പല ഹാന്‍ഡ് സാനിറ്റൈസര്‍ ബ്രാന്‍ഡുകളിലും ഉപയോഗിക്കുന്ന ഒരു ചേരുവ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ്. ക്ലീനിംഗിലും മറ്റ് ഉല്‍പ്പന്നങ്ങളിലും ഈ വിഷ പദാര്‍ത്ഥം മാറ്റിസ്ഥാപിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കൈകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ 60 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.
ബാക്ടീരിയകളെയും വൈറസുകളെയും അകറ്റി നിര്‍ത്തുന്നതിലും സോപ്പും വെള്ളവും ലഭ്യമല്ലാത്തപ്പോള്‍ കൈ ശുചിത്വം പാലിക്കുന്നതിലും അവ വിജയിക്കുന്നു. എന്നിരുന്നാലും യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ നിരവധി ഹാന്‍ഡ് സാനിറ്റൈസറുകളില്‍ കാണപ്പെടുന്ന എത്തനോള്‍ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന അപകടകരമായ ഒരു വസ്തുവായി പരിഗണിക്കുന്നു.
എത്തനോള്‍ വളരെ വിഷാംശമുള്ളതാണെന്ന് പറയപ്പെടുന്നു. ഇത് വിഷ രാസവസ്തുവായ അസറ്റാല്‍ഡിഹൈഡിന്റെ ഉത്പാദനത്തിലൂടെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ഡിഎന്‍എയെ നശിപ്പിക്കും. അസറ്റാല്‍ഡിഹൈഡാണ് മദ്യവുമായി ബന്ധപ്പെട്ട ക്യാന്‍സറിന്റെ പ്രധാന ഘടകമെങ്കിലും ഹോര്‍മോണ്‍ മാറ്റങ്ങള്‍, പോഷകങ്ങളുടെ കുറവ്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് തുടങ്ങിയ മറ്റ് ഘടകങ്ങളും ഇതിന് കാരണമാകുന്നു.