മലയാള സിനിമയ്ക്കും മുന്നേ സഞ്ചരിച്ച കലാകാരൻ, അങ്ങനെയാണ് സോഷ്യൽ മീഡിയ പൃഥ്വിയെ വാഴ്ത്തുന്നത്. അവർ പൃഥ്വിക്ക് ഒരു ഇരട്ട പേരും നൽകുന്നുണ്ട്, ഇല്ലുമിനാട്ടി!. നടൻ, നിർമാതാവ്, വിതരണക്കാരൻ, സംവിധായകൻ, ഗായകൻ, ആക്ഷൻ കൊറിയോഗ്രാഫർ എന്നിങ്ങനെ പൃഥ്വി കഴിവ് പരീക്ഷിക്കാത്ത മേഖലയില്ല. പൃഥ്വി എന്ന നടനിലെ അഭിനയ മികവ് എടുത്തുകാട്ടുന്ന അഞ്ച് സിനിമ ഏതൊക്കെയെന്ന് നോക്കാം.
വർഗം:
അധികം ചർച്ച ചെയ്യപ്പെടാത്ത ഒരു ചിത്രമാണ് വർഗം. 2006ൽ എം.പദ്മകുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. എന്നാൽ, സോളമൻ ജോസഫ് എന്ന പൊലീസുകാരനായി പൃഥ്വിരാജ് വിസ്മയിപ്പിച്ച സിനിമയാണ് വർഗം. മുൻ പൊലീസ് ചിത്രങ്ങളിൽ നിന്നും വിഭിന്നമായി അഴിമതിക്കാരനായ ഇൻസ്‌പെക്ടർ ആയിരുന്നു സോളമൻ ജോസഫ്. പൃഥ്വിയുടെ ഫേവറിറ്റ് സിനിമ എന്നും പറയാം. തിരിച്ച് പോകാൻ കഴിയുമെങ്കിൽ, വർഗം റീമേക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഒരിക്കൽ പൃഥ്വിരാജ് പറഞ്ഞിരുന്നു.
വാസ്തവം:
പത്മകുമാർ തന്നെയാണ് പൃഥ്വിരാജിന് വാസ്തവവും സമ്മാനിച്ചത്. 24 വയസിൽ വാസ്തവം പോലൊരു സിനിമ ചെയ്യാൻ പറ്റുന്ന മറ്റൊരു നടൻ മലയാള സിനിമയിൽ വേറേ ഉണ്ടായിട്ടില്ല. എം. പത്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം ബാലചന്ദ്രൻ അഡിഗ എന്ന യുവാവിന്റെ കഥയാണ് പറഞ്ഞത്. രാഷ്ട്രീയത്തിലെ അദ്ദേഹത്തിൻ്റെ ഉയർച്ചയും തകർച്ചയും പ്രേക്ഷകർ കണ്ടു. ഏറെ നിരൂപക പ്രശംസ ലഭിച്ച ചിത്രം കൂടിയാണിത്. ഈ ചിത്രം അഭിസംബോധന ചെയ്ത സങ്കീർണ്ണമായ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾക്ക് സമകാലിക കേരളത്തിൽ ഏറെ പ്രശ്തിയുണ്ട്. ബാലചന്ദ്രനെ വിശ്വസനീയമാം വിധത്തിൽ അവതരിപ്പിച്ചതിന് പൃഥ്വിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു. ജാതീയതയ്ക്കും സ്ത്രീവിരുദ്ധതയ്ക്കും എതിരെ ധീരവും അസാധാരണവുമായ നിലപാടാണ് വാസ്തവം സ്വീകരിച്ചത്. തനിക്ക് ഏറെ ഇഷ്ടപ്പെട്ട സ്വന്തം സിനിമകളിൽ ഒന്നാണ് വാസ്തവവും അതിലെ ബാലചന്ദ്രനെന്ന കഥാപാത്രവുമെന്ന് നടൻ മുൻപൊരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്.
അകലെ:
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെ കേരളത്തിൽ സ്ഥിരതാമസമാക്കിയ ഒരു ആംഗ്ലോ ഇന്ത്യൻ കുടുംബത്തിൻ്റെ കഥയാണ് പറയുന്നത്. നീൽ ഡികോസ്റ്റ എന്ന എഴുത്തുകാരനെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. കുടുംബത്തിലെ മൂത്തതും ഏകമകനുമായതിനാൽ, കുടുംബത്തെ പരിപാലിക്കാനുള്ള സമ്മർദ്ദം നീലിനാണ്. നീലിന് വികലാംഗയായ ഒരു സഹോദരിയുണ്ട്, റോസ്. തൻ്റെ ഉത്തരവാദിത്തങ്ങൾക്കും അഭിലാഷങ്ങൾക്കും ഇടയിൽ അകപ്പെട്ട നീൽ നിലനിൽക്കാൻ ഒരു അടിത്തറ കണ്ടെത്താൻ വല്ലാതെ പാടുപെടുന്നു. നിസ്സഹായതയ്‌ക്കൊടുവിൽ നീൽ കുടുംബത്തെ ഉപേക്ഷിക്കുന്നു. കുടുംബബന്ധങ്ങൾ, നീലിൻ്റെ ദുരവസ്ഥ, മനുഷ്യബന്ധങ്ങളുടെ സൗന്ദര്യം എന്നിവ അതിൻ്റെ സാന്ത്വനമായ ആഖ്യാനത്തിലൂടെ പ്രേക്ഷകനോട് സംവദിക്കുന്നു. നീലായി പൃഥ്വിരാജിന്റെ പക്വതയാർന്ന അഭിനയമാണ് ചിത്രത്തിലുടനീളം.
കൂടെ:
അഞ്ജലി മേനോന്റെ കൂടെ പൃഥ്വിരാജിന് എന്നും പ്രിയപ്പെട്ട സിനിമയാണ്. ഏകാന്തതയോട് ഇഴുകി ചേർന്ന് ശാന്തനായി കഴിയുന്ന ജോഷ്വയാണ് ചിത്രത്തിൽ പൃഥ്വി. കുഞ്ഞ് സഹോദരിയുടെ മരണം അവനിൽ ഉണ്ടാക്കുന്ന വികാരമേതുമില്ലാത്ത അവസ്ഥയും തുടർന്ന് മരണപ്പെട്ട സഹോദരിയുടെ ആത്മാവ് അവനെ തേടി എത്തുന്നതുമാണ് കൂടെ പറയുന്നത്. കൂടെ, കുടുംബ ബന്ധങ്ങളുടെ വീണ്ടെടുപ്പിനെ കാണിച്ച് തരുന്നു. പൃഥ്വിയുടെ പ്രകടനം സൂക്ഷ്മവും വൈകാരികവുമാണ്. മനുഷ്യൻ്റെ ദുർബലതയുടെയും പ്രതിരോധശേഷിയുടെയും സാരാംശം ഉൾക്കൊണ്ടാണ് പൃഥ്വി ജോഷ്വയെ അവതരിപ്പിച്ചിരിക്കുന്നത്. കുടുംബ ബന്ധങ്ങളിൽ നിന്ന് തന്നെ കുട്ടികൾ നേരിടുന്ന ലൈംഗിക പ്രശ്നങ്ങളെയും സിനിമ കാണിച്ച് തരുന്നു.
കുരുതി:
മതത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും ഇഴപിരിഞ്ഞിരിക്കുന്ന സങ്കീർണ്ണതകൾ യാതൊരു വിട്ടുവീഴ്ചയും കൂടാതെ പറയുന്ന ചിത്രമാണ് കുരുതി. ഇന്നത്തെ കാലത്തിന്റെ നേർചിത്രം. മനു വാര്യർ സംവിധാനം ചെയ്ത ഈ ചിത്രം, ഒരു നടനെന്ന നിലയിൽ പൃഥ്വിരാജിൻ്റെ വൈദഗ്ധ്യം കാണിക്കുന്നു. പൃഥ്വിയുടെ കഥാപാത്രം നേരിടുന്ന ധാർമ്മിക പ്രതിസന്ധികളെ ബോധ്യത്തോടെയും അർത്ഥവത്തായും നടൻ പ്രതിഫലിപ്പിക്കുന്നു.