ഉൻമേഷം പകരാൻ പൂര്‍ണ ധനുരാസനം

Webdunia
ചൊവ്വ, 21 ജൂണ്‍ 2016 (15:21 IST)
സംസ്കൃതത്തില്‍ ‘ധനുസ്’ എന്ന വാക്കിനര്‍ത്ഥം വില്ല് എന്നാണ്. മുറുക്കിയ വില്ലിനെ അനുസ്മരിപ്പിക്കുന്ന യോഗാസനാവസ്ഥയാണ് ധനുരാസനം എന്നറിയപ്പെടുന്നത്. ഈ ആസനാവസ്ഥയില്‍, നെഞ്ച്, തുടകള്‍ എന്നിവ വില്ലിന്‍റെ വളഞ്ഞ ഭാഗത്തെയും കാലുകളും നീട്ടിപ്പിടിച്ച കൈകളും വില്ലിന്‍റെ ചരടിനെയും അനുസ്മരിപ്പിക്കുന്നു.
 
ചെയ്യേണ്ടവിധം:
 
അര്‍ദ്ധധനുരാസസനത്തില്‍ എത്തിയ ശേഷം:
 
* തല,കഴുത്ത്, താടി, തുടകള്‍, കാല്‍മുട്ടുകള്‍ എന്നിവ പിന്നിലേക്ക് വളയ്ക്കുക.
 
* താടി മുകളിലേക്ക് ഉയര്‍ത്തുക.
 
* ഇതേസമയംതന്നെ വസ്തിപ്രദേശത്തിന്‍റെ അടിവശവും തലയും കഴുത്തും മുകളിലേക്ക് ഉയര്‍ത്തുക. 
 
* താടിയും തോളും നെഞ്ചും ഭൂമിയില്‍ നിന്ന് ഉയര്‍ന്നിരിക്കണം.
 
* കാല്‍‌മുട്ടുകളും കാല്പാദങ്ങളും ചേര്‍ത്ത് വയ്ക്കണം.
 
* മുകളിലേക്ക് നോക്കുക.
* തല മുകളിലേക്ക് ഉയര്‍ത്തി പരമാവധി പിന്നിലേക്ക് ചായ്ക്കണം.
 
* കണങ്കാലില്‍ വലിച്ചു പിടിക്കുക.
 
* നേരെമുന്നിലേക്ക് നോക്കുക.
 
* ശരീരഭാരം നാഭിപ്രദേശത്ത് നല്‍കുക.
 
* തുടകളും വസ്തിപ്രദേശവും ഭൂമിയില്‍ സ്പര്‍ശിക്കരുത്.
 
* ആകാവുന്നിടത്തോളം മുന്നിലേക്ക് നോക്കുക.
 
* കൈകള്‍ നിവര്‍ന്നിരിക്കണം
 
* കാലുകള്‍ വഴുതിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
 
* സന്തുലനാവസ്ഥയില്‍ തുടരുക.
 
* കുറഞ്ഞത് അഞ്ച് സെക്കന്‍ഡ് നേരം ഈ അവസ്ഥയില്‍ തുടരണം.ഈ സമയത്ത് പൂര്‍ണമായും നിശ്വാസം കഴിച്ചിരിക്കണം.
 
* പൂര്‍വാവസ്ഥയിലേക്ക് പോവുമ്പോള്‍ പതുക്കെ ശ്വാസം ഉള്ളിലേക്ക് എടുക്കുക.
 
ഗുണങ്ങള്‍:
 
ശരീരത്തിനൊട്ടാകെ ഉന്‍‌മേഷം പ്രദാനം ചെയ്യുന്നു. ശരീരശക്തി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കിഡ്നി, അഡ്രിനാല്‍ എന്നീ ഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ഒപ്പം സന്താനോത്പാദന ശേഷി കൂട്ടുകയും ചെയ്യുന്നു. 
 
ശ്രദ്ധിക്കുക:
 
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, ഡിസ്ക് പ്രശ്നങ്ങള്‍, ഹെര്‍ണിയ, അള്‍സര്‍ എന്നിവയുള്ളവര്‍ ഈ ആസനം പരീക്ഷിക്കുന്നത് ആശാസ്യമല്ല. വയര്‍ സംബന്ധമായ ഓപ്പറേഷന് വിധേയമായവര്‍ ഡോക്ടറുടെ അനുമതിയില്ലാതെ പൂര്‍ണധനുരാസനം ചെയ്യരുത്.
Next Article