ആര്‍ത്തവ സമയത്തെ സെക്‌സ്, സുരക്ഷാ മാനദണ്ഡങ്ങള്‍ ഉപയോഗിക്കുന്നതിന്റെ പ്രസക്തി; സന്തോഷകരമായ ലൈംഗിക ജീവിതം ആസ്വദിക്കാന്‍ ചില തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കണം
ലൈംഗിക ജീവിതത്തില്‍ നിര്‍ബന്ധമായും മാറ്റിയെടുക്കേണ്ട ചില ധാരണകളും മിത്തുകളുമുണ്ട്. കാലങ്ങളായി നിലനില്‍ക്കുന്ന ഇത്തരം മിത്തുകള്‍ മാറ്റിയെടുത്തില്ലെങ്കില്‍ ലൈംഗിക ജീവിതം സന്തോഷകരമാകില്ല. മാത്രമല്ല, നിരവധി പ്രശ്‌നങ്ങളും നേരിടും.
സെക്‌സില്‍ സ്വയംഭോഗത്തിനു വലിയ സ്ഥാനമുണ്ട്. എന്നാല്‍, സ്വയംഭോഗം തെറ്റാണെന്നും പാപമാണെന്നും പഠിപ്പിക്കുന്ന സംസ്‌കാരം പൊതുവെ നമുക്കിടയിലുണ്ട്. എന്നാല്‍, അത് തികച്ചും തെറ്റാണ്. സ്വയംഭോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠിപ്പിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍, സ്വയംഭോഗം ഒരിക്കലും ശാരീരികമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നില്ല എന്നാണ് യഥാര്‍ഥ പഠനങ്ങള്‍.
ആര്‍ത്തവ സമയത്തോ അതിനുശേഷമുള്ള ആദ്യ ദിവസങ്ങളിലോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭം ധരിക്കില്ലെന്നാണ് പൊതുവേയുള്ള ധാരണ. ഗര്‍ഭം ധരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ സമയമാണ് സെക്സിന് ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. എന്നാല്‍, അത് തെറ്റിദ്ധാരണയാണ്. ഈ കാലയളവിലും ഗര്‍ഭധാരണം സംഭവിച്ച അനുഭവങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗിക ബന്ധത്തിനുശേഷം ഏഴു ദിവസം വരെ ശുക്ലം ശരീരത്തില്‍ നിലനില്‍ക്കുന്നതിനാലാണ് ഇത്. ആര്‍ത്തവ ചക്രത്തില്‍ മാറ്റം വരികയും അണ്ഡവിസര്‍ജനം നേരത്തെ നടക്കുകയും ചെയ്താല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.
യോനിയിലൂടെയുള്ള ബന്ധം മാത്രമാണ് യഥാര്‍ഥ ലൈംഗിക ബന്ധമെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, അത് വളരെ തെറ്റായ ഒരു ചിന്താഗതിയാണ്. സ്നേഹത്തോടെയുള്ള ആലിംഗനവും ചുംബനവും ലൈംഗികച്ചുവയുള്ള സംസാരവും ലൈംഗിക ബന്ധത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇവയും ലൈംഗിക ബന്ധത്തില്‍ ഉള്‍പ്പെടുന്നു. ആദ്യ ചുംബനം മുതല്‍ രതിമൂര്‍ച്ഛയ്ക്കുശേഷമുള്ള അവസാന ചുംബനം വരെയുള്ള ഓരോ കാര്യങ്ങളും ലൈംഗിക ബന്ധത്തില്‍പ്പെടുന്ന കാര്യങ്ങളാണ്. ഓറല്‍ സെക്സിലൂടെ പലപ്പോഴും രതിമൂര്‍ച്ഛ സംഭവിച്ചേക്കാം. യോനിയിലൂടെയുള്ള ബന്ധത്തിലൂടെ മാത്രമാണ് രതിമൂര്‍ച്ഛ സംഭവിക്കുകയെന്ന് കരുതുന്നത് തീര്‍ത്തും തെറ്റാണ്. ഓരോ സ്ത്രീയിലെയും ക്ലിറ്റോറല്‍ ഉത്തേജനം വ്യത്യസ്തമാണ്. പല രീതിയിലൂടെയായിരിക്കും സ്ത്രീകളിലെ ഉത്തേജനം സാധ്യമാകുക. പങ്കാളിക്ക് രതിമൂര്‍ച്ഛ സംഭവിക്കുന്നത് ഏത് സാഹചര്യത്തിലാണെന്ന് അപ്പുറത്തുള്ള വ്യക്തി മനസിലാക്കേണ്ടതാണ്.
കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികബന്ധത്തില്‍ വേണ്ടത്ര തൃപ്തിനല്‍കില്ലെന്ന് കരുതുന്ന വലിയ വിഭാഗവും നമുക്കിടയിലുണ്ട്. എന്നാല്‍, സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ഉപയോഗിക്കുന്നത് വളരെ നല്ല കാര്യമാണ്. ഗര്‍ഭധാരണം ഒഴിവാക്കാനും ലൈംഗികപരമായ അസുഖങ്ങള്‍ പകരാതിരിക്കാനുമുള്ള ഏറ്റവും മികച്ച വഴിയാണ് കോണ്ടത്തിന്റെ ഉപയോഗം. ലൈംഗിക ബന്ധം സുരക്ഷിതമാക്കണമെങ്കില്‍ കോണ്ടം ഉപയോഗിക്കുന്നത് ശീലമാക്കണം.