മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നത് കൊണ്ട് ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് വ്യത്യസ്തമായ സംരക്ഷണ രീതികള്‍ ആവശ്യമാണ്. ആരോഗ്യകരമായ ജീവിത ശൈലി എളുപ്പത്തില്‍ നേടാനും നിലനിര്‍ത്താനുമുള്ള പലതരം മാര്‍ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. നമ്മുടെ ശരീരത്തിനു ഭാരം കൂട്ടുന്നതു പോലെ അത്ര എളുപ്പമല്ല, കൂടിയ ഭാരം കുറയ്ക്കുകയെന്നത്. കഠിനമായ വ്യായാമങ്ങള്‍ ചെയ്തും ഭക്ഷണം കുറച്ചും ഇതിനു ശ്രമിക്കുന്നവര്‍ ധാരാളമാണ്. എന്നാൽ, ചില വിഭവങ്ങൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാല്‍ ഭാരം കുറയ്ക്കാൻ സാധിക്കും. ഏതെല്ലാമാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാനുള്ള ഉത്തമമാര്‍ഗ്ഗമാണ് പപ്പായ കഴിക്കുന്നത്. ഏറെ പോഷകങ്ങളുള്ള പപ്പായയില്‍ കലോറി വളരെ കുറവാണ്. അതിനാല്‍ തന്നെ ശാരീരിക ക്ഷീണമില്ലാതെ ശരീരഭാരം കുറയ്ക്കാന്‍ പപ്പായ സഹായിക്കും. പപ്പായ ആഹാരത്തിലുള്‍പ്പെടുത്തുന്നത് വഴി ജലദോഷത്തിനും, ചുമയ്ക്കും ശമനം കിട്ടും. വൈറ്റമിന്‍ സിയുടെ സാന്നിധ്യമുള്ളതിനാല്‍ പപ്പായ കഴിക്കുന്നത് വഴി രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കും.
ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ധാരാളം വെള്ളം കുടിക്കുക എന്നത്. നമ്മൾ കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും 75 ശതമാനത്തോളം വെള്ളം അറ്റങ്ങിയിട്ടുണ്ട്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതിൽ വെള്ളത്തിന് പ്രധാന പങ്കാണുള്ളത്. തണുത്ത വെള്ളം കുടിക്കുന്നതാണ് ഇതിന് ഏറ്റവും ഉത്തമം.
ഡയറ്റ് സൗഹൃദ ഭക്ഷണം എന്നാണ് ചീര അറിയപ്പെടുന്നത്. ഏതു തരത്തില്‍ പാകം ചെയ്തു കഴിച്ചാലും ഒരുതരത്തിലുള്ള ദോഷവും ചീര ചെയ്യില്ലെന്നാണ് ഡയറ്റീഷ്യൻമാര്‍ പറയുന്നത്. രോഗപ്രതിരോധ ശക്തിക്കും ഏറ്റവും ഗുണകരമായ ഒന്നാണ് ചീര ഉൾപ്പെടുത്തിയ പാചകം.
കാൽസ്യം, ഫൈബർ, വൈറ്റമിൻ സി എന്നിവ ബ്രൊക്കോളിയില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുന്നതിനും ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താനും സഹായിക്കും. ഹൃദയാരോഗ്യത്തിനും ബ്രൊക്കോളി ഉത്തമമാണ്.
വൈറ്റമിൻ സി, ഫോളിക് ആസിഡ്, പൊട്ടാസ്യം എന്നിവയെ കൂടാതെ ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് മധുരനാരങ്ങ. ഹൃദയ ഭിത്തികളെ കാത്തുസൂക്ഷിക്കാന്‍ കഴിവുള്ള ഇതില്‍ വൈറ്റമിൻ എ, ലൈക്കോപിൻ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.