HMPV Virus: ലോകം വീണ്ടു ലോക്ഡൗൺ കാലത്തേക്കോ? എന്താണ് ചൈനയിൽ പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്

അഭിറാം മനോഹർ
വെള്ളി, 3 ജനുവരി 2025 (14:10 IST)
കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും ലോകം പതിയെ കരകയറി വരുന്നതേയുള്ളു. കൊവിഡ് ലോകമാകെ പടര്‍ന്ന് പിടിച്ചതോടെ കൊവിഡ് മൂലമുള്ള മരണങ്ങളും കൊവിഡാനന്തരമുള്ള രോഗത്തിന്റെ ബാക്കിഫലങ്ങളും ഇന്നും മനുഷ്യര്‍ അനുഭവിച്ചുവരികയാണ്. ഇപ്പോഴിതാ കൊവിഡ് വ്യാപനം കഴിഞ്ഞ് 5 വര്‍ഷം പിന്നിടുമ്പോള്‍ ചൈനയില്‍ മറ്റൊരു വൈറസ് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച് എം പി വി) ആണ് ചൈനയില്‍ പടര്‍ന്ന് പിടിക്കുന്നത്.
 
 ചൈനയിലെ ആശുപത്രികളില്‍ ആളുകള്‍ നിറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ക്കൊപ്പം അത്തരം ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് രോഗവിവരം വാര്‍ത്തയായിരിക്കുന്നത്. ഇക്കാര്യം ചൈനീസ് സര്‍ക്കാരോ ലോകാരോഗ്യസംഘടനയോ ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല. കുട്ടികളിലാണ് എച്ച് എം പി വി കേസുകള്‍ പടരുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധിച്ച് നിരവധി മരണങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ആശുപത്രികളില്‍ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ വീഡിയോകള്‍ വലിയ തോതിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
 
 ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. 2001ല്‍ ആദ്യമായി തിരിച്ചറിഞ്ഞ ഇത് ന്യൂമോവിരിഡേ(Pneumoviridae) ഗണത്തില്‍പ്പെട്ട വൈറസാണ്. ജലദോഷം, പനി പോലുള്ള ലക്ഷണങ്ങളാണ് ഇവ കാണിക്കുക. എല്ലാ പ്രായത്തിലുള്ളവരെയും ഇവ ബാധിക്കുമെങ്കിലും 5 വയസില്‍ താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലും ഇത് ഗുരുതരമാകാം. സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് വൈറസ് ഉണ്ടാക്കുക. കടുത്ത ചുമ, മൂക്കൊലിപ്പ്,അടഞ്ഞമൂക്ക്,പനി, തൊണ്ടവേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടലും ശ്വാസതടസം പോലുള്ള ബുദ്ധിമുട്ടുകള്‍ കാണിക്കാം. ചില സന്ദര്‍ഭങ്ങളില്‍ അണുബാധ ബ്രോങ്കൈറ്റീസ്, ന്യൂമോണിയ,ആസ്ത്മ പോലുള്ള സങ്കീര്‍ണ്ണതകളിലേക്കും നയിച്ചേക്കാം.
 
 രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം വൈറസ് ബാധിച്ച വസ്തുക്കളില്‍ സ്പര്‍ശിക്കുക വഴിയോ രോഗം പടരാം. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ച ശേഷം വായിലോ മൂക്കിലോ കണ്ണിലോ സ്പര്‍ശിക്കുന്നതും രോഗബാധയുണ്ടാക്കാം. കുറഞ്ഞത് 20 സെക്കന്‍ഡെങ്കിലും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. തിരക്കേറിയ സ്ഥലത്ത് മാസ്‌ക് ധരിക്കുക എന്നിവയെല്ലാമാണ് പ്രതിരോധമാര്‍ഗങ്ങള്‍. നിലവില്‍ ഈ വൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. ഗുരുതര കേസുകളില്‍ ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article