ശരീരത്തെ പൂര്‍ണമായി മറന്നുകൊണ്ട് ഏകാഗ്രമായ ധ്യാനാവസ്ഥയിലാണ് ഗര്‍ഭസ്ഥശിശു. അതുകൊണ്ടുതന്നെ ചില ലഘുവായ വ്യായാമമുറകള്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകള്‍ അകറ്റാനും സുഖപ്രസവത്തിനും സഹായകമാണ്. ഏകപാദാസനം, താടാസനം, പ്രാണായാമം, സേതുബന്ധാസനം തുടങ്ങിയ ലളിതമായ വ്യായാമമുറകള്‍ ചെയ്യുന്നത് പ്രസവകാലത്ത് അത്യുത്തമമാണ്. ചെറിയരീതിയിലുള്ള വ്യായാമങ്ങള്‍ ഗര്‍ഭിണികളുടെ മാനസികോല്ലാസത്തിന് നല്ലതാണ്. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സുഖപ്രസവത്തിനും ശരിയായ യോഗാഭ്യാസങ്ങളും വ്യായാമങ്ങളും ആവശ്യമാണ്.
ജോലികള്‍ ചെയ്യുന്ന ഗര്‍ഭിണികളും ലളിത യോഗസാധനകള്‍ ചെയ്യുന്നത് നല്ലതാണ്. യോഗാസനങ്ങള്‍ക്കു പുറമേ ഒരുമണിക്കൂര്‍ നടത്തവും ഗര്‍ഭിണികള്‍ ചെയ്യേണ്ടതുണ്ട്. പ്രാണായാമവും ആസനവ്യായാമങ്ങളും കൂടാതെ ദിവസേന പത്തു മിനിറ്റ് ധ്യാനിക്കുവാനും ഗര്‍ഭിണികള്‍ സമയം കണ്ടെത്തണം. മനസിനെ ഏകാഗ്രമാക്കിയുള്ള ധ്യാനം മാതാവ് ചെയ്യുമ്പോള്‍ കുഞ്ഞിനും അത് ഗുണം ചെയ്യും.
ഗര്‍ഭകാലം സ്ത്രീകളുടെ ശരീരത്തില്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. ഈ വെല്ലുവിളി നേരിടാനുള്ള കരുത്ത് യോഗ നല്‍കും. ഹോര്‍മോണുകളുടെ വ്യതിയാനത്തിനും അസ്ഥികളുടെയും നാഡികളുടെയും വളര്‍ച്ചയേയും സ്വാധീനിക്കാന്‍ യോഗയ്ക്ക് കഴിയും. ഇതിനുപുറമെ മാനസികമായ കരുത്തും നല്‍കും എന്നതിനാല്‍ യോഗ ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് വളരെയേറെ ഗുണം ചെയ്യും.
പ്രസവകാലത്ത് യോഗ എപ്പോള്‍ ശീലിച്ചു തുടങ്ങാം?
പ്രസവകാലത്തിന്റെ തുടക്കത്തിലെ 13 ആഴ്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം എറ്റവും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. അതുകൊണ്ടുതന്നെ ലളിതമായ യോഗാസനങ്ങള്‍ മാത്രമേ പാടുള്ളു. ഈ സമയത്ത് സ്ത്രീകള്‍ക്ക് ഛര്‍ദ്ദി അനുഭവപ്പെടും. പ്രാണായാമം ചെയ്യുന്നത് മാനസികമായ കരുത്ത് നേടാന്‍ സഹായിക്കും.
പിന്നീടുള്ള 14 മുതല്‍ 26 ആഴ്ച വരെ ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും പ്രാധാന്യമുള്ള സമയമാണ്. ഇക്കാലയളവില്‍ ഇരുന്നു കൊണ്ടുള്ള യോഗാസനങ്ങളാണ് ഉത്തമം. തുടക്കത്തില്‍ ചെയ്തതു പോലെതന്നെ ശ്വസനവുമായി ബന്ധപ്പെട്ട യോഗയ്ക്ക് പ്രാധാന്യം നല്‍കാം. ഇതിനുപുറമെ ശരീരത്തിന്റെ ഇരുവശങ്ങളിലേക്കും രക്തം എത്താന്‍ സഹായിക്കുന്ന തരത്തിലുള്ള യോഗകള്‍ ചെയ്യുന്നത് ഉത്തമമാണ്.
പിന്നീടങ്ങോട്ട് ശരീരത്തെ കൂടുതല്‍ വഴക്കമുള്ളതാക്കാന്‍ ഉതകുന്ന രീതിയിലുള്ള യോഗകളാകാം. വൃക്ഷാസന്‍, ശവാസന്‍, ഉത്താടാസനം തുടങ്ങിയ ആസനങ്ങള്‍ ചെയ്യുന്നത് നല്ലതാണ്.
പ്രസവകാലത്ത് യോഗ ചെയ്യുന്നത് എത്രത്തോളം സുരക്ഷിതമാണ്?
പ്രസവകാലത്ത് യോഗാസനം ചെയ്യുമ്പോള്‍ ഒരു ഡോക്ടറുടെ അഭിപ്രായം തേടേണ്ടത് അത്രാവശ്യകാര്യമാണ്. ഡോക്ടറുടെ അഭിപ്രായം അനുസരിച്ച് യോഗ ചെയ്യുന്നത് സുരക്ഷിതമാണ്. എന്നാല്‍ യോഗ ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ അത് നിര്‍ത്തേണ്ടതാണ്. പിന്നീട് യോഗ ചെയ്യുമ്പോള്‍ അത്തരത്തിലുള്ള യോഗാസനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
∙ ആന്തരിക–ബാഹ്യശുദ്ധി യോഗാഭ്യാസത്തിനു പ്രധാനമാണ്. വൃത്തിയുള്ളതും ശുദ്ധ വായു സഞ്ചാരമുള്ളതുമായ തുറന്ന സ്ഥലമാവണം യോഗാഭ്യാസത്തിനായി തെരഞ്ഞെടുക്കേണ്ടത്.
∙ രാവിലെയോ വൈകുന്നേരമോ ഒരു നിശ്ചിതസമയം യോഗാഭ്യാസത്തിനായി മാറ്റിവയ്ക്കാം. പുലർച്ചെയാണ് ഏറ്റവും ഉത്തമം.
∙ മനോനിയന്ത്രണം വേണം. കാടുകയറിയുള്ള ചിന്തകളുമായി യോഗാഭ്യാസത്തിനു തുനിയരുത്.
∙ യോഗാഭ്യാസങ്ങളും മറ്റു ശാരീരിക വ്യായാമങ്ങളും കൂട്ടിക്കലർത്തി ചെയ്യുന്നതു നല്ലതല്ല.
∙ കുളി കഴിഞ്ഞു യോഗാഭ്യാസം ചെയ്യുന്നതാണ് ഉത്തമം. ഇനി യോഗാഭ്യാസം ചെയ്തിട്ടാണെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ കുളിക്കാവൂ.
∙ ഭക്ഷണം കഴിഞ്ഞ് ഉടൻ യോഗ ചെയ്യരുത്. ഭക്ഷണം പൂർണമായും ദഹിക്കാനുള്ള ഇടവേള കഴിഞ്ഞു മാത്രം യോഗ ചെയ്യുക. യോഗാഭ്യാസം കഴിഞ്ഞിട്ടായാലും അൽപസമയം കഴിഞ്ഞു മാത്രമേ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും പാടുള്ളൂ.
∙ യോഗ ചെയ്യുമ്പോൾ അയഞ്ഞ കോട്ടൺ വസ്ത്രം ധരിക്കുന്നതാണ് ഉത്തമം.
∙ മിതഭക്ഷണം പ്രധാനം. വലിച്ചുവാരിയും സമയക്രമം ഇല്ലാതെയും കഴിക്കുന്ന ശീലം ഒഴിവാക്കുക.
∙ ആദ്യമായി യോഗ ചെയ്യുമ്പോൾ ആരോഗ്യമുള്ളവരായാലും ചില വിഷമതകൾ സാധാരണയാണ്. ശരീരത്തിൽ ഉണ്ടാവുന്ന ശുദ്ധീകരണക്രിയയുടെ ലക്ഷമാണിത്. ഭയപ്പെടാനില്ല.