ചായ കുടിച്ച് തൂക്കം കുറയ്ക്കാം, പക്ഷേ ഉറക്കം പോകും

Webdunia
വ്യാഴം, 29 ജനുവരി 2015 (14:50 IST)
തേയിലയുപയോഗിച്ച് തയാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച്‌ തേയിലപ്പൊടിയും ആവശ്യമെങ്കില്‍ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്തും ചായ തയാറാക്കാം. ചൈനയിലാണ്‌ ചായയുടെ ഉത്ഭവമെന്ന്‌ പൊതുവേ വിശ്വസിക്കപ്പെടുന്നു. മിക്കവാറും ഏഷ്യന്‍ ഭാഷകളില്‍ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. ചാ എന്ന ചൈനീസ് വാക്കില്‍ നിന്നാണ്‌ ഈ പേരിന്റെ ഉല്‍ഭവം. ലോകത്ത് ഏറ്റവും കൂടുതല്‍ കഴിക്കുന്ന പാനീയമാണ് ചായ. ആദ്യമേ പറയട്ടെ ചായ കുടിച്ചില്ലെങ്കിലും നമുക്ക് കുഴപ്പമൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ കുടിക്കുന്നതുകൊണ്ട്, ഗുണവും ദോഷവുമുണ്ട്. 
 
ചായയ്ക്ക് രുചിഭേദങ്ങളും ഏറെയുണ്ട്, കട്ടന്‍ ചായ മുതല്‍ ഗ്രീന്‍ ടീ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഏലയ്ക്ക ചായ, ഇഞ്ചി ചേര്‍ത്ത ജിഞ്ചര്‍ ടീ എന്നിവ ഇതില്‍ ചിലതു മാത്രം. ഇലകള്‍ ഉണക്കി ആവി കയറ്റിയാണ് ഗ്രീന്‍ ടീ തയാറാക്കുന്നത്. സാധാരണ ചായ പോലെ അധിക സംസ്കരണ പ്രക്രിയകള്‍ ഇല്ലാതെയാണ് ഇത് തയാറാക്കുന്നത്. അതിനാല്‍ ചായയില്‍ നിന്നും ആന്റിഓക്സിഡന്റായ കാറ്റെച്ചിനും അതിലെ തന്നെ പ്രധാന ഘടകമായ എപിഗാലോ കാറ്റെച്ചിന്‍ -3 ഗാലെറ്റ് (ഇജിസിജി) കൂടുതലായി കാണപ്പെടും. ഇഞ്ചി ചേര്‍ത്ത ചായയുടെ ഗുണവശങ്ങള്‍ പറയാന്‍ ഏറെയുണ്ട്. ചായയില്‍ ഇഞ്ചി ചേര്‍ത്തുണ്ടാക്കുമ്പോള്‍ ഇത് ഹെര്‍ബല്‍ ചായയായി മാറുകയാണ് ചെയ്യുന്നത്. ആയുര്‍വേദ പ്രകാരം ഇഞ്ചിച്ചായ കുടിച്ചാല്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. ഈ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ മാറാനും ഇത് സഹായിക്കും
 
കേരളത്തിലേതില്‍ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയില്‍ ചായയില്‍, ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ക്കുന്നത് പതിവാണ്‌. കേരളത്തിലെ ചായ പാല്‍, വെള്ളം എന്നിവ സമ അനുപാതത്തിലാണെങ്കില്‍ തമിഴ്‌നാട്ടില്‍ പാല്‍ കൂടുതലായാണ് ഉപയോഗിക്കാറ്. കര്‍ണ്ണാടകയില്‍ പാലില്‍ പൊടിയിട്ട് കഴിക്കുന്ന രീതിയാണെങ്കിലും ചായ ഒരു ഗ്ലാസ്സിന്റെ പകുതിയാണ് ഉണ്ടാവുക. പാല്‍ ചേര്‍ക്കാത്ത ചായയാണ് കട്ടന്‍ ചായ എന്ന പേരില്‍ അറിയപെടുന്നത്. കേരളത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കട്ടന്‍ ചായ സുലൈമാനി എന്ന പേരിലും അറിയപ്പെടുന്നു. ഈ ജില്ലകളില്‍ കല്യാണത്തിന് ഭക്ഷണത്തിന് ശേഷം ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നു ആണ് ചെറുനാരങ്ങനീര്‍ ചേര്‍ത്ത കട്ടന്‍ ചായ. ഇംഗ്ലീഷില്‍ ബ്ലാക്ക്‌ ടീ എന്ന് ആണ് അറിയപ്പെടുന്നത്. മറ്റു ചായകളെ അപേഷിച്ചു ശരീരത്തിന് ഗുണകരമായ ആന്റി ഓക്സിഡന്റ്സ് കട്ടന്‍ ചായയില്‍ കൂടുതല്‍ ആണ്.
 
ഹൃദയധമനികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കട്ടന്‍ ചായകുടിക്കുന്നത്‌ സഹായിക്കുമെന്നാണ്‌ ഗവേഷണങ്ങള്‍ പറയുന്നത്‌. ഇതില്‍ കാണപ്പെടുന്ന ഫ്‌ളേവനോയിഡ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡൈസ്‌ഡ്‌ ആകുന്നതില്‍ നിന്നും എല്‍ഡിഎല്‍ കൊളസ്‌ട്രോളിനെ തടയാന്‍ സഹായിക്കും. രക്തയോട്ടത്തിനുണ്ടാകുന്ന തടസ്സങ്ങളും ധമനിഭിത്തികള്‍ക്കുണ്ടാകുന്ന തകരാറുകളും കുറയ്‌ക്കുകയും ഹൃദ്രോഗ സാധ്യതകള്‍ കുറയ്‌ക്കുകയും ചെയ്യും. എന്‍ഡോതീലിയല്‍ വാസ്‌കോമോട്ടോര്‍ തകരാര്‍ മൂലമുണ്ടാകുന്ന കൊറോണറി ആര്‍ട്ടറി രോഗങ്ങള്‍ കുറയ്‌ക്കാന്‍ കട്ടന്‍ ചായ കുടിക്കുന്നത്‌ സഹായിക്കും. രക്തം കട്ടപിടിക്കുക, രക്തധമനി വികസിക്കുക പോലുളള പ്രശ്‌നങ്ങള്‍ കുറയ്‌ക്കാന്‍ ഫ്‌ളേവനോയിഡ്‌സ്‌ വളരെ ഫലപ്രദമാണ്‌. ഹൃദയപേശികള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തി ഹൃദയധമനീ രോഗ സാധ്യത കുറയ്‌ക്കാന്‍ മാംഗനീസും പോളിഫിനോള്‍സും സഹായിക്കും.
 
കട്ടന്‍ ചായയില്‍ കാണപ്പെടുന്ന പോളിഫിനോള്‍സ്‌ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തില്‍ അര്‍ബുദകാരികള്‍ രൂപകൊള്ളുന്നത്‌ തടയാന്‍ സഹായിക്കും. ഇത്‌ പ്രോസ്‌റ്റേറ്റ്‌, കുടല്‍, ഗര്‍ഭാശയം, മൂത്ര നാളി എന്നിവിടങ്ങളിലെ അര്‍ബുദ സാധ്യത തടയും. കട്ടന്‍ ചായ സ്‌തനാര്‍ബുദം, പ്രോസ്‌റ്റേറ്റ്‌ അര്‍ബുദം, വയറ്റിലെ അര്‍ബുദം എന്നിവ തടയാന്‍ സഹായിക്കും. ചായയില്‍ അടങ്ങിയിട്ടുള്ള ടിഎഫ്‌2 എന്ന സംയുക്തം അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും സാധാരണ കോശങ്ങളെ അതുപോലെ നിലനിര്‍ത്തുകയും ചെയ്യും. പുകവലിക്കുകയും മറ്റ്‌ പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ വായിലെ അര്‍ബുദ സാധ്യത കട്ടന്‍ ചായ കുറയ്‌ക്കും. അപകടകാരികളായ അര്‍ബുദങ്ങളുടെ വളര്‍ച്ചയും വികാസവും തടയാന്‍ കട്ടന്‍ ചായ സഹായിക്കും.
 
അര്‍ബുദം, ആതെറോസ്‌ക്ലീറോസിസ്‌, രക്തം കട്ടപിടിക്കല്‍ തുടങ്ങി നിരവധി ഹാനികള്‍ ശരീരത്തിലുണ്ടാവാന്‍ സ്വതന്ത്രറാഡിക്കലുകള്‍ കാരണമാകും. അനാരോഗ്യകരമായ ആഹാരങ്ങള്‍ കഴിക്കുന്നത്‌ ശരീരത്തില്‍ സ്വതന്ത്രറാഡിക്കലുകളുടെ എണ്ണം ഉയരാന്‍ കാരണമാകും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ഇത്തരം സ്വതന്ത്ര റാഡിക്കലുകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും വിവിധ തരം രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ഇത്തരം പ്രതിരോധത്തിന്‌ കട്ടന്‍ ചായ വളരെ മികച്ചതാണ്‌.
 
രോഗം ഉണ്ടാക്കുന്ന വിവിധ തരം ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നതിന്‌ രോഗ പ്രതിരോധ സംവിധാനം ശക്തമായിരിക്കേണ്ടതുണ്ട്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ പകര്‍ച്ചപ്പനി,ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌. അര്‍ബുദത്തെ അടിച്ചമര്‍ത്താന്‍ സഹായിക്കുന്ന കാര്യത്തില്‍ കാറ്റെചിന്‍ എന്ന തരം ടാന്നിന്‍ പ്രശസ്‌തമാണ്‌. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കൈലാമിന്‍ ആന്റിജെന്‍സ്‌ രോഗപ്രതിരോധം മെച്ചപ്പെടുത്താന്‍ സഹായിക്കും. ദിവസം 3-4 കപ്പ്‌ കട്ടന്‍ ചായ കുടിക്കുന്നത്‌ നീരുവരുന്നത്‌ തടയാനും അപകടകാരികളായ രോഗാണുക്കളെ ചെറുക്കാനും സഹായിക്കും.
 
കട്ടന്‍ ചായയില്‍ കാണപ്പെടുന്ന കാറ്റെച്ചിന്‍ വായിലെ അര്‍ബുദം കുറയ്‌ക്കാന്‍ സഹായിക്കും. ടാന്നിന്‍, പോളിഫിനോള്‍സ്‌ എന്നിവയില്‍ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്‌സ്‌ പല്ലുകള്‍ക്ക്‌ തകരാറുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ഫ്‌ളൂറോയിഡ്‌ വായ്‌ നാറ്റം അകറ്റുകയും വായ്‌ക്കുള്ളിലുണ്ടാകുന്ന അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യും. രണ്ട്‌ കപ്പ്‌ കട്ടന്‍ ചായ വായുടെ ആരോഗ്യത്തിനാവശ്യമായ ഫ്‌ളൂറോയിഡ്‌ ലഭ്യമാക്കും.

                 ചായ കുടിച്ചാല്‍ ദോഷങ്ങള്‍ ഏറെയുണ്ട്...  വായിക്കുക
 
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കുറഞ്ഞ അളവിലുള്ള കഫീന്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. കഫീന്‍ ധാരാളം അടങ്ങിയിട്ടുള്ള കാപ്പിയും മറ്റും ഉണ്ടാക്കുന്ന അസ്വസ്ഥത ഇവ ഉണ്ടാക്കുകയോ സുരക്ഷപരിധിയ്‌ക്കപ്പുറത്തേക്ക്‌ ഹൃദയത്തെ ഉത്തേജിപ്പിക്കുകയോ ഇല്ല. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ്‌ എല്‍-തിയാനിന്‍ പ്രവര്‍ത്തികളില്‍ ശ്രദ്ധികേന്ദ്രീകരിക്കാനും ആയാസരഹിതമായിരിക്കാനും സഹായിക്കും. ദിവസം നാല്‌ കപ്പ്‌ കട്ടന്‍ ചായ വീതം ഒരു മാസം കുടിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തില്‍ വളരെ കുറവ്‌ വരുത്താന്‍ കഴിയും. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ആണ്‌ ഇതിന്‌ കാരണം. കഫീന്‍ ഓര്‍മ്മയും ഏകാഗ്രതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. പാര്‍ക്കിസണ്‍സ്‌ രോഗത്തെ പ്രതിരോധിക്കാനും ഒരു പരിധി വരെ ഇത്‌ സഹായിക്കും.
 
കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ ദഹനത്തിന്‌ ഏറെ ഗുണം ചെയ്യും. വിവിധ തരത്തിലുള്ള ഉദര രോഗങ്ങളും കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും നേരിടാന്‍ ഇവ സഹായിക്കും. അതിസാരത്തിന്‌ പരിഹാരം നല്‍കുന്നതിന്‌ പുറമെ കുടലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള പോളിഫിനോള്‍സ്‌ കുടല്‍ വീക്കം കുറയാന്‍ സഹായിക്കും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ശക്തമായ ഫൈറ്റോകെമിക്കല്‍സ്‌ എല്ലുകളെയും അനുബന്ധ കോശങ്ങളെയും ശക്തിപ്പെടുത്താന്‍ സഹായിക്കും. കട്ടന്‍ ചായ കുടിക്കുന്നവരുടെ എല്ലുകള്‍ ശക്തമായിരിക്കും.
 
കട്ടന്‍ ചായ കുടിക്കുന്നവര്‍ക്ക്‌ അറിയാം ഇതൊരു ഊര്‍ജ്ജ പാനീയമാണന്ന്‌. ഇതില്‍ മിതമായ അളവില്‍ അടങ്ങിയിട്ടുള്ള കഫീന്‍ ഏകാഗ്രതയും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. കോള, കാപ്പി തുടങ്ങിയ പാനീയങ്ങളില്‍ അടങ്ങിയിട്ടുള്ള കഫീനേക്കാളും ഗുണകരമാണ്‌ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കഫീന്‍. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫൈലിന്‍ സംയുക്തം വൃക്ക, ഹൃദയം, ശ്വാസകോശം എന്നിവയെ ഉത്തേജിപ്പിക്കും. ഇത്തരം സംയുക്തങ്ങള്‍ ഹൃദയധമനികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും.
 
കൊഴുപ്പ്‌, കലോറി, സോഡിയം എന്നിവ കുറഞ്ഞ കട്ടന്‍ ചായ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഗുണകരമാണ്‌.
കാര്‍ബണടങ്ങിയ അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക്‌ പകരമായി ഇവ ഉപയോഗിക്കാം . കലോറി കൂടുന്നത്‌ തടയും. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. ട്രൈഗ്ലീസറൈഡ്‌സിന്റെ അളവ്‌ കുറയ്‌ക്കാന്‍ കട്ടന്‍ ചായ സഹായിക്കും. ചീത്ത കൊളസ്‌ട്രോള്‍ അഥവ എല്‍ഡിഎല്‍ കുറയുന്നത്‌ ഹൃദ്രോഗ സാധ്യത കുറയ്‌ക്കും. രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യും. കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള കാറ്റെചിന്‍ എന്ന ആന്റിഓക്‌സിഡന്റ്‌ രക്തധമനികളെ ശക്തിപ്പെടുത്തും. ടാന്നിന്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും. അര്‍ബുദ വളര്‍ച്ചയെ ചെറുക്കും, അലര്‍ജി കുറയ്‌ക്കും. കൂടാതെ പ്രമേഹത്തെ അകറ്റാനും സഹായിക്കും.
 
ഇനി ചായ കുടിക്കുന്നത്കൊണ്ടുള്ള ദോഷങ്ങള്‍ പറയാം. ചായയില്‍ കഫീന്‍, പോളിഫിനോള്‍ എന്നിവ കൂടുതലായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്, ഉറക്കക്കുറവ്, ഹ്യദയത്തിനുണ്ടാവുന്ന പ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ അമിത ഉപയോഗം മൂലം ഉണ്ടാകാന്‍ കാരണമാകും. ഡയറ്റെടുക്കുന്നവര്‍ക്ക് ഗ്രീന്‍ ടീ നല്ലതാണ്. തടി കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇതില്‍ അല്‍പമെങ്കിലും മധുരം ചേര്‍ത്താല്‍ ഗുണം ദോഷമായി മാറുകയും ചെയ്യും. മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍, പ്രത്യേകിച്ച് ആന്റിബയോട്ടിക്‌സ്, സ്റ്റിറോയ്ഡുകള്‍ എന്നിവയ്‌ക്കൊപ്പം ചായ കുടിയ്ക്കുന്നത് ലിവറിന്റെ ആരോഗ്യത്തിന് കേടാണ്. ചായ അധികം കുടിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ദിവസം മൂന്നു കപ്പില്‍ കൂടുതല്‍ കുടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.
 
ഗ്രീന്‍ ടീയില്‍ കഫീന്‍ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് അത്ര നല്ലതല്ല. ഗ്രീന്‍ ടീയില്‍ ടാനില്‍ എന്ന ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡുണ്ടാക്കും. സാധാരണ ഗതിയില്‍ ഇത് കുഴപ്പമില്ലെങ്കിലും അള്‍സര്‍, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ ഇത് ദഹന പ്രശ്‌നങ്ങളുണ്ടാക്കും. ഗ്രീന്‍ ടീയിലെ ടാനിന്‍സ് അയേണ്‍ ആഗിരണം ചെയ്യാനുള്ള രക്തത്തിന്റെ കഴിവിനെ ബാധിയ്ക്കും. അയേണ്‍ ആഗിരണം 20-25 ശതമാനം വരെ കുറയും. കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് ആരോഗ്യകരവുമല്ല. അതിനാല്‍ ഇനി നിങ്ങള്‍ തന്നെ തീരുമാനിച്ചുകൊള്ളു ചായ കുടിക്കണൊ വേണ്ടയൊ എന്ന്...
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.