ലോകകപ്പിൽ ബെൽജിയവും ക്രൊയേഷ്യയുമടങ്ങിയ ഗ്രൂപ്പിൽ നിന്ന് മൊറോക്കൊ മുന്നേറുമെന്നും സെമി ഫൈനൽ വരെ എത്തുമെന്നും ഫുട്ബോൾ പ്രേമികൾ ആരും തന്നെ കരുതിയിരുന്നതല്ല. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തോൽപ്പിച്ചെത്തിയ സംഘം ഫ്രാൻസിന് വലിയ പോരാട്ടം നൽകുമെന്ന് മത്സരത്തിന് മുൻപ് തന്നെ വ്യക്തമായിരുന്നു.
തുടക്കത്തിൽ തന്നെ നേടാനായ ഒരു ഗോളിൻ്റെ മുൻതൂക്കത്തിൽ ഫ്രാൻസ് ബാക്കി കളി പിടിച്ചപ്പോൾ നിരന്തരം ഫ്രാൻസ് ഗോൾമുഖത്ത് അപകടം വിതയ്ക്കാൻ മൊറോക്കൻ നിരയ്ക്കായി. എന്നാൽ പഴുതുകളടച്ചുകൊണ്ടുള്ള പ്രതിരോധത്തിനിടയിലൂടെ ഒരിക്കൽ പോലും വല നിറയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചില്ല. മത്സരത്തിൽ പലവട്ടം ബോക്സിനുള്ളിൽ കൂട്ടപൊരിച്ചിലുകൾ ഉണ്ടായെങ്കിലും ഈ ആക്രമണങ്ങളുടെ മുന ഒടിക്കാൻ ഫ്രഞ്ച് പ്രതിരോധ നിരയ്ക്കായി.
മത്സരത്തിൻ്റെ 45ആം മിനുട്ടിൽ ഈ ലോകകപ്പിലെ തന്നെ മികച്ച ഗോളാകാമായിരുന്ന മൊറോക്കോന്‍ താരം ജവാദ് എല്‍ യമീഖ് അതിശയിപ്പിക്കുന്ന ബൈസിക്കിള്‍ കിക്ക് തലനാരിഴയ്ക്കാണ് ഫ്രഞ്ച് ഗോളി ലോറിസ് തട്ടിയകറ്റിയത്. ഏത് സമയവും ഫ്രഞ്ച് ഗോൾപോസ്റ്റിൽ ഗോൾ വീഴാം എന്ന നിലയിൽ നിന്ന മത്സരത്തിൻ്റെ രണ്ടാം പകുതിയിൽ ദിദിയർ ദെഷാം നടത്തിയ സബ്സ്റ്റിറ്റ്യൂഷൻ കഴിഞ്ഞ് സെക്കൻഡുകൾക്കുള്ളിലാണ് ഫ്രാൻസ് ഗോൾ വ്യത്യാസം ഉയർത്തിയത്. ഇതോടെ മത്സരത്തിൽ തിരിച്ചെത്തുക എന്നത് മൊറോക്കോയ്ക്ക് അപ്രാപ്യമായി. 2-0നാണ് മൊറോക്കൊയുടെ മേൽ ഫ്രാൻസിൻ്റെ വിജയം.