അതിസുന്ദരികള്‍ ഇന്ത്യയില്‍‍...

Webdunia
FILEWD
ലോകത്തിലെ ഏറ്റവും സുന്ദരികളാരെന്ന ചോദ്യത്തേച്ചൊല്ലി ഇനി തര്‍ക്കങ്ങള്‍ വേണ്ടേ വേണ്ട. ഇന്ത്യന്‍ സ്ത്രീകളാണത്രെ ലോകത്തെ അതിസുന്ദരികള്‍! ഇന്ത്യക്കാര്‍ തന്നെയാണോ ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നതെന്ന കുസൃതി ചോദ്യം വേണ്ട. ആഗോള കോസ്മെറ്റിക്സ് കമ്പനി ക്ലിനിക്സ് 12 രാജ്യങ്ങളിലെ പതിനായിരത്തോളം ആളുകളോടാണ് ലോകത്തെ ഏറ്റവും സുന്ദരികള്‍ ആരെന്ന സുന്ദരമായ ചോദ്യം ചോദിച്ചത്.

ഇറ്റലി, റഷ്യ എന്നീ രജ്യങ്ങളിലെ സ്ത്രീകള്‍ മാത്രമാണത്രെ ഇന്ത്യന്‍ സുന്ദരികളുമായുള്ള മത്സരത്തില്‍ അടുത്തെങ്കിലും എത്തിയത്. എന്തിനേറെ പറയുന്നു, ബ്രിട്ടിഷുകാര്‍ പോലും മൊഴിയുന്നത് ഇന്ത്യന്‍ സുന്ദരികള്‍ക്കു പിറകിലാണ് തങ്ങളുടെ നാടന്‍ സുന്ദരികളെന്നാണ്! സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 84 ശതമാനവും ഇന്ത്യന്‍ സുന്ദരികള്‍ക്ക് വേണ്ടിയാണ് വോട്ടുചെയ്തത്. സര്‍വേ റിപ്പോര്‍ട്ട് ബ്രിട്ടനിലെ ഡെയിലി ടെലഗ്രാഫ് ദിനപത്രമാണ് പ്രസിദ്ധീകരിച്ചത്.

ബ്രിട്ടനിലെ സ്ത്രീകള്‍ തങ്ങളുടെ സൌന്ദര്യത്തെപ്പറ്റി പങ്കാളി എന്തു പറയുന്നുവെന്നതിനേക്കുറിച്ച് ആവലാതിപ്പെടാറേയില്ല. പുരുഷന്മാരെ സന്തോഷിപ്പിക്കാനായി അണിഞ്ഞൊരുങ്ങുന്നവരില്‍ എറ്റവും പിന്നിലും ബ്രിട്ടിഷുകാര്‍ തന്നെ. പുരുഷന്മാര്‍ തങ്ങളുടെ സൌന്ദര്യത്തേക്കുറിച്ച് എന്തു ചിന്തിക്കുന്നുവെന്നോര്‍ത്ത് ഏറ്റവുമധികം ടെന്‍ഷനടിക്കുന്നവരില്‍ സ്പെയിന്‍‌കാര്‍ക്കും കൊറിയക്കാര്‍ക്കുമൊപ്പം ഇന്ത്യന്‍ സ്ത്രീകളുമുണ്ട്.

കോസ്മെറ്റിക് സര്‍ജറിയെങ്കില്‍, കോസ്മെറ്റിക് സര്‍ജറി... ഇങ്ങനെ സൌന്ദര്യം വര്‍ധിപ്പിക്കാന്‍ തലപുകയുന്ന സ്ത്രീകളുടെ എണ്ണം അനുദിനം പെരുകുകയാണ്. പക്ഷേ ശസ്ത്രക്രിയ നടത്തി ഭംഗി വര്‍ധിപ്പിക്കുന്നതിനോട് ഇന്ത്യന്‍ വനിതകള്‍ക്ക് അത്ര താല്പര്യം ഇല്ല. മൂന്നു ശതമാനം ഇന്ത്യക്കാര്‍ മാത്രമെ വളഞ്ഞവഴിയിലൂടെ സൌന്ദര്യം വര്‍ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നുള്ളൂ.

അമിതമായ മേക്കപ്പിനോടും ഇന്ത്യക്കാര്‍ക്ക് യോജിപ്പില്ല. എന്നാല്‍ ദിവസത്തില്‍ പലവട്ടം മുഖം കഴുകി വെടിപ്പാക്കുന്നതില്‍ ഇന്ത്യക്കാര്‍ക്കൊപ്പമെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും സര്‍വേ പറയുന്നു! 16 നും 59 നും ഇടയില്‍ പ്രായമുള്ളവരെ പങ്കെടുപ്പിച്ചായിരുന്നു സൌന്ദര്യ സര്‍വേ.