ഡല്‍ഹിയില്‍ വായു ഗുണനിലവാര സൂചിക ഗുരുതരമായി തുടരുന്നതിനിടെ ഡല്‍ഹി നിവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങളും രൂക്ഷമാകുന്നു.ശ്വസനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി പേരാണ് വാക്കിങ് ന്യൂമോണിയയെ തുടര്‍ന്ന് ആശുപത്രികളെ സമീപിക്കുന്നത്. പൂര്‍ണതോതിലെത്തുന്ന ന്യുമോണിയയോളം ഗുരുതരമാകാത്ത രോഗാവസ്ഥയാണ് വാക്കിങ് ന്യൂമോണിയ. മൈക്കോപ്ലാസ്മ ന്യൂമോണിയ എന്ന ബാക്റ്റീരിയയാണ് രോഗാവസ്ഥയ്ക്ക് കാരണം. ഈ ബാക്ടീരിയ മൂലമുണ്ടാവുന്ന ന്യൂമോണിയയ്ക്ക് തീവ്രത കുറവായിരിക്കും. എന്നാല്‍ ചില കേസുകളില്‍ ഇത് ഗുരുതരമാകാനും ഇടയുണ്ട്. പനി,തൊണ്ടവേദന,ചുമ എന്നിവയാണ് വാക്കിങ് ന്യൂമോണിയയുടെ ലക്ഷണങ്ങള്‍. ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകും. സാധാരണ റെസ്പിറേറ്ററി ഇന്‍ഫെക്ഷനെക്കാള്‍ ഇത് നീണ്ടുനില്‍ക്കുമെന്നതാണ് പ്രധാനപ്രശ്‌നം.