വൃത്തിയുടെ കാര്യത്തിൽ മുന്നിലാണെന്ന് മലയാളി ഇനി അഹങ്കരിക്കേണ്ട. വ്യക്തി ശുചിത്വത്തിൽ നാം പുറകോട്ടു പോയിരിക്കുന്നു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് വലിയ രീതിയിൽ ചർമ്മരോഗങ്ങൾക്ക് കാരണമാകുന്നു. ഇത്തരം പ്രശ്നങ്ങൾ കണ്ടു വരുമ്പോൾ സ്വയം ചികിത്സ നടത്തുന്നതും പ്രശ്നത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നുണ്ട്.
സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ മലയാളികൾ ഇഷ്ടപ്പെടുന്ന വസ്ത്രമാണ് ജീൻസ്. എന്നാൽ കേരളത്തിലെ കാലാവ്യസ്ഥക്ക് യോജിക്കാത്ത ഈ വസ്ത്രം നമ്മുടെ ശരീത്തിൻ എത്രത്തോളം പ്രശ്നങ്ങളുണ്ടാക്കുന്നു എന്നത് നമ്മൾ ചിന്തിക്കാറില്ല. സ്ഥിരമായി ജീൻസുപയോഗിക്കുന്നവരിൽ വന്ധ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നതായി നിരവധി പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്.
ഇപ്പോഴിതാ ജീൻസ് ഉപയോഗംകൊണ്ടുള്ള പുതിയ ചില ആരോഗ്യപ്രശ്നങ്ങൾകൂടി കണ്ടെത്തപ്പെട്ടിരിക്കുന്നു. ജീൻസ് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുമ്പോൾ അതിൽ കുമിഞ്ഞുകൂടുന്ന വിയർപ്പും ചെളിയുമാണ് മുഖ്യമായും ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നത്.
കേരളത്തിൽ നിന്നും പൂർണ്ണമായും തുടച്ചു നീക്കപ്പെട്ട കുഷ്ഠരോഗം തിരിച്ചു വരുന്നതായാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. ചിരങ്ങ്, വട്ടച്ചൊറി തുടങ്ങിയ അസുഖങ്ങൾ മുൻപ് അഞ്ച് ശതമാനമായിരുന്നെങ്കിൽ, ഇപ്പോഴത് മുപ്പത് ശതമാനമായി വർധിച്ചിരിക്കുന്നു എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.