ഇവിടം സ്‌പെഷ്യലാണ്, കേരള ബ്ലാസേഴ്‌സിന്റെ എതിര്‍ടീമായി ഒരിക്കലും നില്‍ക്കില്ല, ഇന്ത്യയില്‍ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്ന് ഇവാന്‍

Webdunia
വെള്ളി, 3 നവം‌ബര്‍ 2023 (19:57 IST)
കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തി മൂന്നാമത്തെ സീസണ്‍ പിന്നിടുമ്പോഴും ഒരു ഐഎസ്എല്‍ കിരീടം പോലും സ്വന്തമാക്കാനായിട്ടില്ലെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട ആശാനാണ് ഇവാന്‍ വുകാമനോവിച്ച്. ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാന്‍ സാധിച്ച് ഇവാന് കഴിഞ്ഞ സീസണില്‍ ടീമിനെ പ്ലേ ഓഫിലെത്തിക്കാനായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ ഒത്തിണക്കവും അപകടകാരികളായതും ഇവാന്റെ ശിക്ഷണത്തിലാണ്.
 
അതിനാല്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ജീവനാണ് ഇവാന്‍. ഇവാന് തിരിച്ച് ആരാധകരോടുള്ളതും ഇതേ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഇതിനെ പറ്റി ഇവാന്‍ വിശദമാക്കുകയുണ്ടായി. ഇന്ത്യയില്‍ മറ്റൊരു ടീമിനെയും താന്‍ പരിശീലിപ്പിക്കില്ലെന്നാണ് ഇവാന്‍ വ്യക്തമാക്കിയത്. ഒരുപക്ഷേ മറ്റ് ടീമുകള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് നല്‍കുന്നതിലും അധികം പ്രതിഫലം നല്‍കാന്‍ സാധിച്ചേക്കും. എന്നാല്‍ മറ്റൊരു ടീമിനും നല്‍കാന്‍ കഴിയാത്ത കാര്യങ്ങളാണ് കേരള ബ്ലാസ്‌റ്റേഴ്‌സും കേരളവും എനിക്ക് നല്‍കുന്നത്. ഇവിടം എനിക്ക് സ്‌പെഷ്യലാണ്. വിലക്ക് കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ആരാധകര്‍ നല്‍കിയ സ്‌നേഹം എന്റെ കണ്ണുകള്‍ നിറച്ചു.
 
ആരാധകരോട് എനിക്കെന്നും കടപ്പാടുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരും ഈ ടീമും നല്‍കുന്ന വൈകാരികമായ സ്‌നേഹം മറ്റൊരു ക്ലബിനും നല്‍കാനാകുമെന്ന് എനിക്ക് തോന്നുന്നില്ല. കേരള ബ്ലാസ്‌റ്റേഴ്‌സ് വിടുകയെന്നാല്‍ ഇന്ത്യ വിടുകയാണ് എന്നാണ് അതിനര്‍ഥം. ഇവിടെ നിന്ന് പോകുകയാണെങ്കില്‍ ഇന്ത്യയില്‍ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരാണ് എന്റെ ഹൃദയം. ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ആശാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article