പാസിഫ്ലോറ എഡുലിസ് എന്നറിയപ്പെടുന്ന പാഷൻ ഫ്രൂട്ടിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഉയർന്ന അളവിൽ പ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നതിനാൽ പാഷൻ ഫ്രൂട്ട് നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തിൽ ഏറെ സുലഭമാണ്. പല നിറങ്ങളിലും രൂപത്തിലും ഇതു കാണാറുണ്ട്. പർപ്പിൾ, മഞ്ഞ എന്നിവയാണ് ഏറ്റവും അറിയപ്പെടുന്ന ഇനങ്ങൾ. വൈറ്റമിൻ സി യും ഇതിൽ ഉണ്ട്. കൂടാതെ പൊട്ടാസ്യം, കാൽസ്യം, അയൺ, ഫൈബർ എന്നിവയും ഫോസ്‌ഫറസ്, നിയാസിൻ, വൈറ്റമിൻ ബി 6 എന്നിവയും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്.
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സിയും ആൽഫ കരോട്ടീനും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും , ഇരുമ്പ് സത്ത് അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു. ഹൃദയത്തിന് ആരോഗ്യമേകുന്ന പൊട്ടാസ്യം, പാഷൻഫ്രൂട്ടിൽ ധാരാളം അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഫ്രൂട്ടിൽ 10.4 ഗ്രാം നാരുകൾ ഉണ്ട്. ഇതു ദഹനത്തിനു സഹായിച്ച് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
മലബന്ധം ഒഴിവാക്കുന്നു. കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും കോശ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ധാരാളം നാരുകൾ അടങ്ങിയ ഈ പഴം രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോളിനെ നീക്കാൻ സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയതിനാൽ ഈ പഴം ഹൃദ്രോഗം വരാതെ തടയുന്നു. ഇത് സ്ട്രെസ് കുറയ്ക്കാനും ഉത്ക്കണ്ഠ അകറ്റാനും സഹായിക്കുന്നു. പാഷൻ ഫ്രൂട്ട് ജ്യൂസ് , സ്ക്വാഷ് , ജാം എന്ന രീതിയിൽ കഴിക്കാവുന്നതാണ്.