ജീവിതശൈലി അന്നനാള ക്യാന്‍സറിന് കാരണമാകുന്നോ? പുകവലിയും മദ്യപാനവും എങ്ങനെ അപകടകരമാകുന്നു എന്നറിയാം
ബുധന്‍, 30 ഏപ്രില്‍ 2025 (10:41 IST)
esophagus cancer
ഡോ കാര്‍ത്തിക് കുല്‍ശ്രേസ്ത
അന്നനാളത്തിലുണ്ടാകുന്ന ക്യാന്‍സര്‍ രോഗാവസ്ഥയാണ് അന്നനാള ക്യാന്‍സര്‍. വായയില്‍ നിന്നും ആമാശയത്തിലേക്ക് ഭക്ഷണപദാര്‍ത്ഥങ്ങളെത്തിക്കുന്ന അന്നനാളത്തിലുണ്ടാകുന്ന ക്യാന്‍സര്‍ബാധ ലോകത്തുടനീളം വലിയ അളവില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ രോഗബാധയ്ക്ക് പല കാരണങ്ങളുണ്ട്, എങ്കിലും തെറ്റായ ജീവിതശൈലി രോഗസാധ്യതാ തോതും രോഗത്തിന്റെ കാഠിന്യവും വര്‍ധിക്കുവാന്‍ കാരണമാകുന്നു. പുകവലി, അമിത മദ്യപാന ശീലം തുടങ്ങിയവയെല്ലാം ഈ രോഗത്തിന് ആക്കം കൂട്ടുന്നവയാണ്.
പുകവലിയും അന്നനാള ക്യാന്‍സറും
അന്നനാള ക്യാന്‍സര്‍ ഉണ്ടാകുവാനുള്ള സാധ്യത പുകവലിക്കുന്ന വ്യക്തികളില്‍ വളരെയേറെയാണ്. പുകവലിക്കുന്നതിലൂടെ കാര്‍സിനോജനുകള്‍ അഥവാ ഡിഎന്‍എയെ നേരിട്ട് തകരാറിലാക്കുന്നതും ക്യാന്‍സറിന് കാരണമാകുകയും ചെയ്യുന്ന ഘടകങ്ങള്‍ ശരീരത്തിലേക്കെത്തുന്നു. ഇവ ശ്വാസകോശത്തെ മാത്രമല്ല, അന്നനാളത്തേയും പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് അന്നനാളത്തിന്റെ മുകള്‍ ഭാഗത്തേയും മധ്യഭാഗത്തേയും.
പുകവലി ശീലമുള്ള വ്യക്തികള്‍ക്ക് പുകവലിക്കാത്തവരേക്കാള്‍ അന്നനാള ക്യാന്‍സറിനുള്ള സാധ്യത പലമടങ്ങാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുകവലിയുടെ തോത് കൂടുന്നതിനനുസരിച്ച് രോഗസാധ്യതയും ഉയരും. പുകവലി ശീലം ഉപേക്ഷിച്ചതിന് ശേഷവും പലരിലും വര്‍ഷങ്ങള്‍ക്ക് ശേഷവും അപകട സാധ്യതയുണ്ടായിട്ടുണ്ടെങ്കിലും എത്രയും വേഗം പുകവലി ഒഴിവാക്കുന്നത് തന്നെയാണ് അഭികാമ്യം.
മദ്യപാനം അപകട സാധ്യത വര്‍ധിപ്പിക്കുന്നു
അമിത മദ്യപാനം മറ്റൊരു വലിയ അപകടമാണ്. മദ്യത്തിലെ എഥനോള്‍ ശരീരത്തിനകത്തുവെച്ച് അസറ്റാള്‍ഡെഹൈഡ് ആയി വിഘടിപ്പിക്കപ്പെടുന്നു. ഇത് അന്നനാള കോശങ്ങളിലെ ഡിഎന്‍എയെ തകരാറിലാക്കുവാന്‍ സാധിക്കുന്ന ഘടകമാണ്. അമിതമായ മദ്യപാനശീലമുള്ളവരിലാണ് അന്നനാള ക്യാന്‍സര്‍ രൂപപ്പെടുവാനുള്ള സാധ്യതകള്‍ കൂടുതലുള്ളത്. ഏത് രീതിയിലുള്ള മദ്യമാണ് കഴിക്കുന്നതെന്നതല്ല, മദ്യപിക്കുന്നതിലുള്ള ഇടവേളയും, കഴിക്കുന്ന മദ്യത്തിന്റെ അളവുമാണ് ഇവിടെ അപകടകരമാകുന്നത്. കൂടാതെ പുകയിലയിലെ ദോഷകരമായ രാസവസ്തുക്കള്‍ അന്നനാളത്തിലെ കോശങ്ങളിലേക്ക് കൂടുതല്‍ അളവില്‍ എത്തിച്ചേരുവാന്‍ കാരണമാകുന്ന രീതിയില്‍ മദ്യം ഒരു ലായകമായും പ്രവര്‍ത്തിക്കുന്നു. ഇത് രോഗസാധ്യത കൂടുതല്‍ ഉയര്‍ത്തുന്നു.
അപകടകരമായ ഒരു കൂട്ടുകെട്ട്
പുകവലിയും മദ്യപാനവും ഒരുമിച്ച് ചേരുമ്പോള്‍ അന്നനാള ക്യാന്‍സറിനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഈ രണ്ട് ശീലങ്ങളും മറ്റൊന്നിനെ കൂടുതല്‍ അപകടകരമാക്കുന്ന ഒന്നാണെന്ന് നാം തിരിച്ചറിയണം. അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവരില്‍ അന്നനാള ക്യാന്‍സര്‍ രൂപപ്പെടുവാനുള്ള സാധ്യത ഈ രണ്ട് ശീലങ്ങളുമില്ലാത്തവരേക്കാള്‍ 100 മടങ്ങാണെന്ന് പറയുന്നു.
അന്നനാള ക്യാന്‍സര്‍ തടയുവാന്‍ സാധിക്കുന്ന ഒന്നാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ ഓരോ വ്യക്തിയ്ക്കും ഈ രോഗ സാധ്യത വലിയ തോതില്‍ കുറയ്ക്കുവാനാകും. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക, പഴങ്ങളും പച്ചക്കറികളും ധാരാളം ഉള്‍പ്പെടുത്തിയിട്ടുള്ള സന്തുലിത ഡയറ്റ് ശീലമാക്കുക, ആസിഡ് റിഫ്ള്ക്സ് അല്ലെങ്കില്‍ ബാരറ്റ്സ് ഈസോഫാഗസ് തുടങ്ങിയ അവസ്ഥകളെ കൃത്യമായ കൈകാര്യം ചെയ്യുക തുടങ്ങിയ ഘടകങ്ങളിലൂടെ രോഗം വരാതെ സൂക്ഷിക്കുവാന്‍ നമുക്ക് സാധിക്കും.
ജനിതകപരവും, പാരിസ്ഥിതികവുമായ പല ഘടകങ്ങളും ക്യാന്‍സര്‍ രോഗബാധയ്ക്ക് കാരണമാകുന്നുവെങ്കിലും ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക എന്നത് തന്നെയാണ് അപകടസാധ്യതകള്‍ പരിമിതപ്പെടുത്തുവാനുള്ള പ്രധാന മാര്‍ഗം. പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യശീലങ്ങള്‍ ഒഴിവാക്കുന്നതിലൂടെ അന്നനാളത്തിന്റെയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും നിലനിര്‍ത്താം.
ഡോ കാർത്തിക് കുൽശ്രേസ്ത കണ്‍സള്‍ട്ടന്റ് ഡിപ്പാർട്മെന്റ് ഓഫ് സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ