ചുവപ്പ് ഇത്രയും ഹോട്ടാണോ?

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2011 (12:27 IST)
IFM
ഇരുട്ടില്‍ മഞ്ചാടിക്കുരു പോലെ തെളിയുന്ന ഒരു ചുവന്ന വെളിച്ചം അപായ സൂചനയാവാം. എന്നാല്‍ ചുവപ്പ് നിറം പരിശുദ്ധ സ്നേഹത്തിന്റേതുകൂടിയാണ്. ചുവപ്പിനെക്കുറിച്ച് പറയുമ്പോള്‍ ചുവന്ന റോസും, സൂര്യന്റെ അന്തിച്ചുവപ്പും, മാണിക്യക്കല്ലുമെല്ലാം നമ്മുടെ മനസ്സിലേക്കോടിയെത്തും.

നില്‍ക്കൂ, എന്നെ ശ്രദ്ധിക്കൂ...എന്ന മട്ടിലാണ് എപ്പോഴും ചുവപ്പ് നിറത്തിന്റെ നില്‍പ്പ്.
ലോകത്ത് മറ്റൊരു നിറത്തെക്കുറിച്ചും ഇത്രയധികം പഠനങ്ങള്‍ നടന്നിട്ടുണ്ടാവില്ല. വിപ്ലവവും ത്യാഗവും അലിഞ്ഞു ചേര്‍ന്ന ചുവപ്പ് ആരെയും ആകര്‍ഷിക്കുന്നതുകൂടിയാണ്. സ്ത്രീകളുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കാന്‍ അരുണാഭമായ അധരങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ചുവപ്പും ആകര്‍ഷണീയതയും തമ്മിലുള്ള മനപ്പൊരുത്തം അത്രയ്ക്ക് വലുതാണെന്ന് ചുരുക്കം.

ചുണ്ടുകള്‍ക്ക് അത്ര ചുവപ്പ് പോര എന്നു കരുതുന്ന സുന്ദരിമാര്‍ വിഷമിക്കേണ്ട. പരിഹാരമായി ലിപ്സ്റ്റികുകള്‍ വിപണിയില്‍ ഉണ്ടല്ലോ. അധരങ്ങള്‍ക്ക് അഴക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ചുവപ്പ് നിറത്തെ വെല്ലാന്‍ മറ്റൊന്നിനുമാവില്ലത്രേ. ചുവന്ന ലിപ്സ്റ്റിക് ഉപയോഗിക്കുന്ന സ്ത്രീകളെയാണ് പുരുഷന്മാര്‍ ഇഷ്‌ടപ്പെടുന്നത് എന്നാണ് ഒരു പുതിയ പഠനം തെളിയിക്കുന്നത്.

സ്ത്രീ ശരീരത്തിലെ ഏറ്റവും ആകര്‍ഷണീയതയുള്ള ഭാഗമായി ചുണ്ടിനെയാണ് പുരുഷന്മാര്‍ കാണുന്നതത്രേ. ചുവന്ന ലിപ്സ്റ്റിക് ധരിച്ച പെണ്‍കുട്ടിയെ അവര്‍ ഏറെ നേരം നോക്കിനില്‍ക്കും. ഈ നോട്ടം 7.3 സെക്കന്റ് നേരമെങ്കിലും നീണ്ട് നില്‍ക്കും. പിങ്ക് നിറമാണെങ്കില്‍ 6.7 സക്കന്റ് ആണ് നോട്ടത്തിന്റെ സമയ ദൈര്‍ഘ്യം.

മേക്കപ്പ് ഇല്ലാതെ കാണുന്നവരെ 2 സക്കന്റില്‍ കൂടുതല്‍ പുരുഷന്‍‌മാര്‍ നോക്കില്ല എന്നും പഠനത്തില്‍ പറയുന്നു. സ്ത്രീകളുടെ ചിത്രങ്ങള്‍ നല്‍കിയ ശേഷം പുരുഷന്‍‌മാരുടെ പ്രതികരണം നിരീക്ഷിക്കുകയാണ് പഠനം നടത്തിയവര്‍ ചെയ്തത്. പഠനത്തില്‍ പങ്കാളികളായ ഭൂരിഭാഗം പുരുഷന്മാരും ചുവപ്പ്‌ വസ്‌ത്രമണിഞ്ഞതും ചുവന്ന പശ്ചാത്തലത്തില്‍ നില്‍ക്കുന്നതുമായി സ്‌ത്രീകളുടെ ചിത്രങ്ങളാണത്രേ മനോഹരമെന്ന ഗണത്തില്‍പ്പെടുത്തിയത്‌. ചുവപ്പിലാണ് എപ്പോഴും കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നതെന്ന് ചുരുക്കം. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന നിറമായ ചുവപ്പ് കാഴ്ചയിലെ ചന്തം കൂട്ടാനുതകുന്നതുമാണ്.

പ്രണയം, ഭക്തി, വിപ്ലവം - പല സംസ്‌കാരങ്ങളിലും ചുവപ്പ് നിറത്തിന് പല അര്‍ത്ഥങ്ങളാണ് കല്‍പ്പിക്കുന്നത്. എന്നാല്‍ ആകര്‍ഷണീയത കൂട്ടുന്ന കാര്യത്തില്‍ ചുവപ്പ് നിറത്തിനുപരിയായി മറ്റൊരു നിറവും എങ്ങുമില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചുവപ്പിന്റെ പ്രചാരം കൂട്ടാന്‍ നമ്മുടെ സിനിമകളും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പ്രണയ-നൃത്തരംഗങ്ങളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ചുവന്ന വേഷങ്ങളും അലങ്കാരങ്ങളുമൊക്കെ.

ചുവന്ന ചുണ്ടുകളോട് താല്പര്യം വര്‍ദ്ധിക്കുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ചുവപ്പില്‍ വിരിയുന്ന അധരഭംഗി പുരുഷന്മാരുടെ ഉറക്കം കെടുത്തുമെന്ന് അവരും സാക്‍ഷ്യപ്പെടുത്തുന്നു. അധരങ്ങളുടെ ആകൃതിക്കും വലിപ്പത്തിനും പതിന്‍‌മടങ്ങ് ഭംഗി കൂട്ടാന്‍ ചുവപ്പിന് സാധിക്കുന്നതിനാലാവാം ഇത്. ഇനി സുന്ദരിമാര്‍ ചുവപ്പ് ലിപ്സ്റ്റിക് കൈയില്‍ കരുതാന്‍ മറ്റെന്തെങ്കിലും കാരണം വേണോ?