ശരീരത്തിന് ശക്തി പകരാൻ നൌകാസനം

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (16:00 IST)
“നൌക” എന്ന വാക്കിനര്‍ത്ഥം വള്ളം എന്നാണല്ലോ. പേരിനെപോലെ നൌകയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള യോഗാസന സ്ഥിതിയാണ് നൌകാസനം. ചുരുക്കം ചിലവ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ഊര്‍ദ്ധ്വ പദ ഹസ്താസനത്തിന് സമാനമാണ് ഈ യോഗാസനവും.
 
ചെയ്യേണ്ടരീതി:
 
* നിലത്ത് നീണ്ട് നിവര്‍ന്ന് കിടക്കുക
 
* നൌകാസനത്തില്‍ ഊര്‍ദ്ധ്വ പദ ഹസ്താസനത്തിലേതുപോലെ കൈകള്‍ അതാത് തുടകളില്‍ വയ്ക്കേണ്ടതില്ല.
 
* കൈകളുടെ മുകള്‍ഭാഗം ചെവിയില്‍ മുട്ടത്തക്കവണ്ണം കൈകള്‍ ഉയര്‍ത്തുക
 
* ശ്വാസം ഉള്ളിലേക്ക് എടുത്തുകൊണ്ട് കാലുകള്‍, നെറ്റി, തോളുകള്‍, കഴുത്ത്, തല, കൈകള്‍ ഇവയെല്ലാം തറയില്‍ നിന്ന് 60 ഡിഗ്രി ഉയര്‍ത്തണം. 
 
* കൈകള്‍ നേരെ ആയിരിക്കണം.
 
* കൈകള്‍ കാല്‍‌വിരലുകള്‍ക്ക് നെരെയായിരിക്കാന്‍ ശ്രദ്ധിക്കണം.
 
* അതായത്, കൈവിരലുകളും കാല്‍‌വിരലുകളും നേര്‍ക്കുനേര്‍.
 
* നോട്ടം കാല്‍‌വിരലുകളില്‍ കേന്ദ്രീകരിക്കുക.
 
* ഇപ്പോള്‍ ശരീരത്തിന്‍റെ പിന്‍‌ഭാഗത്തായിരിക്കും ശക്തി നല്‍കേണ്ടത്
 
* ശ്വാസമെടുത്ത നിലയില്‍ തന്നെ അഞ്ച് സെക്കന്‍ഡ് തുടരണം.
 
* ഇപ്പോള്‍ നിങ്ങളുടെ ശരീരം നൌകയെ അനുസ്മരിപ്പിക്കുന്ന അവസ്ഥയിലായിരിക്കും.
 
* പതുക്കെ ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് പൂര്‍‌വാവസ്ഥയിലേക്ക് മടങ്ങുക.
 
പ്രയോജനങ്ങള്‍:
 
* നൌകാസനം ചെയ്യുന്നതിലൂടെ അടിവയര്‍, കാലുകള്‍, കൈകള്‍, കഴുത്ത്, പുറം എന്നീ ശരീരഭാഗങ്ങളെ ശക്തിപ്പെടുത്തുന്നു.
 
* നട്ടെല്ലിലെ കശേരുക്കളുടെ സ്ഥാനമാറ്റം ഇല്ലാതാക്കുന്നു.
 
* നെഞ്ചിന് വികാസമുണ്ടാവുന്നതിനൊപ്പം ശ്വാസകോശങ്ങളെയും ശക്തിപ്പെടുത്തുന്നു.
 
* ഈ ആസനം ചെയ്യുന്നത് തുടകള്‍ക്കും കടിപ്രദേശത്തിനും വസ്തിപ്രദേശത്തിനും കൈകള്‍ക്കും കാല്‍മുട്ടുകള്‍ക്കും ശരിയായ വ്യായാമം നല്‍കുന്നു.
Next Article