ഹെപ്പറ്റൈറ്റിസ് ബി കാമ്പെയിനില്‍ വിക്രമും

Webdunia
ശനി, 23 ജൂലൈ 2011 (17:14 IST)
PRO
ലോകാരോഗ്യസംഘടനയും മിയോട്ട് ഹോസ്പിറ്റലും സഹകരിച്ച് സംഘടിപ്പിക്കുന്ന ഹെപ്പറ്റൈറ്റിസിന് എതിരെയുള്ള പ്രചരണ പരിപാടികള്‍ പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിക്രം ഉദ്ഘാടനം ചെയ്യും. ജൂലൈ 28 ആണ് ഹെപ്പറ്റൈറ്റിസ് ദിനമായി ലോകാരോഗ്യസംഘടന കണക്കാക്കുന്നതെങ്കിലും ജൂലൈ 31നാണ് ലോകാരോഗ്യസംഘടനയും മിയോട്ട് ഹോസ്പിറ്റലും ചെന്നൈയില്‍ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുക.

ഹെപ്പറ്റൈറ്റിസ് ബി സ്ക്രീനിംഗും ആദ്യ വാക്സിനേഷനും തുടര്‍ന്നുള്ള വാക്സിനേഷന്‍ കോഴ്സും തീര്‍ത്തും സൌജന്യമായി പ്രചരണ പരിപാടിയില്‍ നല്‍‌കപ്പെടും.

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ കരളിനെ ബാധിക്കുന്ന രണ്ട് ഗുരുതരമായ രോഗങ്ങളാണ് ഹെപ്പറ്റൈറ്റിസ് ബിയും ഹെപ്പറ്റൈറ്റിസ് ഇയും. ശുദ്ധിയില്ലാത്ത വെള്ളവും വൃത്തിയില്ലാത്ത ഭക്ഷണവുമാണ് ഈ രോഗങ്ങള്‍ വരുത്തുന്നത്. വൈറസാണ് രോഗഹേതു.

ഇന്ത്യയില്‍ മാത്രം 40 മില്യണ്‍ ആളുകളെ ഹെപ്പറ്റൈറ്റിസ് ബി വൈറസ് ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. സ്റ്റെറിലൈസ് ചെയ്യാത്ത സൂചി, സ്ക്രീന്‍ ചെയ്യാത്ത രക്തം, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയൊക്കെ വൈറസ് പകരാന്‍ കാരണമാകും.

കരളിന്റെ അകത്ത് കയറിപ്പറ്റുന്ന ഹെപ്പറ്റൈറ്റിസ് വൈറസ് പെരുകാന്‍ തുടങ്ങുന്നു. കരളിന്റെ പ്രവര്‍ത്തനങ്ങളെ വൈറസ് ബാധിക്കാന്‍ തുടങ്ങുന്നതോടെ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. മഞ്ഞനിറമുള്ള ചര്‍മം, രക്തം ചര്‍ദ്ദിക്കല്‍, കുംഭവയര്‍, ഉറക്കവ്യതിയാനങ്ങള്‍ എന്നിവയൊക്കെ രോഗലക്ഷണങ്ങളാണ്.

ഓരോ വര്‍ഷവും ഒരുലക്ഷം പേരാണ് ഈ രോഗം വന്ന് ഇന്ത്യയില്‍ മരിക്കുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി രോഗം വാക്സിനേഷന്‍ കൊണ്ട് ഭേദമാക്കാന്‍ കഴിയുമെന്ന് പലര്‍ക്കും അറിയില്ല. വാക്സിനേഷന്‍ കൊണ്ട് ഹെപ്പറ്റൈറ്റിസ് ബി ഭേദമാക്കാന്‍ കഴിയും എന്ന് ആളുകളില്‍ ബോധവത്കരണം നടത്തുകയാണ് ലോകാരോഗ്യസംഘടനയും മിയോട്ട് ഹോസ്പിറ്റലും സഹകരിച്ച് സംഘടിപ്പിക്കുന്ന കാമ്പെയിനിന്റെ ലക്‌ഷ്യം.