ആമാശയത്തെയും കുടലുകളെയും ബാധിക്കുന്ന അണുബാധ, 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും; നോറോ വൈറസിനെ പേടിക്കേണ്ടത് ശൈത്യകാലത്ത്

ശനി, 13 നവം‌ബര്‍ 2021 (14:50 IST)
നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പ്രധാനമായും നോറോ വൈറസ് പടരുക. ശൈത്യകാലത്ത് രൂക്ഷമാകുന്നതിനാല്‍ ശൈത്യകാല ഛര്‍ദി അതിസാര അണുബാധ എന്നും ഇതിന് പേരുണ്ട്. 
 
അണുബാധ ആമാശയത്തെയും കുടലുകളെയും ബാധിച്ച് ആക്യൂട്ട് ഗ്യാസ്ട്രോഎന്‍ട്രൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കും. തുടര്‍ന്ന് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പെട്ടെന്നുള്ള കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്ക് അണുബാധ കാരണമാകും. ഒന്നു മുതല്‍ മൂന്നുവരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ മാറാമെങ്കിലും തുടര്‍ന്നുള്ള രണ്ടു ദിവസം വരെ വൈറസ് പടരാനുള്ള സാധ്യതയുണ്ട്.
 
രോഗബാധിതരുടെ ശ്രവങ്ങള്‍ വഴി പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങിനില്‍ക്കും. അവിടങ്ങളില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്കു വൈറസ് പടരും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. പ്രധാനമായും വ്യക്തി ശുചിത്വത്തിലൂടെയാണ് ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുക. ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. ടോയ്‌ലറ്റില്‍ പോയി കഴിഞ്ഞാല്‍ കൈകള്‍ നന്നായി വൃത്തിയായി കഴുകിയ ശേഷം മാത്രമായിരിക്കണം മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍