എന്താണ് പാനിക് അറ്റാക്ക്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ശനി, 11 മാര്‍ച്ച് 2023 (15:31 IST)
എന്തെങ്കിലും കാര്യം ഓര്‍ത്ത് ഉണ്ടാകുന്ന അതിരുകവിഞ്ഞ ഉത്കണ്ഠ, ഈ ചിന്ത നമ്മളില്‍ കൂടി കൂടി വരുന്നു. ഇത് നിയന്ത്രിക്കാന്‍ സാധിക്കാത്ത തലത്തിലേക്ക് നീങ്ങുന്നു. ദൈനംദിന ജോലികളോ മറ്റോ ചെയ്യാന്‍ സാധിക്കാത്ത രീതിയിലേക്ക് ഇത് നമ്മളെ കൊണ്ടെത്തിക്കുന്നു. ഒരാഴ്ചയില്‍ തന്നെ നിരവധി തവണ ഇതേ അവസ്ഥ ഉണ്ടാകുന്നു. ഈ അസ്വസ്തതയില്‍ നിന്നും രക്ഷനേടാനായി ചിലര്‍ ബാഹ്യ സമ്പര്‍ക്കമെല്ലാം ഒഴിവാക്കി വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്നു. ഇത്തരം അവസ്ഥയാണ് പാനിക് അറ്റാക്ക്. ഈ വൈകാരികാവസ്ഥ സൃഷ്ടിക്കുന്ന സന്തര്‍ഭങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരക്കാര്‍ പല രീതിയിലുള്ള ഒഴിഞ്ഞു മാറലുകളും സൃഷ്ടിക്കുന്നത്.
 
തലച്ചോറിലെ ബ്രെയിന്‍സ്റ്റെം, ലിംബിക് വ്യൂഹം, പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സ് എന്നീ ഭാഗങ്ങളാണ് നമ്മളിലെ ഉത്കണ്ഠയെ നിയന്ത്രിക്കുന്നത്. ഈ അസുഖമുള്ളവര്‍ക്ക് പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകുന്നു. അത് കൂടി കൂടി അസഹനീയമായി തീരുകയും ചെയ്യും. വല്ലാതെ വിയര്‍ക്കുക, ശാസോച്ച്വാസത്തിന്റെ ദൈര്‍ഖ്യം കുറയുക, എന്തോ അരുതാത്തത് സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഉണ്ടാകുക, മനസ്സ് ഏതോ ശൂന്യതാ ബോധത്തിന് അടിമപ്പെട്ടതു പോലെയുള്ള അനുഭവം ഉണ്ടാകുക, ശ്വാസം മുട്ടല്‍ ഉണ്ടാകുക, ചില ശരീരഭാഗങ്ങള്‍ തുടിക്കുക അല്ലെങ്കില്‍ മരവിപ്പ് തോന്നുക, നെഞ്ചിടുപ്പ് കൂടുക, താന്‍ മരിച്ചു പോകുമോ എന്ന് ചിന്ത മസില്‍ ഉടലെടുക്കുക
തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.
ഈ അവസ്ഥയുള്ള ചിലര്‍ ഹൃദയസ്തംഭനം ആണെന്ന പേടിമൂലം ആശുപത്രികളില്‍ ചികിത്സ തേടാറുണ്ട്. തനിക്ക് ഇനിയുള്ള രക്ഷ ആശുപത്രിയില്‍ നിന്ന് മാത്രമേ ലഭ്യമാകുയെന്ന തോന്നലാണ് ഈ അവസ്ഥക്ക് കാരണമാകുന്നത്.
ഇത്തരം ഒരു അവസ്ഥയ്ക്കുള്ള ശരിയായ കാരണം ഇപ്പോളും വ്യക്തമാക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേകുറിച്ച് ഇപ്പോളും ഗവേഷണങ്ങള്‍ നടക്കുകയാണ്. എന്നിരുന്നാലും ഇപ്പോഴുള്ള അറിവനുസരിച്ച് ദീര്‍ഘനാളായുള്ള ഉറ്റവരുടെയും പ്രിയപ്പെട്ടവരുടെയും വേര്‍പാട്, പാരമ്പര്യം, ജീവിത സാഹചര്യങ്ങള്‍, ചില വ്യക്തികളുടെ പ്രത്വേകത എന്നിവ ഈ അവസ്ഥക്ക് കാരണമാകാറുണ്ട്.
 
ഇത്തരം അവസ്ഥയുള്ള ആളുകളില്‍ കാണുന്ന മറ്റൊരു ലക്ഷണമാണ് അഗോറഫോബിയ. ഏതെങ്കിലും തിക്കിലും തിരക്കിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ അകപ്പെട്ടാല്‍ തങ്ങള്‍ക്ക് അവിടെനിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ, പാനിക് അറ്റാക്ക് ഉണ്ടാകുമോ, ആവശ്യമായ ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയം മൂലം വ്യക്തികളുടെ പെരുമാറ്റത്തില്‍ പ്രകടമാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ. പാനിക് ഡിസോര്‍ഡര്‍ ദീര്‍ഘകാലം നീണ്ടുനിന്നാലാണ് പലരിലും ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത്തരം അവസ്ഥ വന്നാല്‍ രോഗിക്ക് പുറത്ത് പോകാനും മറ്റുകാര്യങ്ങള്‍ക്കും എല്ലാ സമയത്തും വേറെയൊരു വ്യക്തിയുടെ സഹായം ആവശ്യമായി വരുകയും ചെയ്യും.
 
വിശദമായ ശാരീരിക-മാനസിക പരിശോധനകളിലൂടെ രോഗം പാനിക് ഡിസോര്‍ഡറാണെന്ന് തെളിഞ്ഞാല്‍ ഒരു മനോരോഗവിദഗ്ദ്ധന്റെ ചികിത്സയാണ് ഇതിന് അഭികാമ്യം. അസ്വസ്ഥമായ ചിന്തകളെകുറിച്ചും, പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെ കുറിച്ചും അദ്ദേഹത്തോട് വിശദമായി ചോദിച്ച് മനസിലാക്കുക. കൂടാതെ മറ്റ് മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയുകയും വേണം. കൂടാതെ ഔഷധ ചികിത്സയിലൂടേയും ഈ രോഗം മാറ്റിയെടുക്കാന്‍ സാധിക്കും. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്റിഡിപ്രസന്റ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദരോഗമുള്ളവര്‍ക്കും അഗോറഫോബിയയുള്ളവര്‍ക്കും ഈ മരുന്നുകള്‍ വളരെ ഫലപ്രദമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article