വന്നു രോഗങ്ങളുടെ വേനല്‍കാലം, കരുതിയിരിക്കുക

Webdunia
ചൊവ്വ, 24 ഫെബ്രുവരി 2015 (15:18 IST)
വേനല്‍കാലം പകര്‍ച്ചവ്യാധികളുടെ കാലമാണ്. ചെറുതും വലുതുമായ ഒട്ടേറെ പകര്‍ച്ചവ്യാധികള്‍  പടരുന്ന സമയം. പനിയും, ചെങ്കണ്ണും മുതല്‍ മാരകമായ  മലേറിയ, മഞ്ഞപ്പിത്തം, ഡെങ്കു തുടങ്ങിയ  അസുഖങ്ങളും ഇക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത ഏറെയാണ്. വളരെ വേഗം രോഗം പരക്കുന്ന സമയമാണ് വേനല്‍കാലം. ചുട്ടുപൊള്ളുന്ന പകലും രാത്രിയും, അന്തരീക്ഷമാകെ പൊടിയും പുകയും, മലിനമായ ജലം, രോഗാണുക്കള്‍ നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം - ഇതാണ് വേനല്‍ക്കാലം. അതിനാല്‍ ഈ സമയത്ത് രോഗങ്ങള്‍ പിടിക്കാന്‍ സാധ്യത ഏറെയാണ്, പ്രത്യേകിച്ച് കൊച്ചുകുട്ടികള്‍ക്ക്. ഇത്തവണ ചൂട് അധികമാകുമെന്നും അതിനാല്‍ മറ്റൊരിക്കലുമില്ലാത്ത തരത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
 
മഞ്ഞപ്പിത്തം ഹെപ്പറ്റെറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനല്‍കാലത്തു കൂടുതലായി കാണപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ, ഇ ഇവ അപകടകാരിയല്ലെങ്കിലും സൂക്ഷിക്കണം. വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തവും കരള്‍വീക്കവും ഗൌരവമുള്ളതല്ല. വിശ്രമമാണ് ഏറ്റവും നല്ല മരുന്ന്. കാലാവസ്ഥയ്ക്കനുസരിച്ച് ഭക്ഷണവും ജീവിതചര്യകളും മാറണം. അതിലൂടെ രോഗപ്രതിരോധം സാധ്യമാകും. സമീപ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം എത്തി എന്ന് മനസിലാക്കിയാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ ഒരുപരിധിവരെ രോഗം കുട്ടീകള്‍ക്ക് പിടിപെടുന്നത് തടയാന്‍ സാധിക്കും.
 
വയറിളക്കം  വേനല്‍കാലത്തു കാണപ്പെടുന്ന മറ്റൊരു അസുഖമാണ്. ശുചിത്വക്കുറവാണ് ഇതിനു പ്രധാന കാരണം. ഹോട്ടല്‍ ഭക്ഷണം കൂടുതലായി ആശ്രയിക്കുന്നവര്‍ക്കാണ് വയറിളക്കരോഗം പെട്ടെന്നു പിടിപെടുന്നത്. ഹോട്ടലുകളിലും മറ്റും കുടിക്കാനായി ലഭിക്കുന്ന വെള്ളം മിക്കവാറും പകുതി തിളപ്പിച്ചവയാണ്. വെള്ളത്തിലെ അണുക്കള്‍ നശിക്കണമെങ്കില്‍ കുറഞ്ഞതു 10 മിനിറ്റെങ്കിലും തിളപ്പിക്കണം. പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിനു കാരണമാവും. വേനല്‍ക്കാലത്ത് സാലഡ് പോലുള്ള വേവിക്കാത്ത ഭക്ഷണം ഒഴിവാക്കുന്നതാണ് ഉത്തമം. വയറിളക്കരോഗം പിടിപെട്ടവര്‍ക്ക് ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞിവെള്ളമോ ഇടയ്ക്കിടെ കുടിക്കാന്‍ കൊടുക്കുക. ഒആര്‍എസ് ലായനി നല്‍കുന്നത് വയറിളക്കരോഗം കുറയാന്‍ സഹായിക്കും. 
 
ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള സമയമാണ് വേനല്‍കാലം. കൊതുകിനത്തില്‍പ്പെട്ട ഈഡിസ് ഈജ്പിതി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മധ്യവയസ്കരിലാണ് ഡെങ്കിപ്പനി അധികവും കണ്ടുവരുന്നത്. പനിയാണു മുഖ്യലക്ഷണം. രണ്ടാമത്തെ ഘട്ടത്തില്‍ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കുകയും മരണത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. ഡെങ്കിപ്പനി തിരിച്ചറിഞ്ഞാലുടന്‍ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങുക. പൊങ്ങന്‍പനിയും വേനല്‍ക്കാലത്തു കൂടുതലായി കാണപ്പെടുന്നു. 
 
കൊച്ചുകുട്ടികള്‍ക്ക് കൂടുതലായി പടര്‍ന്ന് പിടിക്കാന്‍ സാ‍ധ്യതയുള്ള മറ്റൊരു രോഗമാണ് ടൈഫോയിഡ്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ടൈഫോയിഡ് പടര്‍ത്തുന്ന രോഗാണുക്കള്‍ പടരുന്നത്. തുറന്നുവച്ചിരിക്കുന്ന ഭക്ഷണത്തിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ജലത്തിലൂടെയുമാണ് ടൈഫോയിഡ് ബാക്ടീരിയ ശരീരത്തു പ്രവേശിക്കുന്നത്. സാല്‍മോണെല്ലാ ടൈഫി എന്ന ബാക്ടീരിയയാണ് രോഗഹേതു. മലിനജലത്തിലാണ് ടൈഫോയിഡിന്റെ അണുക്കള്‍ ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്നത്. എന്നാല്‍ ഇക്കാലത്ത് പടരുന്ന രോഗങ്ങളില്‍ പ്രധാനമായത് മറ്റൊന്നാണ്. ചിക്കന്‍ പോക്സ്. 
 
ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വാരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് ചിക്കന്‍പോക്സിനു കാരണം.  രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. മരുന്നുകള്‍ക്കൊപ്പം വിശ്രമവും ആവശ്യമാണ്. ഏകദേശം രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരും. വെള്ളം ധാരാളം കുടിക്കണം. ഇടയ്ക്കിടെ പഴങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം. 
 
എന്നാല്‍ കൂടുതലായും ശ്രദ്ധിക്കേണ്ടത് ഉച്ച സമയത്ത് കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ്. കാരണം അതിതാപംമൂലം ഉണ്ടാകുന്ന സൂര്യാഘാതം എന്ന സങ്കീര്‍ണാവസ്ഥ കേരളത്തിലും കണ്ടുതുടങ്ങി എന്നതാണ്. കഠിനചൂടിനെ തുടര്‍ന്ന് അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. സൂര്യാഘാതം ഉണ്ടാകുമ്പോള്‍ പൊള്ളല്‍ മുതല്‍ ആന്തരാവയവങ്ങളായ തലച്ചോര്‍, കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിച്ചു മരണത്തിനുവരെ കാരണമായേക്കാം. 
 
ചൂടുകാലത്തുണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇതു പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അല്‍പാല്‍പമായി ഇടവിട്ടു കുടിക്കുക. പച്ചവെള്ളം കുടിക്കരുത്. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം ഇവ ക്ഷീണം പെട്ടെന്നു ശമിപ്പിക്കുന്നു. ലവണ നഷ്ടം പരിഹരിക്കാനും ഇത് സഹായിക്കും. 
 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍   
 
. പകര്‍ച്ചവ്യാധി തടയാന്‍ വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക 
 
. കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക 

. തുറന്നുവച്ചതും പഴകിയതുമായ ആഹാരസാധനങ്ങള്‍ ഉപയോഗിക്കരുത് 

. ദിവസവും കുറഞ്ഞത് രണ്ടു ലീറ്റര്‍ വെള്ളം കുടിക്കുക 

. ചൂടുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക 

. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക 

. ഭക്ഷണത്തിനുമുന്‍പും മലവിസര്‍ജനശേഷവും സോപ്പിട്ട് കൈ കഴുകുക

. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി ചികിത്സ തേടുക 

. രോഗി കഴിച്ചതിനുശേഷം ബാക്കിവരുന്ന ആഹാരങ്ങള്‍ കഴിക്കാതിരിക്കുക 

. കൊതുകു പെരുകുന്നതു തടയാന്‍ ഇടയ്ക്കിടെ വീടും പരിസരവും വൃത്തിയാക്കുക

. സൂര്യതാപം ശരീരത്ത് ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

അനുബന്ധ വാര്‍ത്തകള്‍

Next Article