ആരോഗ്യമുള്ള ഹൃദയത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ശ്രീനു എസ്

ശനി, 24 ഏപ്രില്‍ 2021 (19:11 IST)
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന എന്തും നമ്മുടെ ജീവനു തന്നെ ഭീഷണിയാണ്. ഇന്നത്തെ സമൂഹത്തില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കൂടി വരികയാണ്. അതിനുള്ള പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ്. തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങള്‍ക്കിടയിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് നമുക്ക് ഹൃദയത്തെ സംരക്ഷിക്കാം. 
   
ഹൃദയത്തിന്റെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് നമ്മള്‍ കഴിക്കുന്ന ആഹാരം. ഇന്നത്തെ ആഹാര രീതി തന്നെയാണ് ഹൃദ് രോഗങ്ങള്‍ക്ക് ഒരു പരിധി വരെ കാരണം. വാരിവലിച്ചു എന്തെങ്കിലുമൊക്കെ കഴിക്കുന്നതിനു പകരം കഴിവതും ശരീരത്തിനാവശ്യമായ പോഷകങ്ങളടങ്ങിയ ധാന്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍,പച്ചക്കറികള്‍,ഇലക്കറികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. അധികം മധുരം ഉപ്പ് എന്നിവ കൂടിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക. ഇളനീര്‍, നാരങ്ങ വെള്ളം എന്നിവ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. സ്ഥിരമായുള്ള വ്യായാമം ആരോഗ്യമുള്ള ഹൃദയത്തിന് സഹായിക്കും. ദിവസവും ചെറിയ രീതിയിലുള്ള വ്യായാമങ്ങളെങ്കിലും ശീലമാക്കുന്നത് ശരീരത്തില്‍ അമിതമായി കൊവുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും.ഒരു വ്യക്തി ഒരാഴ്ചയില്‍ 150-300 മിനുട്ട് വ്യായാമം പോലുള്ള ശാരീരീക പ്രവര്‍ത്തനങ്ങള്‍ ചെയ്തിരിക്കണമെന്നാണ് പഠനങ്ങള്‍പോലും പറയുന്നത്. രക്തസമ്മര്‍ദ്ദമാണ് ഹൃദ് രോഗങ്ങളുടെ പ്രധാന കാരണം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാനസികപിരിമുറുക്കം പോലുള്ളവ രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകുമെന്നതിനാല്‍ അവയെ നിയന്ത്രിക്കാന്‍ യോഗ പോലുള്ളവ ശീലിക്കുക. ഇടയ്ക്കിടയ്ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും അതിനനുസരിച്ച് ഭക്ഷണക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍