ചൂയിംഗം ഒരിക്കലെങ്കിലും ചവയ്ക്കാത്തവരായി ആരും ഉണ്ടാവില്ല. ക്രിക്കറ്റ് താരങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ ചൂയിംഗം ചവയ്ക്കുന്നത് പതിവാണ്. വർഷങ്ങളായി ഈ സാധനം വിപണിയിൽ ലഭ്യമാണ്. ഇത്തരം മിഠായികള്‍ ചവയ്ക്കുന്നത് ശീലമാക്കിയവരും ഉണ്ട്. പലര്‍ക്കും ഇതൊരു അഡിക്ഷന്‍ പോലെയാണ്. ഇത് സ്ഥിരമായി കഴിക്കുന്നവർക്ക് അതിന്റെ ദോഷവശങ്ങളെ കുറിച്ച് ധാരണയില്ല. ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ മുന്‍ കാലങ്ങളില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി വന്നിരുന്നു.
എന്നാല്‍ വലിയൊരു മുന്നറിയിപ്പുമായിട്ടാണ് ലോസ് ആഞ്ചലസിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ രംഗത്ത് വന്നിരിക്കുന്നത്. ഭാവിയില്‍ കടുത്ത ആരോഗ്യ പ്രത്യാഘാതങ്ങള്‍ ചൂയിംഗം ചവയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചൂയിംഗം ചവയ്ക്കുമ്പോള്‍ നാം അറിയാതെ ആയിരക്കണക്കിന് മൈക്രോ-പ്ലാസ്റ്റിക് കണങ്ങളാണ് ശരീരത്തിലേക്കു കടക്കുന്നത്. ഇത് നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുമത്രേ.
പ്രത്യേകതരം മരത്തില്‍ നിന്ന് കിട്ടുന്ന നീരാണ് നേരത്തെ ചൂയിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ അതിന് മാറ്റമുണ്ടായി. വാണിജ്യതലത്തില്‍ ചൂയിംഗത്തിന്റെ ഉല്‍പാദനം വര്‍ധിച്ചതോടെ സിന്തറ്റിക് വസ്തുക്കള്‍ ചേര്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ പ്ലാസ്റ്റിക് ആണ് പ്രധാന മിശ്രിതം. അത് ചവയ്ക്കാന്‍ പറ്റുന്ന രൂപത്തില്‍ ആക്കുന്നു. കൂട്ടത്തില്‍ വിവിധ ഫ്‌ളേവറുകളും ചേര്‍ക്കുന്നു. ഉപഭോക്താക്കള്‍ അറിയുന്നില്ലെന്ന് മാത്രം.
സിന്തറ്റിക് പോളിമറുകളാണ് ചൂയിംഗം ഉണ്ടാക്കാന്‍ നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പോളിയെത്തിലീന്‍, പോളി വിനൈല്‍ അസറ്റേറ്റ് തുടങ്ങിയ ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത്. ഇത് ഉപയോഗിച്ചാണ് നാം ചവയ്ക്കുന്ന ചൂയിംഗം ഉണ്ടാകാവുന്നത്. ചുരുക്കി പറഞ്ഞാൽ പ്ലാസ്റ്റിക് ആണ് ചവച്ച് ഇറക്കുന്നത്. അപകടകാരികളായ മൈക്രോ-പ്ലാസ്റ്റിക് കണികകള്‍ ഉമിനീരുമായി കലരും. ആയിരക്കണക്കിന് പ്ലാസ്റ്റിക് കണങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. അതാണ് പിന്നീട് നാഡി വ്യവസ്ഥയെ തകര്‍ക്കുന്നത്.