ആര്‍ത്തവത്തെ നേരിടാന്‍ സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നവരാണ് സമൂഹത്തില്‍ കൂടുതലും. എന്നാല്‍, പാഡുകളേക്കാള്‍ സുരക്ഷിതമാണ് മെന്‍സ്ട്രുവല്‍ കപ്പുകളെന്നാണ് പഠനം. പാഡുകള്‍ ഒഴിവാക്കി മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചതിനു ശേഷം താന്‍ അനുഭവിച്ച സുരക്ഷിതത്വത്തെ കുറിച്ച് സംസാരിക്കുകയാണ് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ദീപ ദാസ്.
കുറിപ്പ് വായിക്കാം
ഇന്ന് ലോക ആര്‍ത്തവ ശുചിത്വദിനം. ഇന്നും മെഡിക്കല്‍ ഷോപ്പിലോ സ്റ്റേഷനറി കടകളിലോ പോയി ഒരു പാക്കറ്റ് പാഡ് ചോദിച്ചുവാങ്ങാന്‍ മടിക്കുന്ന നിരവധി പെണ്‍കുട്ടികളും സ്ത്രീകളുമുണ്ട്. പാഡിന്റെ പാക്കറ്റ് പൊതിഞ്ഞു വാങ്ങുന്നവരും നിരവധിയാണ്. ഉറപ്പായും സമൂഹത്തിലെ ഭൂരിഭാഗവും ഇങ്ങനെ ആയിരിക്കും എന്നതില്‍ സംശയമില്ല. വിപണിയില്‍ മുന്നിട്ട് നില്‍കുന്ന സാനിറ്ററി നാപ്കിന്നിനു 'Whisper' എന്ന് പേരു വന്നതു പോലും ആര്‍ത്തവം എന്തോ അടക്കിപറയാനുള്ള കാര്യം ആണെന്നുള്ള ധരണയാവാനെ വഴിയുള്ളൂ. ആര്‍ത്തവത്തെ കുറിച്ച് ഉറക്കെ സംസാരിക്കാതെ നമുക്ക് എങ്ങനെ ആര്‍ത്തവ ശുചിത്വത്തെ കുറിച്ച് സംസാരിക്കാന്‍ പറ്റും.
സ്വാഭാവികമായ ആര്‍ത്തവ ചക്രം 28 ദിവസം ആണ്. ശാരീരികമോ മാനസികമോ ആയ കാരണങ്ങള്‍ കൊണ്ട് ഇത് അല്‍പം മുന്നോട്ടോ പിന്നോട്ടോ പോകാം. അത് ആരോഗ്യപ്രശ്‌നം അല്ല. അസ്വാഭാവികമായി തോന്നിയാല്‍ വൈദ്യ സഹായം തേടുന്നത് ആണ് നല്ലത്.
മെന്‍സ്ട്രുവല്‍ കപ്പിനെ (Menstrual cup) കുറിച്ച് പറയാതെ ആര്‍ത്തവ ശുചിത്വദിനം പൂര്‍ണമാവില്ല. ആര്‍ത്തവ ശുചിത്വം വളരെ വലുതായി വീക്ഷിക്കുമ്പോള്‍ വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതി ശുചിത്വം കൂടി വേണം എന്ന് ആഗ്രഹിക്കുന്നു. ഒരു സ്ത്രീ അവളുടെ ആര്‍ത്തവ ജീവിതത്തില്‍ ഉടനീളമുള്ള സാനിറ്ററി നാപ്കിന്‍ ഉപയോഗത്തില്‍ 50 Kg Plastic waste ഉണ്ടാവുന്നു എന്നെല്ലാം പഠനങ്ങളുണ്ട്. ഇതിനൊരു മാറ്റം വേണം. ഞാന്‍ ജീവിതത്തില്‍ 10 വര്‍ഷം നാപ്കിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളേ ആയിട്ടുള്ളൂ. എന്നാല്‍, മെന്‍സ്ട്രുവല്‍ കപ്പില്‍ നിന്ന് ഇനി ഒരു തിരിച്ചുപോക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. അതിന് കാരണങ്ങള്‍ ഒരുപാട് ഉണ്ട്.
സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും അറിയാം അഞ്ച് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ ആകുമ്പോള്‍ നാപ്കിന്‍ മാറ്റേണ്ടതുണ്ട്. തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ കൃത്യമായ ഇടവേളയില്‍ പാഡ് മാറ്റുന്നവരുടെ എണ്ണം തുലോം തുച്ഛമാണ്. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുകയാണെങ്കില്‍ 12 മണിക്കൂര്‍ ആരോഗ്യപരമായ ഒരു പ്രശ്‌നവും ഇലാതെ രക്തം ശേഖരിക്കും. പാഡ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന തടിപ്പും ചൊറിച്ചിലും പൂര്‍ണമായും ഒഴിവാക്കാം.
സ്‌കൂള്‍, കോളേജ് കാലഘട്ടത്തില്‍ നേരിട്ട മറ്റൊരു പ്രധാന വെല്ലുവിളി ഉപയോഗശേഷം പാഡുകള്‍ എങ്ങനെ കളയും എന്നതാണ്. പലപ്പോഴും പാഡ് കളയാന്‍ കൃത്യമായ സജ്ജീകരണം ഇല്ലാതെ മനപ്രയാസം അനുഭവിച്ചിട്ടുണ്ട്. അനുഭവിക്കാത്തതെന്തും കെട്ടുകഥകള്‍ ആയിട്ടേ സമൂഹത്തിനു തോന്നുകയുള്ളൂ എന്ന് ബെന്യാമിന്‍ പറഞ്ഞിട്ടുണ്ട്. പാഡുകള്‍ കൃത്യമായി ഡിസ്‌പോസ് ചെയ്യാന്‍ സൗകര്യമില്ലാത്തത് എത്രത്തോളം പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ പെണ്‍കുട്ടികളോടും സ്ത്രീകളോടും ചോദിച്ചാല്‍ മനസിലാകും. ഇതിനൊക്കെയുള്ള പരിഹാരമാണ് മെന്‍സ്ട്രുവല്‍ കപ്പ്.
വാട്ടര്‍ തീം പാര്‍ക്ക്, വെള്ളച്ചാട്ടം എന്നിവിടങ്ങളിലൊക്കെ വിനോദയാത്ര പോയി ആര്‍ത്തവം കാരണം ഒരു മൂലയിലേക്ക് മാറിനില്‍ക്കേണ്ടി അവസ്ഥ വന്നിട്ടുണ്ടോ? സന്തോഷങ്ങള്‍ എല്ലാം ഒറ്റ നിമിഷം കൊണ്ട് ഒരു മൂലയിലേക്ക് ചുരുങ്ങും. ഇത്തരം നിരാശകളെല്ലാം ഒഴിവാക്കാന്‍ മെന്‍സ്ട്രുവല്‍ കപ്പിലൂടെ സാധിച്ചിട്ടുണ്ട്.
ഒരിക്കല്‍ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചാല്‍ പല ചങ്ങലക്കണ്ണികളും മുറിച്ചുമാറ്റാന്‍ സാധിക്കും. പാഡോ തുണിയോ ഉപയോഗിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് മെന്‍സ്ട്രുവല്‍ കപ്പ്. ആര്‍ത്തവ സാമഗ്രികളില്‍ ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗവും മെന്‍സ്ട്രുവല്‍ കപ്പാണ്. ശരാശരി 500 രൂപ വിലയുള്ള മെന്‍സ്ട്രുവല്‍ കപ്പ് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ഉപയോഗിക്കാം. അതെസമയം, പാഡിന്റെ ചിലവ് അഞ്ച് വര്‍ഷത്തേയ്ക്ക് ഏറ്റവും ചുരുങ്ങിയത് 2,000 രൂപ വരെ ആയേക്കാം.
മെന്‍സ്ട്രുവല്‍ കപ്പ് വാങ്ങിക്കുമ്പോള്‍ നൂറ് ശതമാനം സിലിക്കോണ്‍ നിര്‍മിതമാണോ എന്ന് ഉറപ്പുവരുത്തണം. കൃത്യമായ അളവിലുള്ള കപ്പ് വാങ്ങാനും ശ്രദ്ധിക്കണം. Vaginal birth( സുഖപ്രസവം) കഴിഞ്ഞിട്ടില്ലാത്ത മിക്ക സ്ത്രീകള്‍ക്കും Small, Medium size മതി എന്ന് വിദഗ്ധര്‍ പറയുന്നു. കൃത്യമായ അളവ് സ്വയം പരിശോധിച്ചതിനു ശേഷം വാങ്ങിക്കുന്നതാണ് ഉചിതം.