കരിയറിൽ അൻപതു ഹാട്രിക്കുകൾ എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി റൊണാള്‍ഡോ. ജിറോണക്കെതിരെ സ്പാനിഷ് ലീഗിൽ നാലു ഗോളുകൾ നേടിയതോടെയാണ് താരം ചരിത്ര നേട്ടത്തിനർഹനായത്. അൻപത് ഹാട്രിക്കുകളിൽ 34 എണ്ണവും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചത് സ്പാനിഷ് ലീഗിൽ നിന്നുതന്നെ എന്ന പ്രത്യേകതയുമുണ്ട് നേട്ടത്തിനു പിന്നിൽ.
റയല്‍ മാഡ്രിഡിനൊപ്പമാണ് അൻപത് ഹാട്രിക്കുകളിൽ ഏറിയപങ്കും താരം നേടിയത്. അഞ്ചെണ്ണം പോർച്ചുഗല്ലിനൊപ്പവും ഒരുതവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും നേടിയത് മാറ്റിനിർത്തിയാൽ നാല്പത്തിനാല് ഹാട്രിക്കുകളും മാഡ്രിഡിന്റെ കുതിപ്പുകൾകൊപ്പമാണ് റൊണാൾഡോ സ്വന്തമാക്കിയത്.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് ജിറോണയെ റയൽ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഒരു ഗോൾ മാത്രമാണ് റൊണാൾഡോ നേടിയത്. രണ്ടാം പകുതിയിലായിരുന്നു താരത്തിന്റെ ചരിത്രപരമായ നേട്ടം. ലൂക്കാസ് വാസ്‌ക്വസ്, ബെയ്ല്‍ എന്നീ താരങ്ങളാണ് റൊണാൾഡോക്ക് പുറമേ റയലിനു വേണ്ടി ഗോൾവല ചലിപ്പിച്ചത്.
ലീഗിലെ ടോപ്പ്സ്കോറർ പട്ടികയിൽ നിലവിൽ ഇരുപത്തിരണ്ട് ഗോളുകളുമായി രണ്ടാം സ്ഥാനത്താണ് റൊണാൾഡോ. 25 ഗോളുകളുമായി മെസ്സിയാണ് പട്ടികയിൽ ഒന്നാമത്.