സ്മാര്‍ട്ട്‌ഫോണിനെ സ്നേഹിച്ച് വയസ്സരാവല്ലേ!

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2011 (17:49 IST)
PRO
PRO
ചെറിയ സ്ക്രീനിലെ രാജാക്കന്‍‌മാരായ സ്മാര്‍ട്ട്‌ഫോണുകളെ ആരാണ് സ്നേഹിക്കാത്തത്. കീശയ്ക്ക് കനമുണ്ടെങ്കില്‍ ആരായാലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിച്ചുപോകും. എന്നാല്‍, ഈ ‌സ്മാര്‍ട്ട് ഫോണ്‍ പ്രണയം നിങ്ങളെ അകാലത്തില്‍ വൃദ്ധരാക്കുമെന്നും ലൈംഗിക ബലഹീനത തുടങ്ങിയ ഗുരുതരമായ രോഗാവസ്ഥകളിലേക്ക് കൈപിടിച്ച് നടത്തുമെന്നും പറഞ്ഞാല്‍ അക്കാര്യം ഒന്ന് ശ്രദ്ധിക്കുക തന്നെ വേണം.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാര്‍ ഏറുന്നത് അനുസരിച്ച് അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളും കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. ഐഫോണും ബ്ലാക്‍ബെറിയും അടക്കമുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ ഉപയോഗം കാഴ്ചത്തകരാറുകള്‍ക്കും കണ്ണിനു ചുറ്റുമുള്ള ചുളിവുകള്‍ക്കും കാരണമാകുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയില്‍ ഒമ്പതു ദശലക്ഷത്തോളം ആളുകളാണ് സ്മാര്‍ട്ട്‌ഫോണിന്റെ ഉപയോക്താക്കള്‍. ദിവസം ശരാശരി ഒമ്പത് മണിക്കൂര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ് ഉപയോക്താക്കളിലധികവും. കൂടുതല്‍ സമയം സ്മാര്‍ട്ട്‌ഫോണിന്റെ ചെറിയ സ്ക്രീനിലേക്ക് ഉറ്റുനോക്കിയിരിക്കുന്നതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ഇത് കാലക്രമേണ ത്വക്കിന്റെ തിളക്കം തന്നെ നഷ്ടപ്പെടുത്താന്‍ കാരണമാവുന്നു. ചികിത്സയിലൂടെ ഈ പ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യശാസ്ത്രത്തിന്റെ സഹായം തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

ഇത്രയും പറഞ്ഞത് ത്വക്കിന്റെ മാത്രം കാര്യം. ഇനി പറയാനുള്ളത് സ്മാര്‍ട്ട്‌ഫോണിലൂടെയുള്ള അധിക റേഡിയേഷന്റെ കാര്യമാണ്. സാധാരണ ഫോണുകളെക്കാള്‍ 2.5 മടങ്ങ് കൂടുതല്‍ റേഡിയേഷനാണ് ഇവ പുറപ്പെടുവിക്കുന്നത്. ഇത് ബ്രയിന്‍ ട്യൂമര്‍, അകാല വാര്‍ദ്ധക്യം, ലൈംഗിക ബലഹീനത എന്നിവയ്ക്കും കാരണമായേക്കാമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

എന്തായാലും, ഫോണ്‍ നിര്‍മ്മാതാക്കളും ഇക്കാര്യത്തില്‍ ആശങ്കാകുലരാണ്. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് 25 എം‌എം എങ്കിലും അകലെയായിരിക്കണമെന്നാണ് ബ്ലാക്‍ബെറി നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ആപ്പിള്‍ പറയുന്നത് ഉപയോഗത്തിലായിരിക്കുമ്പോള്‍ ഐഫോണ്‍ ശരീരത്തില്‍ നിന്ന് 15 എം‌എം എങ്കിലും അകലെയാവണമെന്നാണ്.

കാര്യമിതൊക്കെയാണെങ്കിലും, സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ പ്രത്യേക മൊബൈല്‍ കവറുകളും ആന്റി റേഡിയേഷന്‍ ചിപ്പുകളും ഉപയോഗിക്കുന്നതിലൂടെ പ്രശ്നത്തിന്റെ കാഠിന്യം കുറയ്ക്കാമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.