ജീവിതത്തിലെ പല കാര്യങ്ങളില്‍ നിന്നും ഓടിപ്പോകുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. നമുക്ക് ഇഷ്ടപ്പെടാത്ത സാഹചര്യത്തിലൂടെ കടന്നു പോകുമ്പോഴോ, താങ്ങാനാവാത്ത ഉത്തരവാദിത്വം ഉണ്ടാകുമ്പോഴോ, സങ്കടങ്ങള്‍ ഉണ്ടാകുമ്പോഴോ ഒക്കെ അതിനെ നേരിടുന്നതിന് പകരം മറ്റേതെങ്കിലും വഴി തെരഞ്ഞെടുക്കുന്നവര്‍. ചിലപ്പോഴൊക്കെ നമ്മളില്‍ ഓരോരുത്തരും എസ്‌കേപ്പിസത്തിലൂടെ കടന്നു പോയിട്ടുണ്ടാകും.
ഞൊടിയിടയില്‍ ലോകത്തിലെ ഏത് കോണിലുള്ളവരുമായി ബന്ധപ്പെടാന്‍ സാധിക്കുമെങ്കിലും ചിലര്‍ സ്വയം ഒരുങ്ങി ജീവിക്കാന്‍ ആഗ്രഹിക്കാറുണ്ട്. സത്യത്തില്‍ അതും എസ്‌കേപ്പിസം തന്നെയാണ്. തനിക്ക് ഇത് ചെയ്യാന്‍ കഴിയില്ലെന്നോ ഇതെനിക്ക് വേണ്ടെന്നോ ഉറച്ച് പറയാന്‍ ധൈര്യമില്ലാത്തിടത്താണ് ഒരു വ്യക്തി എസ്‌കേപ്പിസത്തിലേക്ക് എത്തുന്നത്. ചില അപൂര്‍വ്വം സാഹചര്യങ്ങളില്‍ അത് ചിലപ്പോള്‍ ആത്മഹത്യയിലേക്കും മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന സാഹചര്യത്തിലേക്കും വരെ എത്തിയേക്കാം. പക്ഷെ ഇതെല്ലാം അപൂര്‍വ്വ സാഹചര്യത്തില്‍ മാത്രമാണ് സംഭവിക്കുക.
ചിലര്‍ ഇഷ്ടമല്ലാത്തതോ സമ്മര്‍ദ്ദത്തിലാകുന്നതോ ആയ സാഹചര്യത്തില്‍ നിന്നും ഒഴിവാകാനായി താല്‍പര്യമുള്ള ജോലികളില്‍ വ്യാപൃതരായിക്കൊണ്ടിരിക്കും. ഇതിനും സാധിക്കാത്തവരുടെ സമനില തെറ്റാനുള്ള സാധ്യത പോലുമുണ്ടാകുന്നു. സത്യത്തില്‍ എല്ലാ മനുഷ്യരിലും എസ്‌കേപ്പിസമുണ്ട്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചിന്തിക്കാതിരിക്കുക, അപ്രിയ സത്യങ്ങള്‍ കേള്‍ക്കുന്നതില്‍ നിന്നും ഒഴിഞ്ഞുമാറുക എന്നിവയെല്ലാം ഒരു തരത്തില്‍ എസ്‌കേപ്പിസം തന്നെയാണ്.
പലപ്പോഴും പലതില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള പ്രവണതയായി മാറുമ്പോഴും അത് ദൈനം ദിന ജീവിതത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് എസ്‌കേപ്പിസം ഒരു പ്രശ്‌നമായി മാറുന്നത്. എന്നാല്‍ ആത്മവിശ്വാസം ഉയര്‍ത്തുക എന്നത് മാത്രമാണ് എസ്‌കേപ്പിസത്തിനുള്ള പരിഹാരം. അനുഭവിച്ച് കാര്യങ്ങളെ തിരിച്ചറിയുമ്പോള്‍ പലതിനോടുമുള്ള പേടി ഇല്ലാതാകും. നാം നേരിടേണ്ട പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെ നേരിടണം എന്ന് തിരിച്ചറിയുന്നിടത്ത് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു.