കറിക്ക് ഉപ്പ് പോരെന്ന് ഇനി പറയരുത് - പണി പാളും!

വെള്ളി, 9 മാര്‍ച്ച് 2018 (14:47 IST)
“ഉപ്പിലിട്ടതു മാത്രം മതി ഒരു പ്ലേറ്റ് ചോറ് അകത്താ‍ക്കാന്‍“ എന്ന വീരവാദം മുഴക്കുന്നവരുടെ നാട്ടിലാണ് നാം കഴിയുന്നത്. ഉപ്പിലിട്ട ഒരു കണ്ണിമാങ്ങ കഴിച്ചാല്‍ ആ ഭരണി മുഴുവന്‍ രണ്ട് ദിവസം കൊണ്ട് അകത്താക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്രവലിയ നല്ല കാര്യമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
 
‘ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും‘ എന്ന് പറയുന്നതു പോലെ, ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ് ഉള്‍പ്പെടുത്തുന്നത് പക്ഷാഘാതത്തെ ക്ഷണിച്ചു വരുത്തുമെന്ന് ഒരു പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒരാള്‍ അഞ്ച് ഗ്രാം ഉപ്പ് മാത്രമേ ഒരു ദിവസം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവൂ എന്നാണ് കണക്ക്. 
 
എന്നാല്‍, ആളുകള്‍ ദിവസേന ശരാശരി 10 ഗ്രാമില്‍ കൂടുതല്‍ ഉപ്പ് അകത്താക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദിവസേന ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പില്‍ കുറവാണ് നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എങ്കില്‍ പക്ഷാഘാത സാധ്യത 25 ശതമാനം കുറയ്ക്കാനാവുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
 
കുറഞ്ഞ അളവില്‍ ഉപ്പ് ഉപയോഗിക്കുന്നത് ഹൃദ്രോഗ സാധ്യത 17 ശതമാനമായി കുറയ്ക്കുമെന്ന് വ്യത്യസ്തങ്ങളായ 13 പഠനങ്ങളില്‍ കണ്ടെത്തി എന്നുകൂടി അറിയുമ്പോള്‍ ഇതിന്റെ ഗൌരവത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചേക്കും.
 
ഉപ്പ് അകത്താക്കുന്നത് നിയന്ത്രിക്കുന്നതിലൂടെയും ചികിത്സയിലൂടെയും 40 ശതമാനം പക്ഷാഘാതങ്ങളും ഒഴിവാക്കാമെന്നാണ് ഗവേഷരുടെ നിഗമനം. എന്തായാലും ഇനി കറിക്ക് ഉപ്പ് പോരെന്ന് പറഞ്ഞ് ബഹളമുണ്ടാക്കും മുമ്പ് ഇക്കാര്യങ്ങളും ഓര്‍ക്കൂ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍