മുട്ട കേടുവന്നോ എന്നറിയാന്‍ എളുപ്പവഴി ഇതാ; ഒരു ഗ്ലാസ് വെള്ളം മാത്രം മതി

Webdunia
വെള്ളി, 19 ഓഗസ്റ്റ് 2022 (19:35 IST)
മുട്ട ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ചോറുണ്ണാന്‍ കറിയൊന്നും ഇല്ലെങ്കില്‍ ഒരു ഓംലറ്റുണ്ടാക്കി ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. അതിനാല്‍ തന്നെ വീട്ടിലെ ഫ്രിഡ്ജില്‍ എപ്പോഴും കോഴിമുട്ടയോ താറാമുട്ടയോ സ്ഥിരം സൂക്ഷിക്കാനും നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍, എത്ര ദിവസം വരെ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കാം? ഫ്രിഡ്ജില്‍ നിന്ന് എടുക്കുന്ന മുട്ട കേടായിട്ടുണ്ടോ എന്ന് എങ്ങനെ അറിയാന്‍ സാധിക്കും? ഇതാ ചില പൊടിക്കൈകള്‍. 
 
ഏകദേശം 10 ദിവസം വരെയാണ് മുട്ട കേടാകാതെയിരിക്കുക. അതിനാല്‍ പത്ത് ദിവസത്തില്‍ കൂടുതല്‍ മുട്ട ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അത്ര നല്ല കാര്യമല്ല. മാത്രമല്ല, ഫ്രിഡ്ജില്‍ നിന്ന് എടുക്കുന്ന മുട്ട കേടായിട്ടുണ്ടോ എന്നറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. ഒരു ഗ്ലാസ് വെള്ളം മാത്രം മതി ഇതിന്. 
 
ആദ്യം ചെയ്യേണ്ടത് ഒരു ഗ്ലാസില്‍ നിറച്ച് വെള്ളമെടുക്കുകയാണ്. ഇനി ഈ വെള്ളത്തിലേക്ക് ഓരോ മുട്ടയായി ഇട്ടു നോക്കുക. വെള്ളത്തില്‍ മുട്ടയുടെ കിടപ്പു ശ്രദ്ധിച്ചാല്‍ തന്നെ വളരെ കൃത്യമായി ഓരോ മുട്ടയുടെയും പഴക്കം നമുക്ക് കണ്ടെത്താം. ഒരു മുട്ട താഴ്ന്നു കിടക്കാന്‍ ആവശ്യമായ വിധം വെള്ളം ഗ്ലാസില്‍ എടുക്കണം. അതിലേക്ക് വളരെ സൂക്ഷിച്ച് മുട്ട ഇടുക. അതില്‍ വെള്ളത്തില്‍ താഴ്ന്നുകിടക്കുന്ന മുട്ട പുതിയതും പൊങ്ങിക്കിടക്കുന്ന മുട്ട പഴകിയതുമായിരിക്കും. ഗ്ലാസിന്റെ താഴെ ഒരു വശത്തായി താഴ്ന്നു കിടക്കുന്ന മുട്ട കേടില്ലാത്തതാണ്. എന്നാല്‍, ഗ്ലാസിന്റെ മുകളില്‍ പൊങ്ങിക്കിടക്കുന്ന മുട്ട ഉപയോഗിക്കാതിരിക്കുകയാണ് ഉചിതം. 
 
പുതിയ മുട്ടയില്‍ വായുവിന്റെ അംശം കുറവായിരിക്കും. സ്വാഭാവികമായും ഈ മുട്ട വെള്ളത്തില്‍ താഴ്ന്നായിരിക്കും കിടക്കുക. പഴകുന്തോറും മുട്ടയിലെ ജലാംശം കുറയുക മാത്രമല്ല മുട്ടത്തോടിലെ ചെറിയ സുഷിരങ്ങളിലൂടെ വായു മുട്ടയ്ക്കുള്ളില്‍ കടക്കുകയും ചെയ്യും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article