ലോകകപ്പ് കപ്പ് ഇനി ജര്‍മ്മനിക്ക് സ്വന്തം

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (09:42 IST)
1990 ലെ തോല്‍വിക്ക് പകരം വീട്ടാനുള്ള  അര്‍ജന്റീനയുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് ജര്‍മ്മനി ലോക ചാമ്പ്യന്മാരായി.
അമേരിക്കന്‍ ഭൂഗണ്ടത്തില്‍ ലോകകപ്പ് ജയിക്കുന്ന ആദ്യ യൂറോപ്യന്‍ ടീമായി മാറിയിരിക്കുകയാണ്  ഇതോടെ ജര്‍മ്മനി. ഇത് ജര്‍മ്മനിയുടെ നാലാമത്തെ ലോകകപ്പ് വിജയമാണ്.ഫൈനലില്‍ മികച്ച കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. എങ്കിലും നാല് മികച്ച അവസരങ്ങള്‍ കളഞ്ഞ് കുളിച്ചത് അവര്‍ക്ക് വിനയാകുകയായിരുന്നു.

എക്സ്ട്ര ടൈമിലാണ് ജര്‍മ്മനിയുടെ വിജയ ഗോള്‍ പിറന്നത്. 87ആം മിനിറ്റില്‍  മിറോസ്ലാവ് ക്ലോസെയുടെ പകരക്കാരനായി ഗ്രൌണ്ടിലിറങ്ങിയ  മരിയോ ഗോട്‌സെയാണ്  ജര്‍മ്മനിക്കായി ഗോള്‍ നേടിയത്. ഗ്രൌണ്ടിന്റെ ഇടതു വിങ്ങിലൂടെ മുന്നേറിയ ഷുര്‍ളെ നല്‍കിയ പാസ് നെഞ്ചില്‍ ഏറ്റുവാങ്ങിയതിനുശേഷം ഗോട്സെ അര്‍ജെന്റീനയുടെ  ഗോള്‍ പോസ്റ്റിലേക്ക് പായിക്കുകയായിരുന്നു

35ആം മിനിറ്റിലും 46ആം മിനിറ്റിലും 74ആം മിനിറ്റിലും മെസ്സി അവസരങ്ങള്‍ പാഴാക്കിയെങ്കിലും. അര്‍ജെന്റീനയുടെ ആരാധകര്‍ക്ക് ഏറ്റവും നിരാശ നല്‍കിത് തൊണ്ണൂറ്റിയാറാം മിനിറ്റില്‍ പകരക്കാരന്‍ പലാസ്യോ വരുത്തിയ വീഴ്ചയാണ്. തൊണ്ണൂറ്റിയാറാം മിനിറ്റില്‍ പലാസ്യോ  മധ്യനിരയില്‍ നിന്ന് കിട്ടിയ പന്തുമായി മുന്നേറിയെങ്കിലും ജര്‍മ്മന്‍ ഗോളിയുടെ തലയുടെ മുകളിലൂടെ ഗോള്‍മുഖത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല കളി തീരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍കെ ജര്‍മന്‍ ബോക്‌സിന് പുറത്ത് ഫ്രീകിക്ക് ലഭിച്ചപ്പോള്‍ ആരാധകര്‍ മെസ്സിയുടെ ബൂട്ടുകളില്‍ നിന്ന് ഒരു ഗോള്‍ പ്രതീക്ഷച്ചു. എന്നാല്‍ ഫ്രീകിക്ക് ഗോളാക്കിമാറ്റാന്‍ മെസ്സിക്ക് സാധിച്ചില്ല. ഇതോടെ ജര്‍മ്മനി കിരീടത്തില്‍ മുത്തമിടുകയായിരുന്നു.