ഉപ്പ് പാചകത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ചില മധുരപലഹാരങ്ങളില്‍ പോലും ഉപ്പ് ചേര്‍ക്കാറുണ്ട്. ഉപ്പിനെ അടുക്കളയിലെ നായകനായാണ് കണക്കാക്കുന്നത്. എന്നാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും സംശയം തോന്നിയിട്ടുണ്ടാകും. അടുക്കളയിലെ മറ്റു വസ്തുക്കളെപ്പോലെ ഉപ്പിനും എക്‌സ്പയറി ഡേറ്റ് ഉണ്ടോ എന്നത്. അടുക്കളയിലെ പച്ചക്കറികളും മറ്റു ഭക്ഷണ വസ്തുക്കളും കേടാകുന്നതുപോലെ ഉപ്പു കേടായത് നമ്മള്‍ ആരും തന്നെ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.
അതുകൊണ്ടുതന്നെ ഉപ്പ് കേടാകുമോ എന്ന് പലര്‍ക്കും സംശയവും ആണ്. ഉപ്പില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകം സോഡിയം ക്ലോറൈഡ് ആണ്. ഇത് എത്ര കാലം തന്നെ സൂക്ഷിച്ചിരുന്നാലും ഇതിലെ രാസഘടനയ്ക്ക് മാറ്റം ഒന്നും വരില്ല. അതുകൊണ്ടുതന്നെ ഉപ്പു കേടാവുകയില്ല. ഇതിന് എക്‌സ്പയറി ഡേറ്റും ഇല്ല. ഒരു വസ്തുവിന്റെ രാസപരമായ ഘടനയില്‍ മാറ്റം വരുമ്പോഴാണ് അത് മറ്റൊരു പദാര്‍ത്ഥമായി മാറുന്നതും കേടാകുന്നതും .