മനുഷ്യന്റെ തലച്ചോര്‍ ലോക വിസ്മയങ്ങളില്‍ ഒന്നാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറ്റങ്ങള്‍ വരുത്തുന്ന തലച്ചൊറിന്റെ കഴിവു തന്നെയാണ് ഇതിനു കാരണം. മാനവിക പരിണാമത്തിന്റെ അവസാനത്തില്‍ ഇന്നത്തെ ആധുനിക മനുഷ്യന്‍ വരെ എത്തി നില്‍ക്കുന്ന മാനവ വര്‍ഗത്തിന്റെ പരിണാമത്തില്‍ നിര്‍ണ്ണായകമായത് മനുഷ്യന്റെ തലച്ചോറിനുണ്ടായ വികാസവും പരിണാമവുമാണ്. എന്നാല്‍ ആധുനിക സാഹചര്യത്തിലും തലച്ചോര്‍ പരിണാമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?
തലച്ചോറിലെ ഇപ്പോഴത്തെ പരിണാമങ്ങള്‍ക്ക് കാരണമാകുന്നത് ആധിക മനുഷ്യന്റെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗങ്ങളാണ് എന്ന് പറഞ്ഞാലൊ...! അവിശ്വസിക്കേണ്ടതില്ല. സ്മാര്‍ട്ട് ഫോണുകള്‍ നമ്മുടെ വിരലുകള്‍ക്കാണ് കുടുതല്‍ പണി തന്നത്. അതിവേഗം മാറി മറിയുന്ന സ്മാര്‍ട്ട് ഫോണ്‍ മേഖലയില്‍ ടച്ച് സ്ക്രീന്‍ സംവിധാനം വന്നതൊടെ വിരലുകള്‍ക്ക് കൂടുതല്‍ ജോലിഭാരമായി. ഇതോടെ തലച്ചോറിലെ വിരലുകളെ നിയന്ത്രിക്കുന്ന ഭാഗത്തിന് വളര്‍ച്ച കൂടിയെന്നും കരുത്ത് വര്‍ദ്ധിച്ചു എന്നും പഠനങ്ങള്‍ പറയുന്നു.
ദിവസവും സ്മാര്‍ട് ഫോണില്‍ അള്ളിപ്പിടിച്ചു കഴിയുന്നവരുടെ മസ്തിഷ്‌കത്തിലെ തള്ളവിരലുകളെ നിയന്ത്രിക്കുന്ന പ്രത്യേക ഭാഗത്തിന് വലിപ്പവും ശക്തിയും കൂടിവന്നതായാണ് കണ്ടെത്തല്‍. സ്വിറ്റ്‌സര്‍ലാന്‍ഡിലെ സൂറിച്ച് സര്‍വകലാശയില്‍ നടന്ന ഗവേഷണമാണ് പുതിയ വിവരങ്ങള്‍ നല്‍കിയത്. ടച്ച് സ്‌ക്രീന്‍ ഫോണുകളുടെ ആവിര്‍ഭാവത്തോടെ വിരലുകള്‍ സൗകര്യത്തോടെ ചലിപ്പിക്കാമെന്നായി. സൗകര്യമേറിയപ്പോള്‍ നാം സ്‌ക്രീനില്‍ നിന്നും വിരലെടുക്കാതെയുമായി. ഇത് നമ്മുടെ തലച്ചോറിന് കൂടുതല്‍ കരുത്തു പകരുകയും ആകൃതിയും പ്രവര്‍ത്തനവും മാറ്റുകയും ചെയ്യുന്നതായാണ് പുതിയ ഗവേഷണ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.
വയലിസനിസ്റ്റുകളുടെ മസ്തിഷ്‌കത്തിലെ വിരല്‍ തുമ്പുകളെ നിയന്ത്രിക്കുന്ന ഭാഗം മറ്റുള്ളവരിലേതിനേക്കാള്‍ വലുതായിരിക്കും. ഇതേ അവസ്ഥയാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തള്ളവിരലിനേ നിയന്ത്രിക്കുന്ന ഭാഗത്തിനും സംഭവിക്കുന്നത്. ഈ മാറ്റം വിരല്‍ തുമ്പുകളുടേയും മസ്തിഷ്‌കത്തിന്റേയും പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഏകോപനമുണ്ടാക്കുകയും വേഗത വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇതുകൊണ്ട് മാത്രം സ്മാര്‍ട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കരുതെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം ഇത്തരം മാറ്റങ്ങള്‍ പലപ്പോഴും കടുത്ത വേദനകള്‍ക്കും ചലന വൈകല്യങ്ങള്‍ക്കും കാരണമാകുമെന്നതാണ് കാരണം.
പുതിയ ആവശ്യങ്ങള്‍ക്കനുസരിച്ച് മസ്തിഷ്‌കത്തിന് മാറാന്‍ കഴിയുമെന്ന് നേരത്തെ തന്നെ കണ്ടു പിടിച്ചിട്ടുണ്ടെങ്കിലും ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്രത്തോളം സാധാരണയാണെന്നും ആളുകള്‍ അവ എത്രത്തോളം ഉപയോഗിക്കുന്നുവെന്നും അനുസരിച്ചിരിക്കും തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളും. ടച്ച് സ്‌ക്രീനുള്ള മൊബൈല്‍ ഉപയോഗിക്കുന്ന 27 പേരേയും സാധാരണ ബട്ടണുകളുള്ള മൊബൈല്‍ ഉപയോഗിക്കുന്ന 11 പേരേയും 10 ദിവസം നിരീക്ഷിച്ചാണ് ഗവേഷകര്‍ വിലയിരുത്തല്‍ നടത്തിയത്. പഠനത്തില്‍ ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ ഉപയോഗിച്ചവരുടെ വിരലുകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം രൂപവും പ്രവര്‍ത്തനവും മാറ്റുന്നതായാണ് കണ്ടെത്തിയത്.