാവു താന്‍
വീരാ! പറഞ്ഞിതെന്നോടിതു മുന്നമേ 180
സകല ജഗധിപതി സനാതനന്‍
മാധവന്‍ സാക്ഷാല്‍ മഹാവിഷ്ണുമൂര്‍ത്തി നാരായണന്‍
കമലദല നയന നവനിയിലവതരിക്കു മുള്‍-
ക്കാരുണ്യമോട്ഷ്ടവിംശതിപര്യയേ
ദശരഥനൃപതിതനയനായ് മമ പ്രാര്‍ത്ഥനാല്‍
ത്രേതായുഗേ ധര്‍മ്മദേവരക്ഷാര്‍ത്ഥമായ്
ജനകനൃപവരനു മകളായ് നിജമായയും
ജാതയാം പംക്തിമുഖ വിനാശത്തിനായ്
സരസിരുഹനയനനടവിയലഥ തപസ്സിനായ്
സഭ്രാതൃഭാര്യനായ് വാഴും ദശാന്തരേ 190


ദശവദനനവനിമകളെയുമപഹരിച്ചുടന്‍
ദക്ഷിണ വാരിധി പുക്കിരിക്കുന്ന നാള്‍
സപദി രഘുവരനൊടരുണജനു സാചിവ്യവും
സംഭവിക്കും പുനസ്സുഗ്രീവശാസനാല്‍
സകലദിശി കപികള്‍ തിരവാന്‍ നടക്കുന്നതില്‍
സന്നദ്ധനായ് വരുമേകന്‍ തവാന്തികേ
കലഹമവനൊടു ഝടിതി തുടരുമളവെത്രയും
കാതരയായ് വരും നീയെന്നു നിര്‍ണ്ണയം
രണനിപുണനൊടു ഭവതി താഡനവും കൊണ്ടു
രാമദൂതന്നു നല്‍കേണമനുജ്ഞയും 200
ഒരു കപിയൊടൊരു ദിവസമടി ഝടിതി കൊള്‍കില്‍ നീ-
യോടി വാങ്ങിക്കൊള്ളുകെന്നു വിരിഞ്ചനും
കരുണയൊടുഗതകപടമായ് നിയോഗിക്കയാല്‍
കാത്തിരുന്നേനിവിടം പല കാലവും
രഘുപതിയൊടിനിയൊരിടരൊഴികെ നടകൊള്‍ക നീ
ലങ്കയും നിന്നാല്‍ ജിതയായിതിന്നെടോ!
നിഖില നിശിചര കുലപതിക്കു മരണവും
നിശ്ചയമേറ്റമടുത്തു ചമഞ്ഞിതു
ഭഗവദനുചര! ഭവതു ഭാഗ്യം ഭവാനിനി-
പ്പാരാതെ ചെന്നു കണ്ടീടുക ദേവിയെ 210
ത്രിദശകുലരിപുദശമുഖാന്തഃപുരവരേ
ദിവ്യ ലീലാവനേ പാദപസംകുലേ
നവകുസുമ ഫലസഹിത വിടപിയുത ശിംശപാ
നാമവൃക്ഷത്തിന്‍ ചുവട്ടിലതിശുചാ
നിശിചരികള്‍ നടുവിലഴലൊടുമരുവിടുന്നെടോ!
നിര്‍മ്മല ഗാത്രിയാം ജാനകി സന്തതം
ത്വരിതമവള്‍ ചരിതമുടനവനൊടറിയിക്ക പോ-
യംബുധിയും കടന്നംബരാന്തേ ഭവാന്‍
അഖില ജഗദധിപതി രഘൂത്തമന്‍ പാതുമാ-
മസ്തുതേ സ്വസ്തിരത്യുത്തമോത്തംസമേ! 220
ലഘുമധുര വചനമിതി ചൊല്ലി മറഞ്ഞിതു
ലങ്കയില്‍ നിന്നു വാങ്ങീ മലര്‍മങ്കയും