വര്‍ണങ്ങളുടെയും കാഴ്ചകളുടെയും രുചികളുടെയും നാദങ്ങളുടെയും വൈവിധ്യംകൊണ്ട് ബഹുലമാണ് സമൂഹം. ഈ വൈവിധ്യത്തെ പരമാവധി ആസ്വദിക്കുന്നതിനെയാണ് ജീവിതം എന്നു വിളിക്കുന്നത്. ചില ആളുകള്‍ക്ക് ഒറ്റയ്ക്ക് ജീവിക്കാനായിരിക്കും ഇഷ്ടം. അത്തരത്തില്‍ ജീവിക്കുന്നതിന് പലതരത്തിലുള്ള ഗുണങ്ങളുമുണ്ട്. നിങ്ങളുടെ വീട്ടിൽ നിങ്ങൾ മാത്രമേ ഉള്ളൂവെങ്കില്‍ എന്താണോ നിങ്ങൾക്ക് തോന്നുന്നത് അത് ചെയ്യാം. ഇഷ്ടമുള്ളത് കഴിക്കാം. ടെലിവിഷനിലെ മനസ്സിന് ഇഷ്ടമുള്ള പരിപാടികൾ ആരുടെയും കൈകടത്തലുകൾ ഇല്ലാതെ ആസ്വദിക്കാം. അങ്ങനെ ഒറ്റയ്ക്കുള്ള ജീവിതം ധാരാളം സ്വാതന്ത്ര്യമാണ് നിങ്ങൾക്ക് ലഭ്യമാക്കുക.
ഒരാൾ ഒറ്റയ്ക്കാണ് ജീവിക്കുന്നതെങ്കില്‍ അയാളുടെ ആരോഗ്യത്തിന് അത് വളരെയധികം തകരാറുകൾ വരുത്തുമെന്നാണ് ഈ അടുത്തകാലത്ത് നടന്ന ഒരു പഠനം പറയുന്നത്. ക്വിൻസ് ലാൻഡ് യൂണീവേഴ്സിറ്റി ഓഫ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒരു പഠനന്ത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക് അമിത വണ്ണം പോലുള്ള അസുഖങ്ങള്‍ വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്നാണ് പറയുന്നത്. ഏകാന്ത ജീവിതം നയിക്കുന്നവരുടെ ഭക്ഷണ ക്രമം മറ്റുള്ളവർക്കൊപ്പം ജീവിക്കുന്ന ആളുകളെ അപേക്ഷിച്ച് അനാരോഗ്യകരമായിരിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
സാധനങ്ങൾ സ്വയം വാങ്ങുന്നതും ഭക്ഷ്യ സാധനങ്ങളുടെ ദിനംപ്രതിയുള്ള വിലക്കയറ്റവും ഭക്ഷണം പാകം ചെയ്യാൻ അറിയാത്തതും അഥവാ ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് മറ്റൊരാളുടെ സഹായം ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഭൂരിപക്ഷം പേരുടേയും ആരോഗ്യം തകരാറിലാകാന്‍ ഇടയാകുമെന്നും പറയുന്നു. അതുമൂലം അവര്‍ അമിതവണ്ണത്തിലേക്ക് നീങ്ങുകയും ചെയ്യുമെന്നും പറയുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്മാരിലാണ് ഇത്തരം ദോഷഫലങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നു. ജീവിതത്തിലെ ദുർഘടഘട്ടങ്ങളെ തനിച്ച് തരണം ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞെന്നു വരില്ല. ഇത്തരം ഘട്ടങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടുന്നതു വളരെ ഗുണകരമാണ്.