Sex and Heart Attack: സെക്‌സിനിടെ ഹൃദയാഘാതം; പേടിക്കേണ്ടത് ആരൊക്കെ? അറിയേണ്ടതെല്ലാം

Webdunia
ബുധന്‍, 6 ജൂലൈ 2022 (09:04 IST)
Sex and Cardiac Arrest: നാഗ്പൂരില്‍ സെക്‌സിനിടെ 28 കാരന്‍ മരിച്ച വാര്‍ത്ത വലിയ ചര്‍ച്ചയായിരിക്കുകയാണ്. സെക്‌സിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പണ്ട് പ്രായമായവരിലാണ് ഹൃദയാഘാതം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ യുവാക്കള്‍ക്കിടയിലും ഹൃദയാഘാതം മൂലമുള്ള മരണം വളരെ വ്യാപകമാണ്. ഇരുപതിനും മുപ്പതിനും പ്രായത്തിനിടയിലുള്ളവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന വാര്‍ത്ത സ്ഥിരം കേള്‍ക്കുന്നു. അതില്‍ തന്നെ സെക്‌സിനിടെ ഹൃദയാഘാതമുണ്ടായി എന്ന് ചിലപ്പോഴൊക്കെ നമ്മള്‍ കേട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ സെക്‌സിനിടെ ഹൃദയാഘാതത്തിനു സാധ്യതയുണ്ടോ? എന്താണ് പഠനങ്ങള്‍ പറയുന്നതെന്ന് നോക്കാം. 

Read Here: സെക്സിനിടെ ഹൃദയാഘാതം; 28-കാരന്‍ മരിച്ചു
 
ഗുരുതരമായ ഹൃദയ ധമനി രോഗങ്ങള്‍ ഉള്ളവരിലാണ് സെക്‌സിനിടെ ഹൃദയാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളത്. സെക്‌സ് വളരെ കഠിനമായ ഒരു ശാരീരിക വ്യായാമമാണ്. ഇക്കാലത്ത് യുവാക്കളില്‍ ഹൃദയ ധമനി രോഗങ്ങള്‍ സാധരണയായി കാണുന്നതാണ്. സെക്‌സ് പോലെ കഠിനമായ വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയം കൂടുതല്‍ ഓക്‌സിജനും രക്തവും ആവശ്യപ്പെടുന്നു. എന്നാല്‍ ഹൃദയ ധമനി രോഗങ്ങള്‍ ഉള്ളവരില്‍ കൂടിയ അളവിലുള്ള ഓക്‌സിജനും രക്തവും പമ്പ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഇതാണ് സെക്‌സിനിടയിലുള്ള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. സെക്‌സിനിടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഹൃദയ ധമനിക്ക് സാരമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ അത്തരക്കാരില്‍ ഇത് അപകടകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നവര്‍ കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന നടത്തുകയാണ് വേണ്ടത്. 
 
നെഞ്ചുവേദന, ശ്വാസതടസം, താളംതെറ്റിയ ഹൃദയമിടിപ്പ്, ഓക്കാനം, ദഹനക്കേട് എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സിക്കറോണ്‍ സെന്റര്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ഹാര്‍ട്ട് ഡിസീസസ് ഡയറക്ടര്‍ മൈക്കിള്‍ ബ്ലാഹ പറയുന്നത്. അല്‍പ്പദൂരം നടക്കുമ്പോഴേക്കും കിതപ്പ് തോന്നുക, ശ്വാസതടസം അനുഭവപ്പെടുക, കോണിപ്പടി കയറുമ്പോള്‍ ബുദ്ധിമുട്ട് എന്നിവ ഉണ്ടെങ്കില്‍ അത് ഹൃദയസംബന്ധമായ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാകാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
എന്നാല്‍ സെക്‌സിനിടെയുള്ള ഹൃദയാഘാതത്തിനു സാധ്യത കുറവാണെന്നാണ് പഠനം. ഹൃദയസംബന്ധമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് സെക്‌സിനിടെ ഹൃദയാഘാതം വരാന്‍ സാധ്യതയില്ല. നിങ്ങള്‍ക്ക് ഒരു പ്രയാസവും ഇല്ലാതെ നടക്കാനും വ്യായാമം ചെയ്യാനും കോണിപ്പടികള്‍ കയറാനും സാധിക്കുന്നുണ്ടെങ്കില്‍ ഭയം കൂടാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article